---
title: "കണ്ണൂരിൽ സുഹൃത്തുക്കൾ ചേർന്ന് വളർത്തുന്ന 36 പ്രാവുകളെ കഴുത്തറത്ത് കൊന്നു:  കൂട് തകർത്തു"
english_title: "kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/344565/kannur"
published_at: "2026-02-27T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a147c81fe3a_Screenshot_2026-02-27_125845.jpg"
keywords: []
---

# കണ്ണൂരിൽ സുഹൃത്തുക്കൾ ചേർന്ന് വളർത്തുന്ന 36 പ്രാവുകളെ കഴുത്തറത്ത് കൊന്നു:  കൂട് തകർത്തു

> **Lead Summary:** കണ്ണൂർ: അഴീക്കോട്ട് വീടിനുപിറകിൽ സ്ഥാപിച്ച കൂടിന്റെ പൂട്ട് തകർത്ത് 36 പ്രാവുകളെ കൊന്ന നിലയിൽ കണ്ടെത്തി. അഴീക്കോട് മീൻകുന്നിലെ കെ.സുനിലിന്റെ വീട്ടുവളപ്പിൽ സ്ഥാപിച്ച കൂട്ടിൽ കയറിയാണ് പ്രാവുകളെ കഴുത്തറത്ത് കൊന്നത്.

## Article Content

കണ്ണൂർ: അഴീക്കോട്ട് വീടിനുപിറകിൽ സ്ഥാപിച്ച കൂടിന്റെ പൂട്ട് തകർത്ത് 36 പ്രാവുകളെ കൊന്ന നിലയിൽ കണ്ടെത്തി. അഴീക്കോട് മീൻകുന്നിലെ കെ.സുനിലിന്റെ വീട്ടുവളപ്പിൽ സ്ഥാപിച്ച കൂട്ടിൽ കയറിയാണ് പ്രാവുകളെ കഴുത്തറത്ത് കൊന്നത്.

കഴിഞ്ഞ ദിവസം പുലർച്ചെയോടെയാണ് സംഭവം. സുനിലിന്റെ മകൻ സി.അനുരാഗ്, സുഹൃത്തുകളായ ഉജ്ജ്വൽ, അനുവിന്ദ് എന്നിവർ ചേർന്നാണ് പ്രാവുകളെ വളർത്തുന്നത്. ഫാൻസി പ്രാവുകൾ, മത്സര പ്രാവുകൾ എന്നിവയുടെ കുഞ്ഞുങ്ങളടക്കം 51 പ്രാവുകളുണ്ട്. അതിൽ 36 എണ്ണത്തെയാണ് കൊന്നുതള്ളിയത്. എട്ട് ജോഡി പ്രാവുകളെയും 20 കുഞ്ഞുങ്ങളെയും കഴുത്തറത്ത് കൊന്നശേഷം തൊട്ടടുത്ത വയലിൽ വലിച്ചെറിയുകയായിരുന്നു. സുനിലിന്റെ ഭാര്യ രാവിലെ ഉറങ്ങിയെഴുന്നേറ്റപ്പോഴാണ് പ്രാവുകളെ കൂടിന് സമീപത്തും തൊട്ടടുത്ത വയലിലുമായി കണ്ടത്. ഉടൻ മകനെ വിളിച്ചറിയിക്കുകയായിരുന്നു.

എട്ടുവർഷം മുൻപാണ് പ്രാവുകളെ വളർത്താൻ തുടങ്ങിയത്. ആവശ്യക്കാർക്ക് വിൽക്കുകയും നാട്ടിൽ പ്രാവുകളെ മത്സരിപ്പിക്കുകയും ചെയ്യുന്നതാണ് സുഹൃത്തുക്കളുടെ പ്രധാന വിനോദം. ഞായറാഴ്ച നാട്ടിലെ ഒരാളുമായി പ്രാവ് വില്പനയെ സംബന്ധിച്ച് വാക്തർക്കം ഉണ്ടായിരുന്നു. അതിന്റെ തുടർച്ചയായാണ് പ്രാവുകളെ കൊന്നതെന്ന് സംശയിക്കുന്നു. വളപട്ടണം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/344565/kannur)