---
title: "സ്കൂളിൽ ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ ഗേറ്റിൽ തടഞ്ഞ സംഭവം :  ഇടപെട്ട് ഹൈകോടതി "
english_title: "Highcourt"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/343447/highcourt"
published_at: "2026-02-22T06:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699a59ff61c17_download_(22).jpeg"
keywords: []
---

# സ്കൂളിൽ ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ ഗേറ്റിൽ തടഞ്ഞ സംഭവം :  ഇടപെട്ട് ഹൈകോടതി 

> **Lead Summary:** കൊല്ലം: സ്കൂളിൽ ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ ഗേറ്റിൽ തടഞ്ഞ സംഭവത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. കൊട്ടാരക്കര ഈശ്വരവിലാസം ഹയർസെക്കൻഡറി സ്കൂളിലെ പ്രധാനാധ്യാപിക സിന്ധു എസ് നായർക്ക് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി നിർദേശിച്ചു. സംഭവത്തിൽ സ്കൂൾ മാനേജർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയോട് ചോദിച്ച കോടതി,

## Article Content

കൊല്ലം: സ്കൂളിൽ ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ ഗേറ്റിൽ തടഞ്ഞ സംഭവത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. കൊട്ടാരക്കര ഈശ്വരവിലാസം ഹയർസെക്കൻഡറി സ്കൂളിലെ പ്രധാനാധ്യാപിക സിന്ധു എസ് നായർക്ക് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി നിർദേശിച്ചു. സംഭവത്തിൽ സ്കൂൾ മാനേജർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയോട് ചോദിച്ച കോടതി,

ഹർജി തീർപ്പാകും വരെ പ്രധാനാധ്യാപികയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ സ്കൂൾ മാനേജ‍ർ ഇടപെടരുതെന്നും പറഞ്ഞു. അധ്യാപികയ്ക്ക് ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കി നൽകണമെന്നും ഹർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവ് പുറത്തിറക്കി.

ചുരിദാറിട്ടതിൻ്റെ പേരിൽ സ്കൂളിൽ പ്രവേശിക്കുന്നത് വിലക്കിയതിനെതിരെ പ്രധാനാധ്യാപിക ഹൈക്കോടതിയിൽ നൽകിയ ഹർജി പരി​ഗണിക്കുമ്പോഴാണ് കോടതി നിരീക്ഷണങ്ങൾ നടത്തിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി നാലിനായിരുന്നു കൊട്ടാരക്കര നടുവത്തൂർ ഈശ്വരവിലാസം ഹയർസെക്കൻഡറി സ്‌കൂളിൽ ചുരിദാർ ഇട്ട് വന്നതിൻ്റെ പേരിൽ പ്രധാനാധ്യാപിക സിന്ധുവിനെ ഗേറ്റിന് മുന്നിൽ സെക്യൂരിറ്റി ജീവനക്കാരൻ തടഞ്ഞത്. സ്‌കൂൾ മാനേജർ കെ സുരേഷ് കുമാറിന്റെ നിർദേശ പ്രകാരമായിരുന്നു നടപടി. പൊലീസ് ഇടപെട്ടായിരുന്നു അധ്യാപികയെ പിന്നീട് സ്‌കൂളിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ ആദ്യം സെക്യൂരിറ്റി ജീവനക്കാരനെതിരെയായിരുന്നു പൊലീസ് കേസെടുത്തതെങ്കിലും വ്യാപക വിമർശനം ഉയർന്നതോടെ സുരേഷ് കുമാറിനെയും പ്രതി ചേർക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/343447/highcourt)