---
title: "കണ്ണൂരിൽ രേഖപ്പെടുത്തിയത് 78.60% പോളിംഗ്; കൂടുതൽ മട്ടന്നൂരിൽ,കുറവ് ഇരിക്കൂറിൽ"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/352540/kannur"
published_at: "2026-04-10T03:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d81c5ae1ac1_images.jpeg"
keywords: []
---

# കണ്ണൂരിൽ രേഖപ്പെടുത്തിയത് 78.60% പോളിംഗ്; കൂടുതൽ മട്ടന്നൂരിൽ,കുറവ് ഇരിക്കൂറിൽ

> **Lead Summary:** കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത പോളിങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. കണ്ണൂർ ജില്ലയിലെ 11 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് വ്യാഴാഴ്ച പൂർത്തിയായപ്പോൾ കണ്ണൂർ ജില്ലയിൽ 78.60 ശതമാനം പേർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.

## Article Content

കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത പോളിങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. കണ്ണൂർ ജില്ലയിലെ 11 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് വ്യാഴാഴ്ച പൂർത്തിയായപ്പോൾ കണ്ണൂർ ജില്ലയിൽ 78.60 ശതമാനം പേർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.

മണ്ഡലം അടിസ്ഥാനത്തിൽ മട്ടന്നൂരിലാണ് കൂടിയ പോളിംഗ് രേഖപ്പെടുത്തിയത് (82.24%). കുറവ് ഇരിക്കൂറിലും (74.32%). ഹോം വോട്ടിംഗ്, തപാൽ വോട്ടുകൾ എന്നിവ കൂടി ഉൾപ്പെടുത്തുമ്പോൾ പോളിംഗ് ശതമാനത്തിൽ നേരിയ വർധനയുണ്ടാകും. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിലെ പോളിംഗ് ശതമാനം 77.67 ആയിരുന്നു.

നിയമസഭ മണ്ഡലം, വോട്ടിംഗ് ശതമാനം, ബ്രാക്കറ്റിൽ 2021 ലെ ശതമാനം എന്ന ക്രമത്തിൽ:

*പയ്യന്നൂർ-* 80.57% (78.96%)

*കല്യാശ്ശേരി-*.76.99 % (76.41%)

*തളിപ്പറമ്പ്-* 81.01% (80.94 %)

*ഇരിക്കൂർ-* 74.32% (75.63%)

*അഴീക്കോട്‌-* 77.71% (77.89 %)

*കണ്ണൂർ-* 75.61% (74.94 %)

*ധർമ്മടം-* 81.44% (80.22 %)

*തലശ്ശേരി-* 76.33% (73.94 %)

*കൂത്തുപറമ്പ്-* 78.46% (78.15%)

*മട്ടന്നൂർ-* 82.24% (79.54%)

*പേരാവൂർ-* 79.1% (78.07%).

രാജ്യത്ത് ആദ്യമായി തിരഞ്ഞെടുപ്പിൽ നൂറ് ശതമാനം വെബ് കാസ്റ്റിംഗ് കണ്ണൂർ ജില്ലയിൽ നടപ്പാക്കി. ഒരു വാർ റൂം മാതൃകയിലായിരുന്നു വ്യാഴാഴ്ച്ച ജില്ലാ കളക്ടറേറ്റിലെ വെബ്കാസ്റ്റിംഗ് കൺട്രോൾ റൂം. 187 ജീവനക്കാർ തങ്ങൾക്ക് മുന്നിൽ നിരത്തിയ 110 ഡെസ്ക്ടോപ്പുകളിലൂടെയും അത്രയും തന്നെ ടി.വികളിലൂടെയും ജില്ലയിലെ 2183 പോളിംഗ് സ്റ്റേഷനുകളിൽ സ്ഥാപിച്ച 4366 ക്യാമറ ദൃശ്യങ്ങളിലൂടെ തിരഞ്ഞെടുപ്പിന്റെ ഓരോ മിനുട്ടും ഇമ ചിമ്മാതെ നിരീക്ഷിച്ചു.

പോളിംഗ് മന്ദഗതിയിലായ ബൂത്തുകളിൽ അപ്പപ്പോൾ ബന്ധപ്പെട്ടും ആപ്പിൽ പോളിംഗ് അപ്ഡേഷൻ താമസിച്ച പ്രിസൈഡിംഗ് ഓഫീസർമാരെ ഉണർത്തിയും തിരഞ്ഞെടുപ്പ് വേഗതയുടെ സകല ചുക്കാനും പിടിച്ചത് വെബ്കാസ്റ്റിങ് ജില്ലാ തല കൺട്രോൾ റൂമിൽ നിന്നായിരുന്നു. പുലർച്ചെ 5 ന് തുടങ്ങിയ കൺട്രോൾ റൂമിന്റെ പ്രവർത്തനം രാത്രി വൈകിയിട്ടും അവസാനിച്ചിരുന്നില്ല.

അതേസമയം സംസ്ഥാനത്ത് 78 ശതമാനത്തിന് മുകളിൽ പോളിങാണ് രേഖപ്പെടുത്തിയത്. ചിറ്റൂർ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിം​ഗ് രേഖപ്പെടുത്തിയത്. പത്തനംതിട്ട മണ്ഡലത്തിലാണ് ഏറ്റവും കുറവ് പോളിം​ഗ് രേഖപ്പെടുകത്തിയത്. പാലക്കാടും കോഴിക്കോടും പോളിം​ഗ് 80 ശതമാനം കടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/352540/kannur)