---
title: "സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍; തടസ്സപ്പെടില്ലെന്ന് കെഎസ്‌ഇബി"
english_title: "kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/349971/kseb"
published_at: "2026-03-27T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c60df2b2591_download_(23).jpeg"
keywords: []
---

# സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍; തടസ്സപ്പെടില്ലെന്ന് കെഎസ്‌ഇബി

> **Lead Summary:** തിരുവനന്തപുരം: കേരളത്തിന്റെ വൈദ്യുതി ആവശ്യകത സര്‍വകാല റെക്കോര്‍ഡിട്ടു. ബുധനാഴ്ച രാത്രി 10.30ന് വേണ്ടിവന്നത് 5802 മെഗാവാട്ടാണ്.ബുധനാഴ്ചത്തെ മൊത്തം ഉപഭോഗം 10.8 കോടി യൂണിറ്റായിരുന്നു. കഴിഞ്ഞവര്‍ഷം ഇതേദിവസം 9.9 കോടി യൂണിറ്റായിരുന്നു വേണ്ടിവന്നത്. കനത്ത ചൂടിനൊപ്പം, ഗ്യാസ് ക്ഷാമത്തെ തുടര്‍ന്ന് വൈദ്യുതി ഉപയോഗിച്ചുള്ള പാചകം കൂടിയത് കൊണ്ടാണ് വൈദ്യുതി ഉപഭോഗം ഇത്രയധികം വര്‍ധിച്ചത്. വൈകുന്നേരങ്ങളില്‍ പരമാവധി ആവശ്യകത ഇതിനുമുന്‍പെങ്ങും ഇത്രയും ഉയര്‍ന്നിട്ടില്ല.

## Article Content

തിരുവനന്തപുരം: കേരളത്തിന്റെ വൈദ്യുതി ആവശ്യകത സര്‍വകാല റെക്കോര്‍ഡിട്ടു. ബുധനാഴ്ച രാത്രി 10.30ന് വേണ്ടിവന്നത് 5802 മെഗാവാട്ടാണ്.ബുധനാഴ്ചത്തെ മൊത്തം ഉപഭോഗം 10.8 കോടി യൂണിറ്റായിരുന്നു. കഴിഞ്ഞവര്‍ഷം ഇതേദിവസം 9.9 കോടി യൂണിറ്റായിരുന്നു വേണ്ടിവന്നത്. കനത്ത ചൂടിനൊപ്പം, ഗ്യാസ് ക്ഷാമത്തെ തുടര്‍ന്ന് വൈദ്യുതി ഉപയോഗിച്ചുള്ള പാചകം കൂടിയത് കൊണ്ടാണ് വൈദ്യുതി ഉപഭോഗം ഇത്രയധികം വര്‍ധിച്ചത്. വൈകുന്നേരങ്ങളില്‍ പരമാവധി ആവശ്യകത ഇതിനുമുന്‍പെങ്ങും ഇത്രയും ഉയര്‍ന്നിട്ടില്ല.

സാധാരണ ഏപ്രില്‍, മെയ് മാസങ്ങളിലാണ് വൈദ്യുതി ഉപഭോഗം ഏറ്റവും കൂടിയ നിലയിലേക്ക് എത്തുന്നത്. കഴിഞ്ഞവര്‍ഷം മെയ് രണ്ടിന് രാത്രി 5797 മെഗാവാട്ട് വൈദ്യുതിയാണ് ഉപയോഗിച്ചത്. ഏക്കാലത്തെയും ഉയര്‍ന്ന ഉപഭോഗമായിരുന്നു അത്. ആ റെക്കോര്‍ഡാണ് മാര്‍ച്ച്‌ 25 ബുധനാഴ്ച രാത്രി 5802 മെഗാവാട്ട് വൈദ്യുതി ഉപഭോഗത്തിലൂടെ കേരളം പഴങ്കഥയാക്കിയത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ ഫലമായി ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഇന്ധന നീക്കം തടസപ്പെട്ടതോടെയാണ് സംസ്ഥാനത്തും പ്രതിസന്ധിയുണ്ടായത്. എല്‍പിജി ലഭ്യതക്കുറവ് ഉണ്ടായേക്കുമെന്ന ആശങ്കയില്‍ ബുക്കിങ് സമയം കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിക്കുകയും വാണിജ്യ സിലിണ്ടറുകള്‍ നല്‍കുന്നത് താല്‍കാലികമായി നിര്‍ത്തി വയ്ക്കുകയും പിന്നീട് നിയന്ത്രണത്തോടെ വിതരണത്തിന് അനുമതി നല്‍കുകയുമായിരുന്നു. ഇതോടെയാണ് ഗാര്‍ഹിക സിലിണ്ടറുകള്‍ക്കും പ്രതിസന്ധി നേരിട്ടേക്കാമെന്ന് അഭ്യൂഹങ്ങള്‍ പരക്കുകയും ആളുകള്‍ കൂട്ടത്തോടെ ഭക്ഷണം പാകം ചെയ്യാന്‍ എല്‍പിജി ഇതര മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്തത്.

ചൂട് കൂടുന്തോറും എയര്‍കണ്ടീഷണറുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടിവരുന്നു. ഇതിനാലാണ് രാത്രി 10നുശേഷം ഉപഭോഗം കൂടുന്നത്. പാചകവാതക്ഷാമം കാരണമുള്ള ഇന്‍ഡക്ഷന്‍ കുക്കറിന്റെ ഉപയോഗം കൂടുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം. പരീക്ഷാക്കാലം എന്നിവയാണ് വൈദ്യുതി ഉപയോഗം വര്‍ധിക്കാന്‍ കാരണം. അതേസമയം, ഉപഭോഗം കൂടിയെങ്കിലും തടസ്സമില്ലാതെ വൈദ്യുതി വിതരണം ചെയ്യാനാകുമെന്ന് കെഎസ്‌ഇബി അറിയിച്ചു. വ്യാഴാഴ്ച ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ മിന്‍ഹാജ് ആലമിന്റെ നേതൃത്വത്തില്‍ കെഎസ്‌ഇബി സ്ഥിതിഗതികള്‍ വിലയിരുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/349971/kseb)