---
title: "വിവാഹം കഴിക്കുന്നത് ജോലിക്കാരിയെയല്ല, പങ്കാളിയെയാണ്! വീട്ടുജോലി ചെയ്യാത്തത് ക്രൂരതയല്ലെന്ന് സുപ്രീം കോടതി"
english_title: "supreemcourt"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/348935/supreemcourt"
published_at: "2026-03-21T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69be445fd0768_download_(42).jpeg"
keywords: []
---

# വിവാഹം കഴിക്കുന്നത് ജോലിക്കാരിയെയല്ല, പങ്കാളിയെയാണ്! വീട്ടുജോലി ചെയ്യാത്തത് ക്രൂരതയല്ലെന്ന് സുപ്രീം കോടതി

> **Lead Summary:** ഡൽഹി: ഭാര്യ വീട്ടുജോലികൾ ചെയ്യുന്നില്ല എന്നത് വിവാഹമോചനത്തിനുള്ള ക്രൂരതയായി കാണാനാവില്ലെന്ന് സുപ്രീം കോടതി. ഒരാൾ വിവാഹം കഴിക്കുന്നത് ഒരു ജോലിക്കാരിയെയല്ല, മറിച്ച് ഒരു ജീവിതപങ്കാളിയെയാണെന്ന് ജസ്റ്റിസ് സന്ദീപ് മേത്ത നിരീക്ഷിച്ചു. ഭാര്യ ഭക്ഷണം പാകം ചെയ്യാൻ വിസമ്മതിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് സമർപ്പിച്ച വിവാഹമോചന ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ഈ സുപ്രധാന പരാമർശങ്ങൾ.

## Article Content

ഡൽഹി: ഭാര്യ വീട്ടുജോലികൾ ചെയ്യുന്നില്ല എന്നത് വിവാഹമോചനത്തിനുള്ള ക്രൂരതയായി കാണാനാവില്ലെന്ന് സുപ്രീം കോടതി. ഒരാൾ വിവാഹം കഴിക്കുന്നത് ഒരു ജോലിക്കാരിയെയല്ല, മറിച്ച് ഒരു ജീവിതപങ്കാളിയെയാണെന്ന് ജസ്റ്റിസ് സന്ദീപ് മേത്ത നിരീക്ഷിച്ചു. ഭാര്യ ഭക്ഷണം പാകം ചെയ്യാൻ വിസമ്മതിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് സമർപ്പിച്ച വിവാഹമോചന ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ഈ സുപ്രധാന പരാമർശങ്ങൾ.

മാറുന്ന കാലത്തിനനുസരിച്ച് പാചകം, അലക്ക് തുടങ്ങിയ വീട്ടുജോലികളിൽ ഭർത്താവും പങ്കുചേരണമെന്ന് ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് വിക്രം നാഥ് ഓർമിപ്പിച്ചു. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഭാര്യയുടെ മനോഭാവം മാറിയെന്നും, തന്നോടും മാതാപിതാക്കളോടും മോശമായി പെരുമാറുന്നുവെന്നും ആരോപിച്ചാണ് ഭർത്താവ് കോടതിയെ സമീപിച്ചത്. ഭക്ഷണം പാകം ചെയ്യാൻ ഭാര്യ വിസമ്മതിച്ചുവെന്നും കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിന് തന്നെ ക്ഷണിച്ചില്ലെന്നും ഇയാൾ പരാതിയിൽ പറഞ്ഞു.

എന്നാൽ ഈ ആരോപണങ്ങളെല്ലാം ഭാര്യ കോടതിയിൽ നിഷേധിച്ചു. ഭർത്താവിന്റെയും കുടുംബത്തിന്റെയും സമ്മതത്തോടെയാണ് പ്രസവത്തിനായി സ്വന്തം വീട്ടിലേക്ക് പോയതെന്നും, എന്നാൽ അവർ ചടങ്ങിൽ പങ്കെടുക്കാതെ പണവും സ്വർണവും ആവശ്യപ്പെട്ട് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും ഭാര്യ വാദിച്ചു. നേരത്തെ കുടുംബ കോടതി ഈ കേസിൽ വിവാഹമോചനം അനുവദിച്ചിരുന്നുവെങ്കിലും ഹൈക്കോടതി ആ ഉത്തരവ് റദ്ദാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/348935/supreemcourt)