---
title: "കർഷകജനത നടത്തിയ ഐതിഹാസിക പോരാട്ടം, കയ്യൂർ സമരം; പിണറായി വിജയൻ "
english_title: "Kayyoor rakthasakshi dhinam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34532/kayyoor-rakthasakshi-dhinam"
published_at: "2022-03-29T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6242a13686e15_FB_IMG_1648533500459.jpg"
keywords: []
---

# കർഷകജനത നടത്തിയ ഐതിഹാസിക പോരാട്ടം, കയ്യൂർ സമരം; പിണറായി വിജയൻ 

> **Lead Summary:** കയ്യൂർ രക്തസാക്ഷി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പ്

## Article Content

കയ്യൂർ രക്തസാക്ഷി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പ്

ഇന്നു കയ്യൂർ രക്തസാക്ഷി ദിനം. സഖാക്കൾ മഠത്തില്‍ അപ്പു, കോയിത്താറ്റില്‍ ചിരുകണ്ടന്‍, പൊടോര കുഞ്ഞമ്പു നായര്‍,പള്ളിക്കല്‍ അബൂബക്കര്‍ എന്നിവർ ബ്രിട്ടീഷ് കോളനി ഭരണകൂടത്തിനും ജന്മിത്വവാഴ്ചയ്ക്കും അന്ത്യം കുറിക്കാൻ സ്വന്തം ജീവൻ ബലി നൽകിയ ദിനം.

സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരെ ചെങ്കൊടിക്കുകീഴിൽ കർഷകജനത നടത്തിയ ഐതിഹാസികമായ പോരാട്ടമാണ് കയ്യൂർ സമരം. കയ്യൂർ സഖാക്കളുടെ മൃതദേഹങ്ങൾ വിട്ടുകൊടുക്കാൻ പോലും അന്ന് ബ്രിട്ടീഷ് ഭരണകൂടം തയ്യാറായില്ല. പ്രതിഷേധ സൂചകമായി നാട്ടുകാർ തേജസ്വിനിയുടെ കരയിൽ പ്രതീകാത്മക ശവദാഹം നടത്തി. ആ സ്ഥലത്താണു ഇന്ന് കയ്യൂർ രക്തസാക്ഷി മണ്ഡപം സ്‌ഥിതിചെയ്യുന്നത്. അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടി നടക്കുന്ന പോരാട്ടങ്ങൾക്ക് കയ്യൂരിൻ്റെ ചരിത്രം എക്കാലവും പ്രചോദനമാണ്.

ജയിൽ ഭിത്തികളെ ഭേദിക്കുന്ന മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് പുഞ്ചിരിയോടെ തൂക്കുകയർ ഏറ്റുവാങ്ങിയ കയ്യൂർ സഖാക്കളുടെ സ്മരണകൾ നെഞ്ചിലേറ്റി നമുക്ക് മുന്നോട്ട് പോകാം. അനീതിക്കും അസമത്വത്തിനുമെതിരായ പോരാട്ടം മനുഷ്യന്റെ അവകാശമാണ്. ആ അവകാശം സംരക്ഷിക്കുന്നതിനും നീതിനിഷ്ഠവും സമത്വ സുന്ദരവുമായ ലോകത്തിനു വേണ്ടിയും കൈകൾ കോർത്ത് പ്രവർത്തിക്കാം. കയ്യൂർ രക്തസാക്ഷികൾക്ക് അഭിവാദ്യങ്ങൾ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34532/kayyoor-rakthasakshi-dhinam)