---
title: "ഇറാന്‍റെ ആക്രമണ ഭീതി: അതീവ ജാഗ്രതയിൽ യുഎഇ"
english_title: "Fear of Iranian attack: UAE on high alert"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/344993/fear-of-iranian-attack-uae-on-high-alert"
published_at: "2026-03-01T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a4427421bbc_Screenshot_2026-03-01_070121.jpg"
keywords: []
---

# ഇറാന്‍റെ ആക്രമണ ഭീതി: അതീവ ജാഗ്രതയിൽ യുഎഇ

> **Lead Summary:** അബുദാബി: ഇറാൻ - അമേരിക്ക - ഇസ്രയേൽ സംഘർഷം മൂർച്ഛിച്ചതോടെ അതീവ ജാഗ്രതയിൽ യു എ ഇ. ഇറാന്‍റെ പ്രത്യാക്രമണം ഗൾഫ് രാജ്യങ്ങളിൽ കനത്തതോടെ യു എ ഇ കടുത്ത സുരക്ഷാ മുൻകരുതലുകൾ പ്രഖ്യാപിച്ചു. മിസൈൽ ആക്രമണ ഭീഷണിയെത്തുടർന്ന് അടുത്ത മൂന്ന് ദിവസം അതീവ ജാഗ്രതയാണ് യു എ ഇ പ്രഖ്യാപിച്ചിരിക്കുന്നത്.

## Article Content

അബുദാബി: ഇറാൻ - അമേരിക്ക - ഇസ്രയേൽ സംഘർഷം മൂർച്ഛിച്ചതോടെ അതീവ ജാഗ്രതയിൽ യു എ ഇ. ഇറാന്‍റെ പ്രത്യാക്രമണം ഗൾഫ് രാജ്യങ്ങളിൽ കനത്തതോടെ യു എ ഇ കടുത്ത സുരക്ഷാ മുൻകരുതലുകൾ പ്രഖ്യാപിച്ചു. മിസൈൽ ആക്രമണ ഭീഷണിയെത്തുടർന്ന് അടുത്ത മൂന്ന് ദിവസം അതീവ ജാഗ്രതയാണ് യു എ ഇ പ്രഖ്യാപിച്ചിരിക്കുന്നത്.

മാർച്ച് 2, 3, 4 തീയതികളിൽ രാജ്യത്തെ സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ഐ സി എസ് ഇ, ഐ എസ് സി പരീക്ഷകൾ ഉൾപ്പെടെ മാറ്റിവെച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ സ്വകാര്യ - സർക്കാർ മേഖലയിലെ ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' അനുവദിക്കാനും തീരുമാനിച്ചു. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചതായും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും യു എ ഇ ഭരണകൂടം അറിയിച്ചു.

ദുബായ് ഗ്ലോബൽ വില്ലേജടക്കം താത്കാലികമായി അടച്ചിട്ടുണ്ട്. സന്ദർശകരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു. ഇന്ന് മുതൽ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഗ്ലോബൽ വില്ലേജിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് അറിയിപ്പ്.

ഇറാന്‍റെ തിരിച്ചടിയുടെ ഭാഗമായി ഗൾഫ് മേഖലയിലെ സൈനിക നീക്കങ്ങളും മിസൈൽ ആക്രമണങ്ങളും യു എ ഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കനത്ത ജാഗ്രതയ്ക്ക് കാരണമായ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. വിനോദസഞ്ചാരികളും പ്രവാസികളും ധാരാളമായി എത്തുന്ന കേന്ദ്രമായതിനാൽ ജനക്കൂട്ടം ഒഴിവാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/344993/fear-of-iranian-attack-uae-on-high-alert)