---
title: "സില്‍വര്‍ ലൈന്‍ പദ്ധതിക്കായുള്ള സര്‍വേ സംസ്ഥാനത്ത് ഇന്ന് വീണ്ടും തുടങ്ങും"
english_title: "K rail survey"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34687/k-rail-survey"
published_at: "2022-03-30T07:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6243bed5dba83_images (10).jpeg"
keywords: []
---

# സില്‍വര്‍ ലൈന്‍ പദ്ധതിക്കായുള്ള സര്‍വേ സംസ്ഥാനത്ത് ഇന്ന് വീണ്ടും തുടങ്ങും

> **Lead Summary:** സില്‍വര്‍ ലൈന്‍ പദ്ധതിക്കായുള്ള സര്‍വേ സംസ്ഥാനത്ത് ഇന്ന് വീണ്ടും തുടങ്ങും. വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് പലയിടങ്ങളിലും സര്‍വേ താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.

## Article Content

സില്‍വര്‍ ലൈന്‍ പദ്ധതിക്കായുള്ള സര്‍വേ സംസ്ഥാനത്ത് ഇന്ന് വീണ്ടും തുടങ്ങും. വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് പലയിടങ്ങളിലും സര്‍വേ താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.

കല്ലിടല്‍ തുടരാമെന്ന സുപ്രിംകോടതി വിധിയുടെ ബലത്തിലാണ് കെ റെയില്‍ കല്ലുനാട്ടിയുള്ള സര്‍വേ പുനരാരംഭിക്കുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിനുള്ള കല്ലിടലാണ് സംസ്ഥാനത്ത് നടക്കുന്നത്. ജനകീയ പ്രതിഷേധത്തെത്തുടര്‍ന്ന് സര്‍വേ നിര്‍ത്തിവെച്ചിരുന്നു.

കോട്ടയത്ത് നട്ടാശ്ശേരിയിലും കോഴിക്കോട് സൗത്ത് കല്ലായിയിലും നിര്‍ത്തിവെച്ച സര്‍വേ നടപടികള്‍ വീണ്ടും തുടങ്ങും. മലപ്പുറത്ത് തവനൂരിലും ജനകീയ സമരത്തെത്തുടര്‍ന്ന് സര്‍വേ നിര്‍ത്തിവെച്ചിരുന്നു. എറണാകുളം ചോറ്റാനിക്കരയിലും മണീടിലും ഉദ്യോഗസ്ഥര്‍ നാട്ടിയ സര്‍വേ കല്ല് യുഡിഎഫ് പ്രവര്‍ത്തകര്‍ പിഴുത് കുളത്തിലെറിഞ്ഞു.പ്രാദേശിക സമരസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരങ്ങള്‍ക്ക് യുഡിഎഫിന്റെ പൂര്‍ണ പിന്തുണയുമുണ്ട്. അതുകൊണ്ടുതന്നെ കനത്ത പൊലീസ് സുരക്ഷയിലാണ് സര്‍വേ നടപടികള്‍ പുരോഗമിക്കുന്നത്.പത്തനംതിട്ട ജില്ലയിലും ഇന്ന് മുതല്‍ സര്‍വേ ആരംഭിക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.

എന്നാല്‍ കല്ലിടാനുള്ള ഏത് നീക്കത്തെയും ശക്തമായി പ്രതിരോധിക്കുമെന്ന് സമരസമിതി നേതാക്കളും വ്യക്തമാക്കി.സര്‍വേക്ക് അനുമതി നല്‍കിയ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ് സുപ്രിം കോടതി കഴിഞ്ഞ ദിവസം ശരിവെച്ചിരുന്നു. ജനങ്ങളുടെ സമരത്തെയും പ്രതിപക്ഷ സമരത്തേയും പ്രതിരോധിക്കാന്‍ കോടതി ഉത്തരവുണ്ടെന്ന ആത്മവിശ്വാസത്തിലാണ് സര്‍ക്കാറും അധികൃതരും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34687/k-rail-survey)