---
title: "ഇറാനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു"
english_title: "Oil prices surge on global markets as US-Israeli attacks on Iran continue"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/346547/oil-prices-surge-on-global-markets-as-us-israeli-attacks-on-iran-continue"
published_at: "2026-03-09T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ae625238808_download_(30).jpeg"
keywords: []
---

# ഇറാനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു

> **Lead Summary:** ന്യൂഡൽഹി: ഇറാനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളർ കടന്നു. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണനീക്കം തടസ്സപ്പെടുമെന്ന ആശങ്കയെത്തുടർന്ന് ഏഷ്യൻ വിപണിയിൽ ബ്രെന്റ് ക്രൂഡ് വില 24 ശതമാനം വർധിച്ച് 114.74 ഡോളറിലെത്തി.

## Article Content

ന്യൂഡൽഹി: ഇറാനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളർ കടന്നു. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണനീക്കം തടസ്സപ്പെടുമെന്ന ആശങ്കയെത്തുടർന്ന് ഏഷ്യൻ വിപണിയിൽ ബ്രെന്റ് ക്രൂഡ് വില 24 ശതമാനം വർധിച്ച് 114.74 ഡോളറിലെത്തി.

ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും നടക്കുന്നത് ഇറാന്റെ തീരത്തുള്ള ഹോർമുസ് കടലിടുക്ക് വഴിയാണ്. യുദ്ധം ആരംഭിച്ചതോടെ ഈ പാതയിലൂടെയുള്ള ഗതാഗതം പൂർണമായും നിലച്ചു. ഇറാന്റെ എണ്ണ സംഭരണശാലകൾക്ക് നേരെ യുഎസും ഇസ്രായേലും ശക്തമായ വ്യോമാക്രമണം തുടരുന്നതും പ്രതിസന്ധി രൂക്ഷമാക്കി.

എണ്ണവിലയിലെ വർധനവ് ആഗോള ഓഹരി വിപണികളെയും തളർത്തി. ഏഷ്യ-പസഫിക് മേഖലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ജപ്പാന്റെ നിക്കി ഏഴ് ശതമാനത്തിലധികം ഇടിഞ്ഞു. ഹോങ്കോങ്ങിന്റെ ഹാങ് സെങ് മൂന്ന് ശതമാനത്തിലധികമാണ് നഷ്ടം. ദക്ഷിണ കൊറിയയുടെ കോസ്പി എട്ട് ശതമാനത്തിലധികം ഇടിഞ്ഞതിനെത്തുടർന്ന് വ്യാപാരം 20 മിനിറ്റോളം നിർത്തിവെച്ചു.

യുദ്ധം നീണ്ടുനിൽക്കുകയാണെങ്കിൽ മാർച്ച് അവസാനത്തോടെ എണ്ണവില ബാരലിന് 150 ഡോളർ വരെ ഉയർന്നേക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത് വിമാന ഇന്ധനം, വളം തുടങ്ങിയവയുടെ വില വർധിക്കുന്നതിനും ആഗോളതലത്തിൽ വലിയ വിലക്കയറ്റത്തിനും കാരണമാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/346547/oil-prices-surge-on-global-markets-as-us-israeli-attacks-on-iran-continue)