---
title: "ലോകായുക്ത ഓര്‍ഡിനന്‍സ് ഭേദഗതി മന്ത്രിസഭ ഇന്നു പരിഗണിച്ചേക്കും"
english_title: "Lokayuktha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34689/lokayuktha"
published_at: "2022-03-30T08:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6243c262160d7_images (11).jpeg"
keywords: []
---

# ലോകായുക്ത ഓര്‍ഡിനന്‍സ് ഭേദഗതി മന്ത്രിസഭ ഇന്നു പരിഗണിച്ചേക്കും

> **Lead Summary:** തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സ് ഭേദഗതി രാവിലെ ചേരുന്ന മന്ത്രിസഭായോഗത്തില്‍ പരിഗണിച്ചേക്കും.

## Article Content

തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സ് ഭേദഗതി രാവിലെ ചേരുന്ന മന്ത്രിസഭായോഗത്തില്‍ പരിഗണിച്ചേക്കും.

അതേസമയം, ബസ് ചാര്‍ജ് വര്‍ധന, പുതിയ മദ്യനയം എന്നിവ പരിഗണിക്കാന്‍ എല്‍.ഡി.എഫ് നേതൃയോഗം ചേരും. വൈകീട്ട് 3.30ന് എ.കെ.ജി സെന്‍ററിലാണ് യോഗം. ഗവര്‍ണര്‍ ഒപ്പിട്ട ലോകായുക്ത ഓര്‍ഡിനന്‍സ് സി.പി.ഐയുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിയമസഭാ സമ്മേളനത്തില്‍ ബില്ലായി കൊണ്ടുവന്നിരുന്നില്ല. മാര്‍ച്ച്‌ 30ന് ഓര്‍ഡിനന്‍സി‍െന്‍റ കാലാവധി അവസാനിക്കും.

അധികാര സ്ഥാനത്തിരിക്കുന്ന പൊതുപ്രവര്‍ത്തകര്‍ക്കെതിരായ അഴിമതി കേസുകള്‍ തെളിയിക്കപ്പെട്ട്, അവര്‍ സ്ഥാനത്തിരിക്കാന്‍ യോഗ്യരല്ലെന്ന് ലോകായുക്ത വിധിച്ചാലും മുഖ്യമന്ത്രി, ഗവര്‍ണര്‍, സര്‍ക്കാര്‍ എന്നിവര്‍ക്ക് ഹിയറിങ് നടത്തി വിധി അംഗീകരിക്കുകയോ തള്ളുകയോ ചെയ്യാമെന്നതാണ് ഭേദഗതി. ലോകായുക്തയുടെ വിധി കൈപ്പറ്റി മൂന്ന് മാസത്തിനകം ബന്ധപ്പെട്ട അധികാരി അത് തള്ളിയില്ലെങ്കില്‍ അംഗീകരിച്ചതായി കണക്കാക്കും. എന്നാല്‍, 1999ലെ ലോകായുക്ത നിയമ പ്രകാരം ലോകായുക്ത ഒരു വിധി പുറപ്പെടുവിച്ചാല്‍ അധികാരികള്‍ അതേപടി അതംഗീകരിക്കാന്‍ ബാധ്യസ്ഥരാണ്.

നിലവിലെ ലോകായുക്ത നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരം വിരമിച്ച സുപ്രീംകോടതി ജഡ്ജിയോ ഹൈകോടതി മുന്‍ ചീഫ് ജസ്റ്റിസോ മാത്രമേ ലോകായുക്ത ആയി നിയമിതരാകാന്‍ യോഗ്യരായുള്ളൂ. ഈ വ്യവസ്ഥ മാറ്റി ഹൈകോടതി മുന്‍ ജഡ്ജിമാരെയും നിയമിക്കാമെന്ന വ്യവസ്ഥയും പുതുതായി സര്‍ക്കാര്‍ ഉള്‍പ്പെടുത്തി. എന്നാല്‍ ലോകായുക്ത വിധിക്കുമേല്‍ അപ്പീല്‍ അധികാരമില്ലാത്ത വകുപ്പ് നല്‍കിയത് ഭരണഘടനയുടെ 164 അനുച്ഛേദത്തിന് വിരുദ്ധമാണെന്ന അഡ്വക്കറ്റ് ജനറലി‍െന്‍റ ഉപദേശത്തി‍െന്‍റ അടിസ്ഥാനത്തിലാണ് ഭേദഗതിയെന്നാണ് സി.പി.എമ്മി‍െന്‍റ നിലപാട്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34689/lokayuktha)