---
title: "തലശ്ശേരി ജനറൽ ആശുപത്രി അത്യാഹിത വിഭാഗം ഇന്ന് തുറക്കും"
english_title: "Thalassery General Hospital Emergency Department to open today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/345095/thalassery-general-hospital-emergency-department-to-open-today"
published_at: "2026-03-02T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a52e72b57ee_download_(17).jpeg"
keywords: []
---

# തലശ്ശേരി ജനറൽ ആശുപത്രി അത്യാഹിത വിഭാഗം ഇന്ന് തുറക്കും

> **Lead Summary:** തലശ്ശേരി: തലശ്ശേരി ജനറൽ ആശുപത്രിയിൽ ആധുനിക രീതിയിൽ സജ്ജീകരിച്ച അത്യാഹിതവിഭാഗം ഇന്ന് നിയമസഭാ സ്‌പീക്കർ അഡ്വ. എ.എൻ ഷംസീർ ഉദ്‌ഘാടനം ചെയ്യും. നഗരസഭാ ചെയർപേഴ്‌സൺ കാരായി ചന്ദ്രശേഖരൻ അധ്യക്ഷനാകും. ഷാഫി പറമ്പിൽ എം പി മുഖ്യാതിഥിയാകും.

## Article Content

തലശ്ശേരി: തലശ്ശേരി ജനറൽ ആശുപത്രിയിൽ ആധുനിക രീതിയിൽ സജ്ജീകരിച്ച അത്യാഹിതവിഭാഗം ഇന്ന് നിയമസഭാ സ്‌പീക്കർ അഡ്വ. എ.എൻ ഷംസീർ ഉദ്‌ഘാടനം ചെയ്യും. നഗരസഭാ ചെയർപേഴ്‌സൺ കാരായി ചന്ദ്രശേഖരൻ അധ്യക്ഷനാകും. ഷാഫി പറമ്പിൽ എം പി മുഖ്യാതിഥിയാകും.

വൻകിട സ്വകാര്യആശുപത്രികളെ വെല്ലുന്ന സൗകര്യങ്ങളുമായി അത്യാധുനിക ഉപകരണങ്ങളും ജീവൻരക്ഷാ സംവിധാനങ്ങളുമായാണ്‌ അത്യാഹിത വിഭാഗം സജ്ജീകരിച്ചത്‌. അഡ്‌മിഷൻ കൗണ്ടർ, റിസപ്‌ഷൻ, പോലീസ്‌ എയ്‌ഡ്‌ പോസ്‌റ്റ്‌ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കാഷ്വാലിറ്റിയോട്‌ അനുബന്ധിച്ചുണ്ട്‌.

എമർജൻസി വിഭാഗത്തിൽ ട്രയേജ്‌ സിസ്‌റ്റവും ഏർപ്പെടുത്തിയിട്ടുണ്ട്. രോഗികളുടെ രോഗ വിവരം കണക്കിലെടുത്ത്‌ മൂന്ന്‌ ദിശയിലേക്ക്‌ മാറ്റുന്നതാണ്‌ ഈ സംവിധാനം. ഇതിനായി ചുവപ്പ്‌, മഞ്ഞ, പച്ച നിറത്തിൽ അത്യാഹിത വിഭാഗത്തെ തരംതിരിച്ചിട്ടുണ്ട്‌. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയെ റെഡ്‌ സോണിലേക്ക്‌ മാറ്റും. ഇവിടെ നാല്‌ ബെഡും വെന്റിലേറ്ററും ഓക്‌സിജൻ സംവിധാനവുമുണ്ട്‌. യെല്ലോ സോണിൽ അഞ്ചും ഗ്രീൻ സോണിൽ ആറും ബെഡുകളാണുള്ളത്‌. കുട്ടികളുടെ പരിചരണത്തിനുള്ള ഒരു ബെഡുമുണ്ട്‌.

ഭിന്ന ശേഷി സ‍ൗഹൃദവും സാധാരണ നിലയിലുള്ളതുമായ രണ്ട്‌ ശ‍ൗചാലയങ്ങളുമുണ്ട്‌. നേരത്തെ ഒപിയും ഫാർമസിയും പ്രവർത്തിച്ച റോഡിനോടുചേർന്ന ഭാഗത്താണ്‌ അത്യാഹിത വിഭാഗം സജ്ജീകരിച്ചത്‌. ഇവിടം പൂർണമായും സിസിടിവി നിരീക്ഷണത്തിലാവും. എൻഎച്ച്‌എമ്മിൽനിന്ന്‌ അനുവദിച്ച 2.45 കോടി രൂപയിലെ രണ്ടാംഘട്ട പ്രവൃത്തിയാണിത്‌. ആദ്യഘട്ടത്തിൽ ഒരു കോടിരൂപ വിനിയോഗിച്ച്‌ റാന്പ്‌ പുതുക്കിപ്പണിതിരുന്നു. ആരോഗ്യവകുപ്പിന്റെ 40 ലക്ഷം രൂപയടക്കം 1.85 കോടി രൂപ വിനിയോഗിച്ചാണ്‌ അത്യാഹിത വിഭാഗവും വാട്ടർടാങ്കും നിർമിച്ചത്‌.​

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/345095/thalassery-general-hospital-emergency-department-to-open-today)