---
title: "പരീക്ഷാ പേ ചര്‍ച്ച ഏപ്രില്‍ ഒന്നിന്"
english_title: "Ppc 2022"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34702/ppc-2022"
published_at: "2022-03-30T09:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6243d07bd2778_images (19).jpeg"
keywords: []
---

# പരീക്ഷാ പേ ചര്‍ച്ച ഏപ്രില്‍ ഒന്നിന്

> **Lead Summary:** ന്യൂഡല്‍ഹി: പരീക്ഷാ പേ ചര്‍ച്ച പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ലോകമാകെയുള്ള വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളുമായി ഏപ്രില്‍ ഒന്നിനു സംവദിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചു.ന്യൂഡല്‍ഹിയിലെ തല്‌ക്കത്തോറ സ്റ്റേഡിയത്തില്‍ ഏപ്രില്‍ ഒന്നിന് രാവിലെ 11 മണിക്കാണ് പരിപാടി.

## Article Content

ന്യൂഡല്‍ഹി: പരീക്ഷാ പേ ചര്‍ച്ച പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ലോകമാകെയുള്ള വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളുമായി ഏപ്രില്‍ ഒന്നിനു സംവദിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചു.ന്യൂഡല്‍ഹിയിലെ തല്‌ക്കത്തോറ സ്റ്റേഡിയത്തില്‍ ഏപ്രില്‍ ഒന്നിന് രാവിലെ 11 മണിക്കാണ് പരിപാടി.

വിവിധ പരീക്ഷകളെ മാനസിക സമ്മര്‍ദ്ദം ഇല്ലാതെ നേരിടാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസം പകരാനുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയ പരിപാടിയാണ് 2018ല്‍ ആരംഭിച്ച പരീക്ഷാ പേ ചര്‍ച്ച. പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി നല്‍കും.

പ്രധാനമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കാനുള്ളവരെ തെരഞ്ഞെടുത്തിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്‌ യു. പി,​ ഹരിയാന,​ ഡല്‍ഹി എന്നിവിടങ്ങളിലെ ആയിരം വിദ്യാര്‍ത്ഥികളെയാണ് സ്റ്റേഡിയത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്. അമേരിക്ക,​ യു.എ. ഇ തുടങ്ങി ഇന്ത്യന്‍ സമൂഹം കൂടുതലുള്ള മുപ്പത് രാജ്യങ്ങളില്‍ പരിപാടി സംപ്രേക്ഷണം ചെയ്യും.

ഇത്തവണ പരീക്ഷാ പേ ചര്‍ച്ച എല്ലാ സംസ്ഥാനങ്ങളിലെയും രാജ്ഭവനുകളില്‍ ലൈവായി സ്‌ട്രീം ചെയ്യുന്നുണ്ട്. പന്ത്രണ്ട് ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളും മൂന്ന് ലക്ഷത്തോളം അദ്ധ്യാപകരുമാണ് ഈ പരിപാടിയില്‍ പങ്കെടുക്കാനായി ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

മത്സരങ്ങളിലൂടെ പരീക്ഷാ പേ ചര്‍ച്ചയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അഭിനന്ദന പത്രവും പ്രധാനമന്ത്രിയുടെ എക്‌സാം വാരിയേഴ്‌സ് എന്ന പുസ്തകം അടങ്ങുന്ന പരീക്ഷാ പേ ചര്‍ച്ച കിറ്റും സമ്മാനിക്കും. പരിപാടി ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34702/ppc-2022)