---
title: "എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തത് ബോധപൂര്‍വം, ശ്രമം ശബരിമല സ്വര്‍ണക്കൊള്ള കേസ് തേച്ചുമായ്ച്ച് കളയാന്‍: രമേശ് ചെന്നിത്തല"
english_title: "Sabarimalacase"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/340517/sabarimalacase"
published_at: "2026-02-06T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6985b367de7b1_1000177888.jpg"
keywords: []
---

# എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തത് ബോധപൂര്‍വം, ശ്രമം ശബരിമല സ്വര്‍ണക്കൊള്ള കേസ് തേച്ചുമായ്ച്ച് കളയാന്‍: രമേശ് ചെന്നിത്തല

> **Lead Summary:** **തിരുവനന്തപുരം : **ശബരിമല സ്വര്‍ണക്കൊളള കേസില്‍ സിപിഐഎമ്മിനുനേരെ രൂക്ഷവിമര്‍ശനവുമായി രമേശ് ചെന്നിത്തല. കേസ് അന്വേഷണം പൂര്‍ണമായി അട്ടിമറിക്കപ്പെട്ടുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേസ് തേച്ചുമായ്ച്ച് കളയാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് നടക്കുന്നത്. നാല് മാസമായി എസ്‌ഐടി രൂപീകരിച്ചിട്ട്. ആസൂത്രിതമായി കുറ്റപത്രം വൈകിപ്പിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

## Article Content

**തിരുവനന്തപുരം : **ശബരിമല സ്വര്‍ണക്കൊളള കേസില്‍ സിപിഐഎമ്മിനുനേരെ രൂക്ഷവിമര്‍ശനവുമായി രമേശ് ചെന്നിത്തല. കേസ് അന്വേഷണം പൂര്‍ണമായി അട്ടിമറിക്കപ്പെട്ടുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേസ് തേച്ചുമായ്ച്ച് കളയാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് നടക്കുന്നത്. നാല് മാസമായി എസ്‌ഐടി രൂപീകരിച്ചിട്ട്. ആസൂത്രിതമായി കുറ്റപത്രം വൈകിപ്പിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇത്രയും നാളായിട്ട് ഇതുവരെ തൊണ്ടിമുതല്‍ കണ്ടെത്താന്‍ സാധിക്കാത്തത് എന്തെന്നും പ്രോസിക്യൂഷന്‍ അനുമതി മുഖ്യമന്ത്രി വൈകിപ്പിക്കുന്നതെന്തെന്നും രമേശ് ചെന്നിത്തല ചോദിച്ചു. തൊണ്ടിമുതല്‍ കണ്ടെത്താത്തതിന് കാരണമായി കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ട് കിട്ടിയില്ലെന്നാണ് എസ്‌ഐടി പറയുന്നത്. ഇത്തരം കേസുകളില്‍ അടിയന്തരമായി കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ട് നല്‍കേണ്ടതായിരുന്നു. ബോധപൂര്‍വമായി കേസില്‍ സിപിഐഎം നേതാക്കളെ രക്ഷിക്കാനുള്ള ശ്രമം നടന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കോടതിവിധി ചൂണ്ടിക്കാട്ടിയാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതിനെ സിപിഐഎം ന്യായീകരിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇത്രയും നാള്‍ കോടതിയെ നിശിതമായി വിമര്‍ശിച്ച ആളുകളാണ് ഇപ്പോള്‍ കോടതി വിധിയുടെ പേരില്‍ എസ്‌ഐടിയെ ന്യായീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറ്റപത്രം വൈകുന്നത് മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പെടെയുള്ളവര്‍ ജയില്‍ മോചിതരാകാന്‍ ഇടയാക്കിയെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന വിമര്‍ശനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/340517/sabarimalacase)