---
title: "ചികിത്സാപ്പിഴവ് ആരോപണം തള്ളി ഡോക്ടര്‍; കുട്ടി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ആശുപത്രി"
english_title: "thiruvanathapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/343649/thiruvanathapuram"
published_at: "2026-02-23T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699be4ba62985_download_(43).jpeg"
keywords: []
---

# ചികിത്സാപ്പിഴവ് ആരോപണം തള്ളി ഡോക്ടര്‍; കുട്ടി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ആശുപത്രി

> **Lead Summary:** തിരുവനന്തപുരം: ശ്വാസംമുട്ടലിനെത്തുടർന്ന് രണ്ടര വയസുകാരി മരിച്ച സംഭവത്തില്‍ ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി കാട്ടാക്കടയിലെ മമല്‍ ആശുപത്രിയിലെ ഡോക്ടർ.കുത്തിവയ്പ്പ് എടുത്തതിനെത്തുടർന്നാണ് കുട്ടിയുടെ നില വഷളായതെന്ന ബന്ധുക്കളുടെ ആരോപണമാണ് ഡോക്ടർ അരുണ്‍ വാര്യർ നിഷേധിച്ചത്. കാട്ടാക്കട ചക്കിപ്പാറ സ്വദേശി സിദ്ദിഖിന്റെ മകള്‍ രണ്ടരവയസുകാരി ഐഷ ഫാത്തിമയാണ് മരിച്ചത്.

## Article Content

തിരുവനന്തപുരം: ശ്വാസംമുട്ടലിനെത്തുടർന്ന് രണ്ടര വയസുകാരി മരിച്ച സംഭവത്തില്‍ ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി കാട്ടാക്കടയിലെ മമല്‍ ആശുപത്രിയിലെ ഡോക്ടർ.കുത്തിവയ്പ്പ് എടുത്തതിനെത്തുടർന്നാണ് കുട്ടിയുടെ നില വഷളായതെന്ന ബന്ധുക്കളുടെ ആരോപണമാണ് ഡോക്ടർ അരുണ്‍ വാര്യർ നിഷേധിച്ചത്. കാട്ടാക്കട ചക്കിപ്പാറ സ്വദേശി സിദ്ദിഖിന്റെ മകള്‍ രണ്ടരവയസുകാരി ഐഷ ഫാത്തിമയാണ് മരിച്ചത്.

ഇരട്ടകുഞ്ഞുങ്ങളില്‍ ഒരാളാണ് ആയിഷ. ശ്വാസംമുട്ടലും തളർച്ചയും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ശ്വാസതടസത്തിന് ആവി പിടിച്ച ശേഷം കുട്ടിക്ക് രണ്ട് കുത്തിവയ്പ്പ് എടുത്തു. ഇതിന് പിന്നാലെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു. കുട്ടിയെ ആംബുലൻസില്‍ ഉടൻ നെയ്യാർ മെഡിസിറ്റിയില്‍ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.

'ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ കുട്ടിക്ക് കടുത്ത ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടിരുന്നു. ആരോഗ്യനില വഷളായ സാഹചര്യത്തിലാണ് ജീവൻ രക്ഷിക്കാനുള്ള മുൻകരുതല്‍ എന്ന നിലയില്‍ അഡ്രിനാലിൻ നല്‍കിയത്. കുട്ടിയെ നെയ്യാർ മെഡിസിറ്റിയിലേക്ക് മാറ്റിയപ്പോഴും നേരിയ പള്‍സ് ഉണ്ടായിരുന്നു'. ഡോക്ടർ അരുണ്‍വാര്യർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണ് കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയതെന്ന ഉറച്ച നിലപാടിലാണ് കുടുംബം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/343649/thiruvanathapuram)