---
title: "ജനം ഇന്ന് ബൂത്തിലേക്ക്; വോട്ടിംഗ് സാധന സാമഗ്രികൾ വിതരണം ചെയ്തു"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/352333/thiruvananthapuram"
published_at: "2026-04-09T04:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d6e17bbace7_images.jpeg"
keywords: []
---

# ജനം ഇന്ന് ബൂത്തിലേക്ക്; വോട്ടിംഗ് സാധന സാമഗ്രികൾ വിതരണം ചെയ്തു

> **Lead Summary:** കണ്ണൂർ : കണ്ണൂർ ജില്ലയിലെ 21,76,984 വോട്ടർമാർ ഇന്ന് (ഏപ്രിൽ 9) 11 നിയമസഭ മണ്ഡലങ്ങളിലെ പോളിംഗ് ബൂത്തുകളിലേക്ക്‌. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.

## Article Content

കണ്ണൂർ : കണ്ണൂർ ജില്ലയിലെ 21,76,984 വോട്ടർമാർ ഇന്ന് (ഏപ്രിൽ 9) 11 നിയമസഭ മണ്ഡലങ്ങളിലെ പോളിംഗ് ബൂത്തുകളിലേക്ക്‌. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.

ബൂത്തുകളിലേക്കുള്ള വോട്ടിംഗ് സാധന സാമഗ്രികൾ 11 മണ്ഡലങ്ങളിലെയും അതാത് വിതരണ കേന്ദ്രങ്ങളിൽ ബുധനാഴ്ച്ച രാവിലെ 8 മുതൽ വിതരണം ചെയ്തു. ഉച്ച 12 ന് മുമ്പ് തന്നെ എല്ലായിടത്തും വിതരണം പൂർത്തിയാക്കി ഉദ്യോഗസ്ഥർ ബസുകളിൽ ബൂത്തിലേക്ക് യാത്രയായി.

മട്ടന്നൂർ മണ്ഡലത്തിലെ വിതരണ കേന്ദ്രമായ മട്ടന്നൂർ എച്ച് എസ് എസിൽ രാവിലെ എട്ട് മണിക്ക് വരണാധികാരിയെത്തി സ്ട്രോങ്ങ്‌ റൂം തുറന്നു. 20 കൗണ്ടറുകളിൽ നിന്നായ് ആദ്യം കിറ്റ് വിതരണം ചെയ്തു. മാർക്ക്ഡ് കോപ്പികൾ, സ്റ്റാറ്റ്യുട്ടറി ഫോമുകൾ, നോൺ-സ്റ്റാറ്റ്യുട്ടറി ഫോമുകൾ, പശ, സീൽ, നൂൽ എന്നിവയടങ്ങിയതാണ് കിറ്റ്. ചെക് ലിസ്റ്റ് പ്രകാരം കിറ്റിലെ സാധനങ്ങൾ ഒത്തുനോക്കി ബോധ്യപ്പെട്ട ഉദ്യോഗസ്ഥർ തുടർന്ന് വോട്ടിംഗ് യന്ത്രം, ബാലറ്റ് യൂണിറ്റ്‌, വിവിപാറ്റ് എന്നിവ ഏറ്റുവാങ്ങി.

കൂത്തുപറമ്പ് മണ്ഡലത്തിലെ വിതരണ കേന്ദ്രമായ നിർമ്മലഗിരി കോളേജിലെ വിതരണ കേന്ദ്രത്തിൽ 20 കൗണ്ടറുകളിൽ നിന്നായി ടീമുകൾക്ക് സാധന സാമഗ്രികൾ വിതരണം ചെയ്തു. ഇവിടെ ഒരു ടീമിലെ രണ്ട് പേർ അവധിയായതിനാൽ റിസർവിൽ നിന്നും പകരം രണ്ട് പേരെ ഉൾപ്പെടുത്തി.

മറ്റ് മണ്ഡലങ്ങളിലും കൃത്യ സമയത്ത് വിതരണം തുടങ്ങുകയും പൂർത്തീകരിക്കുകയും ചെയ്തു.

വോട്ടെടുപ്പ് ദിവസം എല്ലാ പോളിംഗ് ബൂത്തുകളിലും പുലർച്ചെ 5.30 ന് പ്രിസൈഡിംഗ് ഓഫീസറുടെ നേതൃത്വത്തിൽ മോക്ക് പോൾ നടത്തും. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മൈക്രോ ഒബ്സർവർമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് മോക്ക് പോൾ നടത്തുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/352333/thiruvananthapuram)