---
title: "ബസിനുള്ളിൽ ഉപദ്രവിച്ചയാളെ ഓടിച്ച്‌ പിടിച്ച് പോലിസിലേൽപ്പിച്ച് ആരതി"
english_title: "The assailant inside the bus"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35164/the-assailant-inside-the-bus"
published_at: "2022-04-01T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6246b3297d18c_Picsart_22-04-01_13-38-32-811.jpg"
keywords: []
---

# ബസിനുള്ളിൽ ഉപദ്രവിച്ചയാളെ ഓടിച്ച്‌ പിടിച്ച് പോലിസിലേൽപ്പിച്ച് ആരതി

> **Lead Summary:** യാത്രയ്ക്കിടെ ബസിൽവെച്ച്‌ ഉപദ്രവിച്ചയാളെ യുവതി ഓടിച്ച് പിടിച്ച് പോലീസിലേല്പിച്ചു. കരിവെള്ളൂർ കുതിരുമ്മലെ പി. തമ്പാൻ പണിക്കരുടെയും ടി. പ്രീതയുടെയും മകൾ പി.ടി. ആരതിയാണ് ചെറുത്തുനിൽപ്പിന്റെയും പോരാട്ടത്തിന്റെയും പുതിയ മാതൃക കാണിച്ചത്‌.

## Article Content

യാത്രയ്ക്കിടെ ബസിൽവെച്ച്‌ ഉപദ്രവിച്ചയാളെ യുവതി ഓടിച്ച് പിടിച്ച് പോലീസിലേല്പിച്ചു. കരിവെള്ളൂർ കുതിരുമ്മലെ പി. തമ്പാൻ പണിക്കരുടെയും ടി. പ്രീതയുടെയും മകൾ പി.ടി. ആരതിയാണ് ചെറുത്തുനിൽപ്പിന്റെയും പോരാട്ടത്തിന്റെയും പുതിയ മാതൃക കാണിച്ചത്‌.

കഴിഞ്ഞ ദിവസം കരിവെള്ളൂരിൽനിന്ന് കാഞ്ഞങ്ങാട്ടേക്ക് കെ.എസ്.ആർ.ടി.സി. ബസിൽ യാത്ര ചെയ്യുമ്പോഴാണ് ദുരനുഭവം. ബസിൽനിന്ന്‌ ഇറങ്ങിയോടിയ അക്രമിയെ കാഞ്ഞങ്ങാട്‌ ടൗണിലൂടെ പിന്നാലെ ഓടിയാണ്‌ ആരതി പിടിച്ചത്‌.

പ്രതി മാണിയാട്ട് സ്വദേശി രാജീവനെ (52) പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ബസ് പണിമുടക്കായതിനാൽ ബസിൽ നല്ല തിരക്കായിരുന്നു. നീലേശ്വരത്തെത്തിയപ്പോൾ ലുങ്കിയും ഷർട്ടും ധരിച്ച ഒരാൾ ആരതിയെ ശല്യം ചെയ്യാൻ തുടങ്ങി.

പലതവണ മാറിനിൽക്കാൻ ആവശ്യപ്പെട്ടുവെങ്കിലും അയാൾ അനുസരിച്ചില്ല. ബസിലുള്ള മറ്റാരും പ്രതികരിച്ചുമില്ല. ഉപദ്രവം തുടർന്നതോടെ പിങ്ക്പോലീസിനെ വിളിക്കാനായി ബാഗിൽനിന്ന് ഫോണെടുത്തു.

അപ്പോഴേക്കും ബസ് കാഞ്ഞങ്ങാട്ടെത്തിയിരുന്നു. ഇതിനിടയിൽ അയാൾ ബസിൽനിന്ന് ഇറങ്ങിയോടി. എന്തുതന്നെയായാലും വിടില്ലെന്നുറപ്പിച്ച് ആരതിയും പിന്നാലെ ഓടി. കാഞ്ഞങ്ങാട് ടൗണിലൂടെ നൂറുമീറ്ററോളം പിറകെ ഓടി. രക്ഷപ്പെട്ടാൽ പരാതി നൽകുമ്പോൾ ഒപ്പം ചേർക്കാൻ അയാളുടെ ഫോട്ടോയുമെടുത്തു.

ഒടുവിൽ അയാൾ ഒരു ലോട്ടറി സ്റ്റാളിൽ കയറി ലോട്ടറിയെടുക്കാനെന്ന ഭാവത്തിൽ നിന്നു. ആരതി പിറകെയെത്തി സമീപ കടക്കാരോട് വിവരം പറഞ്ഞു. എല്ലാവരും ചേർന്ന് അയാളെ തടഞ്ഞുവെച്ചു. പിങ്ക് പോലീസിനെയും വിവരമറിയിച്ചു.

മിനിറ്റുകൾക്കുള്ളിൽ കാഞ്ഞങ്ങാട് പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ചോദ്യംചെയ്തപ്പോഴാണ് മാണിയാട്ട് സ്വദേശി രാജീവനാണെന്ന് വ്യക്തമായത്. സാമൂഹികമാധ്യമത്തിലൂടെ ഇക്കാര്യം പങ്കുവെച്ചതോടെയാണ് ആരതിക്കുണ്ടായ ദുരനുഭവവും ചെറുത്തുനില്പും നാട്ടുകാരറിഞ്ഞത്.

കാഞ്ഞങ്ങാട് നെഹ്റു കോളേജിൽനിന്ന് കഴിഞ്ഞവർഷം ബിരുദപഠനം പൂർത്തിയാക്കിയ ആരതി കോളേജിലെ എൻ.സി.സി. സീനിയർ അണ്ടർ ഓഫീസറായിരുന്നു.

ഇതിനു മുൻപും ബസിൽവെച്ച് ആരതിക്ക് ഇത്തരമൊരു അനുഭവമുണ്ടായിരുന്നു. പോലീസിനോട് പറയാനായി ബസിൽനിന്നിറങ്ങിയപ്പോൾ അയാൾ ഓടിരക്ഷപ്പെടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35164/the-assailant-inside-the-bus)