---
title: "ലൈഫ് മിഷന്‍ ഭവനപദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ 'സൂപ്പര്‍ വെരിഫിക്കേഷന്‍'"
english_title: "Life mission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33968/life-mission"
published_at: "2022-03-26T07:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623e79762838b_images (6).jpeg"
keywords: []
---

# ലൈഫ് മിഷന്‍ ഭവനപദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ 'സൂപ്പര്‍ വെരിഫിക്കേഷന്‍'

> **Lead Summary:** കൊച്ചി: ലൈഫ് മിഷന്‍ ഭവനപദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ കെട്ടിക്കിടക്കുന്ന അപേക്ഷകളുടെ എണ്ണം ഭീമമായി ഏറിയതോടെ 'സൂപ്പര്‍ വെരിഫിക്കേഷന്‍' നടത്തി അര്‍ഹരുടെ എണ്ണം കണ്ടെത്താന്‍ സര്‍ക്കാര്‍

## Article Content

കൊച്ചി: ലൈഫ് മിഷന്‍ ഭവനപദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ കെട്ടിക്കിടക്കുന്ന അപേക്ഷകളുടെ എണ്ണം ഭീമമായി ഏറിയതോടെ 'സൂപ്പര്‍ വെരിഫിക്കേഷന്‍' നടത്തി അര്‍ഹരുടെ എണ്ണം കണ്ടെത്താന്‍ സര്‍ക്കാര്‍

ഫീല്‍ഡ്തല പരിശോധന നടത്തി അര്‍ഹരായി കണ്ടെത്തിയ എല്ലാ അപേക്ഷകളും പുനഃപരിശോധിക്കാനാണ് തീരുമാനം. ഇതിനായി ജില്ല കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ഓരോ പഞ്ചായത്തിലേക്കും പത്തംഗ സംഘത്തെ നിയോഗിക്കും.

2017ലെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാതെപോയ അര്‍ഹരായ ഗുണഭോക്താക്കളുടെ കരട് ലിസ്റ്റ് ഈ മാസം 15നകം പ്രസിദ്ധീകരിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, അത് നടന്നില്ല. ഓണ്‍ലൈനായി 9,20,260 അപേക്ഷകളാണ് ലഭിച്ചത്. അപേക്ഷകരുടെ എണ്ണം ഭീമമായതോടെയാണ് പുനഃപരിശോധനക്ക് സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായത്.

2020 ആഗസ്റ്റ് 27ന് ഇറക്കിയ അര്‍ഹതാ മാനദണ്ഡങ്ങളുടെയും മറ്റും അടിസ്ഥാനത്തില്‍ ഓരോ തദ്ദേശ സ്ഥാപനത്തിലും വാര്‍ഡ് തിരിച്ച്‌ പുനഃപരിശോധന നടത്താന്‍ കലക്ടര്‍മാര്‍ ജീവനക്കാരെ ചുമതലപ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം ഉത്തരവിറക്കി. ഈ അപേക്ഷകളുടെ പ്രാഥമിക ഫീല്‍ഡ്തല പരിശോധന നടത്തിയ ജീവനക്കാരെ പുതിയ പരിശോധക സംഘത്തില്‍ ഉള്‍പ്പെടുത്തരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അതല്ലാതെ ഏത് വകുപ്പിലെയും ജൂനിയര്‍ സൂപ്രണ്ട് വരെയുള്ള ജീവനക്കാരെ പുനഃപരിശോധനക്കായി കലക്ടര്‍ക്ക് നിയോഗിക്കാം.

ഏപ്രില്‍ 18നകം പുനഃപരിശോധന പൂര്‍ത്തിയാക്കി സോഫ്റ്റ്വെയറില്‍ അപ്ലോഡ് ചെയ്യണമെന്നും 19ന് എല്ലാ അര്‍ഹരുടെയും അനര്‍ഹരുടെയും കരട് ഗുണഭോക്തൃ പട്ടിക വാര്‍ഡ് തിരിച്ച്‌ പ്രസിദ്ധീകരിക്കണമെന്നും ഉത്തരവിലുണ്ട്. പിന്നീട് ഒന്നും രണ്ടും ഘട്ടങ്ങളിലായി അപ്പീല്‍ തീര്‍പ്പാക്കി അന്തിമപട്ടിക മേയ് 31ന് പ്രസിദ്ധീകരിക്കും.

അതിനിടെ മൂന്നാംഘട്ട ലൈഫ് മിഷന്‍ പദ്ധതിക്കായി കേരള അര്‍ബന്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്‍റ് ഫിനാന്‍സ് കോര്‍പറേഷന്‍ മുഖേന 1500 കോടി ഹഡ്കോ വായ്പ എടുക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ നടപടി പൂര്‍ത്തീകരിച്ചിട്ടുണ്ട്.

പഞ്ചായത്തുമായും കോര്‍പറേഷനുമായും വായ്പ കരാറില്‍ ഏര്‍പ്പെട്ട് വീടുപണി ആരംഭിച്ചവര്‍ക്കും പുരോഗമിക്കുന്നവര്‍ക്കും പൂര്‍ത്തീകരിച്ചവര്‍ക്കും തുക ലഭ്യമാക്കാന്‍ ഫണ്ട് അഭ്യര്‍ഥന ലൈഫ് മിഷന് സമര്‍പ്പിക്കണമെന്ന് ഇതുസംബന്ധിച്ച സര്‍ക്കുലറില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33968/life-mission)