---
title: "പി.പി ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണം തടഞ്ഞ സർക്കാർ നടപടി: ഹൈക്കോടതിയെ സമീപിക്കുമെന്ന് പി.മുഹമ്മദ്‌ ഷമ്മാസ്"
english_title: "PP divya: P. Muhammad Shamas says he will approach the High Court"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/343389/pp-divya-p-muhammad-shamas-says-he-will-approach-the-high-court"
published_at: "2026-02-21T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6999901e346d4_pp_shammas.jpg"
keywords: []
---

# പി.പി ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണം തടഞ്ഞ സർക്കാർ നടപടി: ഹൈക്കോടതിയെ സമീപിക്കുമെന്ന് പി.മുഹമ്മദ്‌ ഷമ്മാസ്

> **Lead Summary:** ​പി.പി.ദിവ്യയുടെ ബെനാമി ഇടപാടുകളിലും അഴിമതിയിലും വിജിലൻസ് അന്വേഷണം വേണ്ടെന്ന സർക്കാർ തീരുമാനം സി.പി.എം ഉന്നത നേതാക്കളെ സംരക്ഷിക്കാനാണെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ്.വിജിലൻസ് റിപ്പോർട്ടിൽ അഴിമതി വ്യക്തമായിട്ടും ജില്ലാ പഞ്ചായത്ത് സെക്രട്ടറിയെ മാത്രം ബലിയാടാക്കി ദിവ്യയെ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഈ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

## Article Content

​പി.പി.ദിവ്യയുടെ ബെനാമി ഇടപാടുകളിലും അഴിമതിയിലും വിജിലൻസ് അന്വേഷണം വേണ്ടെന്ന സർക്കാർ തീരുമാനം സി.പി.എം ഉന്നത നേതാക്കളെ സംരക്ഷിക്കാനാണെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ്.വിജിലൻസ് റിപ്പോർട്ടിൽ അഴിമതി വ്യക്തമായിട്ടും ജില്ലാ പഞ്ചായത്ത് സെക്രട്ടറിയെ മാത്രം ബലിയാടാക്കി ദിവ്യയെ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഈ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

​ബെനാമി ഇടപാടുകളെക്കുറിച്ച് പരാതി നൽകി ഒരു വർഷം പിന്നിടുമ്പോഴാണ് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഇപ്പോൾ തീരുമാനമെടുത്തിരിക്കുന്നതെന്നും അന്വേഷണം നടത്തിയാൽ പാർട്ടി സെക്രട്ടറിയുടെ വീട് മുതൽ എ.കെ.ജി സെന്റർ വരെ തെളിവെടുപ്പിന് പോകേണ്ടി വരുമെന്ന് ഭയന്നാണ് ഈ പിൻമാറ്റമെന്നും മുഹമ്മദ്‌ ഷമ്മാസ് പറഞ്ഞു.

ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ബെനാമി കമ്പനിക്ക് കരാർ നൽകിയതിൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് സർക്കാർ ഉത്തരവിൽ തന്നെ വ്യക്തമാണ്.എന്നാൽ അതിന്റെ ഉത്തരവാദിത്തം മുൻ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയിൽ മാത്രം അടിച്ചേൽപ്പിക്കുന്നത് വിചിത്രമാണെന്നും പാലക്കയം തട്ടിലെ ഭൂമി ഇടപാട്,ജില്ലാ ആശുപത്രിക്ക് സമീപം ജില്ലാ പഞ്ചായത്ത് കോടികൾ ചെലവിട്ട് വാങ്ങിയ ഭൂമിയിലെ ക്രമക്കേട് എന്നിവയെക്കുറിച്ച് സർക്കാർ ഉത്തരവിൽ മൗനം പാലിക്കുന്നത് സംശയാസ്പദമാണെന്നും ഷമ്മാസ് പറഞ്ഞു.

തനിക്കെതിരായ കേസുകളിൽ അനുകൂല തീരുമാനം ഉണ്ടാക്കാനുള്ള സമ്മർദ്ദത്തിന്റെ ഭാഗമായി ബി.ജെ.പി നേതാക്കളുമായി ദിവ്യ ചർച്ച നടത്തിയ കാര്യം നിഷേധിക്കാതെ അത് വാർത്തയാക്കി മറ്റൊരു തരത്തിൽ പാർട്ടിയെയും നേതാക്കളെയും ഭീഷണിപ്പെടുത്തി ക്ലീൻ ചിറ്റ് നേടിയെടുക്കുകയാണ് ദിവ്യ ചെയ്തത്. ​ഹൈക്കോടതി വിധി പ്രകാരം സർക്കാർ തീരുമാനം തൃപ്തികരമല്ലെങ്കിൽ ഹർജിക്കാരന് വീണ്ടും കോടതിയെ സമീപിക്കാമെന്ന വ്യവസ്ഥയുണ്ട്. ഇതനുസരിച്ച് ദിവ്യക്കെതിരെ കേസെടുത്ത് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഉടൻ തന്നെ കോടതിയിൽ ഹർജി നൽകുമെന്നും ഷമ്മാസ് കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/343389/pp-divya-p-muhammad-shamas-says-he-will-approach-the-high-court)