---
title: "കഴുത്ത് വേദനയ്ക്ക് മാറ്റമില്ല; ആരോഗ്യമന്ത്രി വീണാ ജോർജ് പരിയാരത്ത് തുടരും, ഇന്ന് ഡിസ്ചാർജ് ചെയ്യില്ല"
english_title: "Medicalreportveenageorge"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/344356/medicalreportveenageorge"
published_at: "2026-02-26T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699ff62bdc383_1000184309.jpg"
keywords: []
---

# കഴുത്ത് വേദനയ്ക്ക് മാറ്റമില്ല; ആരോഗ്യമന്ത്രി വീണാ ജോർജ് പരിയാരത്ത് തുടരും, ഇന്ന് ഡിസ്ചാർജ് ചെയ്യില്ല

> **Lead Summary:** **കണ്ണൂർ: **കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തുടരും. മന്ത്രിയുടെ കഴുത്തിലെ വേദനയിൽ മാറ്റമില്ലെന്നും രക്തസമ്മർദ്ദം സാധാരണ നിലയിലെന്നുമാണ് മെഡിക്കൽ റിപ്പോർട്ട്. തിരുവനന്തപുരത്തേക്ക് പോകണമെന്ന് മന്ത്രി ആവശ്യപ്പെട്ടെങ്കിലും ഇന്ന് പരിയാരത്ത് തുടരാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു.

## Article Content

**കണ്ണൂർ: **കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തുടരും. മന്ത്രിയുടെ കഴുത്തിലെ വേദനയിൽ മാറ്റമില്ലെന്നും രക്തസമ്മർദ്ദം സാധാരണ നിലയിലെന്നുമാണ് മെഡിക്കൽ റിപ്പോർട്ട്. തിരുവനന്തപുരത്തേക്ക് പോകണമെന്ന് മന്ത്രി ആവശ്യപ്പെട്ടെങ്കിലും ഇന്ന് പരിയാരത്ത് തുടരാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു.

കെഎസ്‌യു പ്രതിഷേധത്തിനിടെ കഴുത്തിന് ക്ഷതമേറ്റ ആരോഗ്യ മന്ത്രി വീണ ജോർജ്ജിനെ ഇന്നലെ രാത്രിയാണ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. പരുക്ക് സാരമുള്ളതാണെന്നാണ് മെഡിക്കൽ റിപ്പോർട്ട്. എംആർഐ സ്കാനിൽ ഗുരുതരമായ പ്രശ്നങ്ങൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കഴുത്തിലെ വേദന കൈയ്യിലേക്ക് ഇറങ്ങുന്നെന്ന് മന്ത്രി ഡോക്ടർമാരെ അറിയിച്ചു. ഇടത് കൈയ്യിലെ ക്ഷതം സാരമുള്ളതല്ല. ന്യൂറോ സർജൻ ഉൾപ്പെടെയുള്ളവർ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ചികിത്സാ പുരോഗതി വിലയിരുത്തി. രാത്രി മുതൽ രക്തസമ്മർദ്ദം ഉയർന്നിരുന്നെങ്കിലും ഉച്ചയോടെ സാധാരണ നിലയിലായി.കുടുംബത്തോടൊപ്പം കഴിയണമെന്നും തിരുവനന്തപുരത്തേക്ക് ചികിത്സ മാറ്റണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട് . ഇന്നുകൂടി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തുടരാനാണ് ഡോക്ടർമാരുടെ നിർദേശം.

അതേസമയം, വീണാ ജോർജിനെതിരെ കെഎസ്‌യു പ്രവർത്തകർ ആക്രമണം നടത്തിയെന്ന പ്രചരണത്തിൽ സ്പീക്കർ എ. എൻ ഷംസീറിനെതിരെ യൂത്ത് കോൺഗ്രസ് DGP യ്ക്ക് പരാതി നൽകി. എ.എൻ ഷംസീറിൻ്റെ ഗൂഡാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് പരാതി നൽകിയിരിക്കുന്നത്. സ്പീക്കറുടെ ഫോൺ പരിശോധിക്കണമെന്നും ആവശ്യമുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ്ങ് പ്രസിഡൻ്റ് ബിനു ചുള്ളിയിൽ ആണ് പരാതി നൽകിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/344356/medicalreportveenageorge)