---
title: "കൊച്ചിയും കോഴിക്കോടും അടക്കം ഇന്ത്യയിലെ 6 നഗരങ്ങളിൽ 'മസ്കറ്റ്' സർവീസ്' ഇന്ന്‌ പുനരാംരഭിക്കും"
english_title: "'Muscat' service to resume today in 6 cities in India including kochi and Kozhikode"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/345243/muscat-service-to-resume-today-in-6-cities-in-india-including-kochi-and-kozhikode"
published_at: "2026-03-03T05:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a621c5a78b1_Screenshot_2026-03-03_051735.jpg"
keywords: []
---

# കൊച്ചിയും കോഴിക്കോടും അടക്കം ഇന്ത്യയിലെ 6 നഗരങ്ങളിൽ 'മസ്കറ്റ്' സർവീസ്' ഇന്ന്‌ പുനരാംരഭിക്കും

> **Lead Summary:** പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തെത്തുടർന്ന് നിർത്തിവെച്ചിരുന്ന വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിക്കുന്നതായി എയർ ഇന്ത്യ എക്സ്പ്രസിന്‍റെ പ്രഖ്യാപനം. കൊച്ചിയും കോഴിക്കോടുമടക്കം 6 ഇന്ത്യൻ വിമാനത്താവളങ്ങളിലേക്കടക്കമുള്ള സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിക്കുന്നത്.

## Article Content

പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തെത്തുടർന്ന് നിർത്തിവെച്ചിരുന്ന വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിക്കുന്നതായി എയർ ഇന്ത്യ എക്സ്പ്രസിന്‍റെ പ്രഖ്യാപനം. കൊച്ചിയും കോഴിക്കോടുമടക്കം 6 ഇന്ത്യൻ വിമാനത്താവളങ്ങളിലേക്കടക്കമുള്ള സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിക്കുന്നത്.

മസ്‌കറ്റിൽ നിന്ന് കൊച്ചി, കോഴിക്കോട്, ഡൽഹി, മുംബൈ, മംഗളൂരു, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്ക് ഇന്ന്‌ (മാർച്ച് 3) മുതൽ സർവീസുകൾ നടത്തുമെന്നാണ് അറിയിപ്പ്. ഇന്ന്‌ പ്രാദേശിക സമയം രാവിലെ 10:25 ന് മസ്‌കറ്റിൽ നിന്ന് തിരുച്ചിറപ്പള്ളിയിലേക്കുള്ള വിമാനമായിരിക്കും ആദ്യം പുറപ്പെടുക. യാത്രക്കാർ വിമാനങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങൾക്കായി വെബ്സൈറ്റോ വാട്സാപ്പ് സേവനമോ ഉപയോഗിക്കണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് അറിയിച്ചു.

മസ്‌കറ്റ് സർവീസ് തുടങ്ങുന്നുണ്ടെങ്കിലും യു എ ഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലേക്കുള്ള വിമാന വിലക്ക് മാർച്ച് 3 അർദ്ധരാത്രി വരെ തുടരും. നിലവിലെ സാഹചര്യത്തിൽ വിമാനങ്ങൾ റദ്ദാക്കുന്നവർക്കും സമയം മാറ്റുന്നവർക്കും പ്രത്യേക ഇളവുകൾ അനുവദിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

യാത്രക്കാർക്ക് തങ്ങളുടെ ബുക്കിംഗുകൾ വെബ്‌സൈറ്റിലൂടെയോ എഐ അസിസ്റ്റന്റായ 'ടിയ' വഴിയോ ചെയ്യാവുന്നതാണ്. +91 63600 12345 എന്ന വാട്സാപ്പ് നമ്പറും സഹായത്തിനായി ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. നിലവിലെ തടസ്സങ്ങളിൽ ഖേദം പ്രകടിപ്പിച്ച കമ്പനി, യാത്രക്കാരുടെ സഹകരണം അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/345243/muscat-service-to-resume-today-in-6-cities-in-india-including-kochi-and-kozhikode)