---
title: "ഒറ്റുകാരുടേതല്ല പോരാളികളുടേതാണ് ചരിത്രം'; സിപിഎം നേതൃത്വത്തിനെതിരെ ബാനറുമായി 'പയ്യന്നൂർ സഖാക്കൾ"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/341201/kannur"
published_at: "2026-02-10T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698ae068ecdf4_IMG-20260210-WA0033.jpg"
keywords: []
---

# ഒറ്റുകാരുടേതല്ല പോരാളികളുടേതാണ് ചരിത്രം'; സിപിഎം നേതൃത്വത്തിനെതിരെ ബാനറുമായി 'പയ്യന്നൂർ സഖാക്കൾ

> **Lead Summary:** കണ്ണൂർ: പയ്യന്നൂരിൽ സിപിഎം നേതൃത്വത്തിനെതിരെ വീണ്ടും ബാനർ. 'ഒറ്റുകാരുടേതല്ല പോരാളികളുടേതാണ് ചരിത്രം - പയ്യന്നൂർ സഖാക്കൾ' എന്നാണ് പുതിയ ബാനറിൽ എഴുതിയിരിക്കുന്നത്. തായിനേരി കുറിഞ്ഞി റോഡിൽ സുര്യൻ മുക്കിലാണ് റോഡിന് കുറുകെ വലിയ ബാനർ വലിച്ചു കെട്ടിയത്.

## Article Content

കണ്ണൂർ: പയ്യന്നൂരിൽ സിപിഎം നേതൃത്വത്തിനെതിരെ വീണ്ടും ബാനർ. 'ഒറ്റുകാരുടേതല്ല പോരാളികളുടേതാണ് ചരിത്രം - പയ്യന്നൂർ സഖാക്കൾ' എന്നാണ് പുതിയ ബാനറിൽ എഴുതിയിരിക്കുന്നത്. തായിനേരി കുറിഞ്ഞി റോഡിൽ സുര്യൻ മുക്കിലാണ് റോഡിന് കുറുകെ വലിയ ബാനർ വലിച്ചു കെട്ടിയത്.

ഇന്നലെയും നേതൃത്വത്തിനെതിര പോസ്‌റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. 'കള്ളൻമാർക്കും അടിമകൾക്കും പ്രവേശനമില്ല' എന്നായിരുന്നു പോസ്റ്റർ. കാരയിലെ സഖാക്കൾ എന്ന പേരിലായിരുന്നു പോസ്‌റ്റർ പതിപ്പിച്ചത്. ഇത് പിന്നീട് അഴിച്ചു നീക്കി.

പയ്യന്നൂർ എംഎൽഎ ടി. ഐ. മധുസൂദനൻ ഫെബ്രുവരി 13 മുതൽ 16 വരെ മണ്ഡലത്തിൽ വികസന മുന്നേറ്റ ജാഥ നടത്താൻ തീരുമാനിച്ചിരുന്നു. ജാഥ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പയ്യന്നൂരിൽ പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. വിഭാഗീയ പ്രശ്ന‌ം നിലനിൽക്കുന്ന പയ്യന്നൂർ കാരയിൽ പാർട്ടി അനുനയ നീക്കം നടത്തിയെങ്കിലും വി.

കുഞ്ഞികൃഷ്ണ‌ൻ്റെ പുസ്‌തക പ്രകാശനത്തോടെ കൂടുതൽ വഷളാകുകയായിരുന്നു. കാരയിലെ പാർട്ടി അനുഭാവികൾ വി. കുഞ്ഞികൃഷ്ണനു പിന്തുണ നൽകുന്നുണ്ട്. കാരയിലെ സഖാക്കൾ എന്ന ഫെയ്‌സ്ബുക് പേജിലൂടെയും പാർട്ടി നേതൃത്വത്തിനെതിരെ പ്രചാരണം നടത്തുന്നുണ്ട്.

കുഞ്ഞികൃഷ്ണൻ ആരോപണം ഉന്നയിച്ച ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കൃത്യമായ മറുപടി നൽകാൻ സിപിഎം നേതൃത്വത്തിന് സാധിക്കാത്തതും വിഭാഗീയ പ്രശ്‌നങ്ങൾക്ക് ആക്കം കൂട്ടുകയാണ്. പയ്യന്നൂരിൽ ടി.ഐ. മധുസൂദനൻ തന്നെ മത്സരിക്കുമെന്ന് ഏറക്കുറെ ഉറപ്പായിരുന്നു. അതിനിടെയാണ് മധുസുദനനെതിരെ ഫണ്ട് വിവാദം ഉയർന്നുവന്നത്. കുഞ്ഞികൃഷ്‌ണൻ്റെ പുസ്‌തക പ്രകാശനത്തിലും കാരയിൽ നിന്നുള്ള നിരവധിപേർ പങ്കെടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/341201/kannur)