---
title: "തെളിനീരൊഴുകും നവകേരളം പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചു"
english_title: "Thelineerozhukum navakeralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34307/thelineerozhukum-navakeralam"
published_at: "2022-03-28T08:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6241276d3941e_images (26).jpeg"
keywords: []
---

# തെളിനീരൊഴുകും നവകേരളം പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചു

> **Lead Summary:** തെളിനീരൊഴുകും നവകേരളം പദ്ധതി പ്രവര്‍ത്തനം തുടങ്ങി. ജില്ലയില്‍ പദ്ധതിയുടെ ആദ്യഘട്ട പ്രവൃത്തി ചെറുതാഴം രാമപുരം പുഴയില്‍ നടത്തുന്നതിന് ഗുണഭോക്താക്കളെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് ജനകീയ കണ്‍വെന്‍ഷന്‍ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.

## Article Content

തെളിനീരൊഴുകും നവകേരളം പദ്ധതി പ്രവര്‍ത്തനം തുടങ്ങി. ജില്ലയില്‍ പദ്ധതിയുടെ ആദ്യഘട്ട പ്രവൃത്തി ചെറുതാഴം രാമപുരം പുഴയില്‍ നടത്തുന്നതിന് ഗുണഭോക്താക്കളെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് ജനകീയ കണ്‍വെന്‍ഷന്‍ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.

പുഴകളില്‍ മണ്ണും ചെളിയും നിറയുകയും മാലിന്യ നിക്ഷേപത്താല്‍ നീരൊഴുക്ക് നിലച്ചു പോവുകയും ചെയ്തതിനാല്‍ മഴക്കാലത്ത് വെള്ളപൊക്കം, കൃഷിക്ക് ആവശ്യമായ ജലക്ഷാമം, കുടിവെള്ള പ്രയാസം, ഉപ്പുവെള്ളം കയറല്‍ തുടങ്ങി നിരവധി പ്രയാസങ്ങള്‍ അനുഭവിച്ചു വരികയാണ്. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 44 നദികളും അരിക് സംരക്ഷിച്ച് ചെളി നീക്കം ചെയ്യുന്നതിന് ഇറിഗേഷന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മഴക്കാലത്തിന് മുമ്പ് ജില്ലയില്‍ ജനകീയ പങ്കാളിത്തത്തോടെയും യന്ത്ര സാമഗ്രികള്‍ ഉപയോഗിച്ചും ഏഴ് പുഴകള്‍ ശുചീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇറിഗേഷന്‍ വകുപ്പ് മുഖേന പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്ന് ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെ അനുവദിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് രാമപുരം പുഴ സംരക്ഷണത്തിനായി ഡി പി ആര്‍ തയ്യാറാക്കുന്നതിനായി ബഡ്ജറ്റില്‍ 10 ലക്ഷം നീക്കിവെച്ചിട്ടുണ്ട്.

ചെറുതാഴം, ഏഴോം, മാടായി പഞ്ചായത്തുകളുടെ സംഗമ കേന്ദ്രമായ രാമപുരം പുഴ ശുചീകരിക്കാനും ആഴം കൂട്ടി അരിക് സംരക്ഷണത്തിന് ഇറിഗേഷന്‍ വകുപ്പ് 25 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. പുഴയിലേക്ക് പ്രവേശിക്കുന്ന കൈതോടുകള്‍ വൃത്തിയാക്കുന്നതിനും കുണ്ടം പാലം നിര്‍മ്മിക്കുകയും ചെയ്താല്‍ ഉപ്പുവെള്ളം കയറുന്നത് തടയാനും കൃഷി അഭിവൃദ്ധിപ്പെടുത്താനും കഴിയും.

 

ചെറുതാഴം പഞ്ചായത്ത് പ്രസിഡണ്ട് എം ശ്രീധരന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിര്‍, ഏഴോം പഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദന്‍, ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു. പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ എം ശ്രീധരന്‍ ചെയര്‍മാനും വി രമേശന്‍ കണ്‍വീനറുമായ കമ്മിറ്റി രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34307/thelineerozhukum-navakeralam)