---
title: "ശബരിമല യുവതീ പ്രവേശനം; വജ്രായുധമാക്കി പ്രതിപക്ഷം; സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് നേതാക്കള്‍"
english_title: "Sabarimala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/342112/sabarimala"
published_at: "2026-02-15T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699186e0cd362_1000180963.jpg"
keywords: []
---

# ശബരിമല യുവതീ പ്രവേശനം; വജ്രായുധമാക്കി പ്രതിപക്ഷം; സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് നേതാക്കള്‍

> **Lead Summary:** **തിരുവനന്തപുരം :** ശബരിമല സ്വര്‍ണക്കൊള്ള വിവാദങ്ങള്‍ കത്തി നില്‍ക്കെ യുവതീ പ്രവേശനത്തിലെ പുനഃപരിശോധന ഹര്‍ജികള്‍ കൂടി സുപ്രീം കോടതി പരിഗണക്കുന്നത് പ്രതിപക്ഷത്തിന് വജ്രായുധം. സിപിഐഎമ്മിനേയും സംസ്ഥാന സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുകയാണ് യുഡിഎഫ്.

## Article Content

**തിരുവനന്തപുരം :** ശബരിമല സ്വര്‍ണക്കൊള്ള വിവാദങ്ങള്‍ കത്തി നില്‍ക്കെ യുവതീ പ്രവേശനത്തിലെ പുനഃപരിശോധന ഹര്‍ജികള്‍ കൂടി സുപ്രീം കോടതി പരിഗണക്കുന്നത് പ്രതിപക്ഷത്തിന് വജ്രായുധം. സിപിഐഎമ്മിനേയും സംസ്ഥാന സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുകയാണ് യുഡിഎഫ്.

ശബരിമല യുവതീ പ്രവേശനത്തിന് വേണ്ടി ശക്തമായ നിലപാടാണ് ഒന്നാം പിണറായി സര്‍ക്കാര്‍ സ്വീകരിച്ചിരുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ശക്തിയായ പ്രതിഷേധം ഉണ്ടായതിന് ശേഷം പതുക്കെ അതില്‍ നിന്ന് പിന്‍വലിഞ്ഞു. പിന്നീട് വീടുകളില്‍ കയറി മാപ്പ് പറയുന്ന സ്ഥിതി വരെയുണ്ടായി. ഇപ്പോള്‍ ആഗോള അയ്യപ്പ സംഗമം നടത്തി എല്ലാത്തില്‍ നിന്നും പിന്മാറുകയാണെന്ന രീതിയില്‍ പ്രഖ്യാപിച്ചു. പക്ഷേ, സുപ്രീംകോടതിയില്‍ ഈ കേസ് വരുമ്പോള്‍ സര്‍ക്കാര്‍ ഒരു സത്യവാങ്മൂലം നേരത്തെ കൊടുത്തിട്ടുണ്ട് .അത് മാറ്റി ഒരു സത്യവാങ്മൂലം കൊടുക്കാന്‍ ഗവണ്‍മെന്റ് തയ്യാറുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇതില്‍ ഒളിച്ചുകളി പറ്റില്ല. ഈ അഴകൊഴമ്പന്‍ സമീപനം പറ്റില്ല. എന്താണ് നിലപാടെന്ന് കൃത്യമായിട്ട് പറയണം. സ്ത്രീ പ്രവേശനത്തിന് ഇപ്പോഴും സര്‍ക്കാര്‍ അനുകൂലിക്കുന്നുണ്ടോ? അനുകൂലിക്കുന്നുണ്ടെങ്കില്‍ ഈ സത്യവാങ്മൂലത്തില്‍ ഉറച്ചു നില്‍ക്കുക.അനുകൂലിക്കുന്നില്ലെങ്കില്‍ സത്യവാങ്മൂലം പിന്‍വലിക്കുക. യഥാര്‍ഥത്തില്‍ എന്താണ് നിലപാടെന്ന് ഇപ്പോഴാണ് വ്യക്തമാകാന്‍ പോകുന്നത് – അദ്ദേഹം പറഞ്ഞു.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സത്യവാങ്മൂലം ഇതുവരെ സര്‍ക്കാര്‍ തിരുത്തിയിട്ടില്ലെന്നും തിരുത്തണമെന്നുള്ളത് കേരളത്തിന്റെ ആവശ്യമാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. തിരുത്തിയിരിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. നോക്കാം – കെ സി വേണുഗോപാല്‍ പറഞ്ഞു.യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിലപാട് അറിയണമെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. മുന്‍ നിലപാട് തിരുത്തുമോ എന്ന് അറിയാന്‍ താത്പര്യമുണ്ട്. യുഡിഎഫ് സര്‍ക്കാരിന് യുവതികള്‍ പ്രവേശിക്കരുത് എന്ന നിലപാടാണ് ഉള്ളത്. അത് തിരുത്തിയാണ് പിണറായി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. നിലപാട് മാറ്റം ഉണ്ടെങ്കില്‍ പറയാന്‍ ധൈര്യം കാണിക്കണം – രമേശ് ചെന്നിത്തല വ്യക്തമാക്കി.അതേസമയം, ശബരിമല യുവതീ പ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ശബരിമല യുവതീ പ്രവേശനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു. പഴയ വാശിയിലും ഉശിരിലും എന്‍എസ്എസ് കേസ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 2019ല്‍ സര്‍ക്കാര്‍ ശരിയായി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നെങ്കില്‍ വലിയ പ്രശ്നങ്ങളിലേക്ക് പോകില്ലായിരുന്നുവെന്നും സുകുമാരന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/342112/sabarimala)