---
title: "റേഷന്‍ ഭക്ഷ്യധാന്യ ശേഖരണ -വിതരണ ലോറികളില്‍ ജി.പി.എസ് ഘടിപ്പിക്കലിന് തുടക്കം"
english_title: "Gps in ration vehicle"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33977/gps-in-ration-vehicle"
published_at: "2022-03-26T08:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623e8210bb82a_images (10).jpeg"
keywords: []
---

# റേഷന്‍ ഭക്ഷ്യധാന്യ ശേഖരണ -വിതരണ ലോറികളില്‍ ജി.പി.എസ് ഘടിപ്പിക്കലിന് തുടക്കം

> **Lead Summary:** തൃശൂര്‍: റേഷന്‍ ഭക്ഷ്യധാന്യ ശേഖരണ -വിതരണ ലോറികളില്‍ ജി.പി.എസ് ഘടിപ്പിക്കലിന് തുടക്കം. ഇതുവരെ 86 വാഹനങ്ങളിലാണ് ജി.പി.എസ് സംവിധാനം ഏര്‍പ്പെടുത്തിയത്.

## Article Content

തൃശൂര്‍: റേഷന്‍ ഭക്ഷ്യധാന്യ ശേഖരണ -വിതരണ ലോറികളില്‍ ജി.പി.എസ് ഘടിപ്പിക്കലിന് തുടക്കം. ഇതുവരെ 86 വാഹനങ്ങളിലാണ് ജി.പി.എസ് സംവിധാനം ഏര്‍പ്പെടുത്തിയത്.

കേരളത്തില്‍ 2017ല്‍ ഭക്ഷ്യ ഭദ്രത നിയമം (എന്‍.എഫ്.എസ്.എ) കൊണ്ടുവന്ന് അഞ്ചു വര്‍ഷത്തിനു ശേഷമാണ് നിയമത്തിലെ സുപ്രധാന തീരുമാനം നടപ്പാക്കുന്നത്.

എഫ്.സി.ഐകളില്‍നിന്നും സ്വകാര്യ മില്ലുകളില്‍നിന്നും റേഷന്‍ വസ്തുക്കള്‍ എന്‍.എഫ്.എസ്.എ ഗോഡൗണുകളില്‍ എത്തിക്കുന്ന വാഹനങ്ങളാണ് ആദ്യഘട്ടത്തില്‍ ജി.പി.എസ് നിരീക്ഷണത്തിലാക്കുക. പിന്നാലെ ഗോഡൗണുകളില്‍നിന്ന് റേഷന്‍കടകളിലേക്ക് വാതില്‍പടി വിതരണ കരാറുകളില്‍ ഏര്‍പ്പെട്ട വാഹനങ്ങളിലും ഇവ ഒരുക്കും. ഇതോടെ റേഷന്‍ ഭക്ഷ്യധാന്യ ശേഖരണവും വിതരണവും പൂര്‍ണമായി നിരീക്ഷിക്കപ്പെടും. മേയ് 31നകം നടപടി പൂര്‍ത്തിയാക്കി റേഷന്‍ ശേഖരണ -വിതരണത്തിനായുള്ള വാഹനങ്ങളുടെ വരവും പോക്കും സുതാര്യമാക്കുമെന്ന് സപ്ലൈകോ സി.എം.ഡി എ.ഡി.ജി.പി ഡോ. സഞ്ജീവ് കുമാര്‍ പട്‌ജോഷി 'മാധ്യമ'ത്തോട് പറഞ്ഞു. ജൂണ്‍ ഒന്നു മുതല്‍ കൃത്യമായ നിരീക്ഷണത്തിലാവും കരാര്‍ വാഹനങ്ങള്‍ ശേഖരണവും വിതരണവും നടത്തുക.

കേരളത്തില്‍ 75 താലൂക്കുകള്‍ക്ക് ശരാശരി 10 വാഹനങ്ങളാണ് കരാര്‍ അടിസ്ഥാനത്തില്‍ സേവനം ചെയ്യുന്നത്. ഇതില്‍ 52 താലൂക്കുകളുടെ കരാര്‍ അവസാനിച്ചതോടെ പുതിയ കരാര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. കരാറില്‍ പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും ജി.പി.എസ് ഘടിപ്പിച്ച വാഹനമാണ് ഹാജറാക്കേണ്ടത്. നിലവില്‍ കരാര്‍ അവസാനിക്കാത്ത 23 താലൂക്കുകളിലെ വാഹനങ്ങളിലാണ് ജി.പി.എസ് ഘടിപ്പിക്കല്‍ പുരോഗമിക്കുന്നത്. നോഡല്‍ ഏജന്‍സിയായ സപ്ലൈകോയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. എ.എസ് 140 ഉപകരണമാണ് ഇതിനായി ഉപയോഗിക്കുന്നത്. കരാര്‍ വാഹനങ്ങള്‍ കടന്നുപോകുന്ന മുഖ്യ റോഡുകളും ഉപ റോഡുകളും അടക്കം അധികൃതര്‍ക്ക് നിരീക്ഷിക്കാനാവും. ഗൂഗ്ള്‍ മാപ്പ് ഉപയോഗിച്ച്‌ തയാറാക്കിയ റൂട്ട് മാപ്പ് അതത് താലൂക്കിലെ റേഷനിങ് ഇന്‍സ്പെക്ടര്‍മാര്‍ പരിശോധന നടത്തുകയാണ്. ഇതു കൂടാതെ അമിത ലോഡ്, വാഹനങ്ങളുടെ വഴിമാറല്‍, സാധനം മാറ്റല്‍ തുങ്ങിയ കാര്യങ്ങള്‍ അധികാരികള്‍ക്ക് നിരീക്ഷിക്കാനാവും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33977/gps-in-ration-vehicle)