---
title: "ലോൺ ആപ്പിൽനിന്ന് അധ്യാപികയ്ക്ക് കോൾ, ചോദ്യംചെയ്തതിന് പിന്നാലെ നിതിൻ്റെ മരണം; അധ്യാപകരെ പ്രതിചേർത്തു"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/353069/kannur"
published_at: "2026-04-13T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dc71d8c07b1_IMG-20260412-WA0042.jpg"
keywords: []
---

# ലോൺ ആപ്പിൽനിന്ന് അധ്യാപികയ്ക്ക് കോൾ, ചോദ്യംചെയ്തതിന് പിന്നാലെ നിതിൻ്റെ മരണം; അധ്യാപകരെ പ്രതിചേർത്തു

> **Lead Summary:** കണ്ണൂർ: ബിഡിഎസ് വിദ്യാർഥി നിതിൻ്‌രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട അധ്യാപകരെ പ്രതിചേർത്ത് എഫ്ഐആർ രേഖപ്പെടുത്തി. സൈബർ സെല്ലിൻന്റെ വിദഗ്‌ധ സംഘമുൾപ്പെടെയുള്ള ഏഴംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായും കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ നിധിൻ രാജ് പറഞ്ഞു.

## Article Content

കണ്ണൂർ: ബിഡിഎസ് വിദ്യാർഥി നിതിൻ്‌രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട അധ്യാപകരെ പ്രതിചേർത്ത് എഫ്ഐആർ രേഖപ്പെടുത്തി. സൈബർ സെല്ലിൻന്റെ വിദഗ്‌ധ സംഘമുൾപ്പെടെയുള്ള ഏഴംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായും കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ നിധിൻ രാജ് പറഞ്ഞു.

നിതിൻരാജിന്റെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. മൊബൈൽ ഫോണിലെ ചാറ്റും ശബ്ദസന്ദേശങ്ങളും പോലീസ് പരിശോധിച്ചു. കേസുമായി ബന്ധപ്പെട്ട് ആത്മഹത്യാപ്രേരണകുറ്റം ചുമത്തിയിട്ടുണ്ട്. എസ്സി, എസ്ട‌ി അതിക്രമ നിരോധന വകുപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. ആരോപണം ഉന്നയിക്കപ്പെട്ട അധ്യാപകരായ ഡോ. എം.കെ. റാം, സംഗീത എന്നിവരടക്കം മുഴുവൻ പേരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയാണ് എഫ്ഐആർ തയ്യാറാക്കിയിരിക്കുന്നതെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ പറഞ്ഞു.

മുറിയിലുള്ളവരുടെയും ഹോസ്റ്റലിൽ ഉള്ളവരുടേയും വിശദമായ മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്. അതിനുശേഷം മാത്രമേ സംഭവത്തിൽ വ്യക്തതയുള്ളൂ. കോളേജിലെ വിവിധ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. ആത്മഹത്യയാണെന്ന കാര്യത്തിൽ സംശയമില്ല. ആത്മഹത്യയിലേക്ക് നയിച്ച കാര്യമാണ് അറിയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, നിതിൻരാജിനെതിരേ ലോൺ ആപ്പുമായി ബന്ധപ്പെട്ട് ഇന്ന് സൈബർ പോലീസിൽ പരാതി ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. സൈബർ പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രേഖപ്പെടുത്തിയിരിക്കുന്നത്.

'കഴിഞ്ഞ ഡിസംബർ-ജനുവരിയിൽ നിതിൻരാജ് ഒരു ലോൺ ആപ്പിൽ നിന്ന് പണം എടുത്തിരുന്നു. അതുമായി ബന്ധപ്പെട്ടിട്ടുള്ള ഫോൺ കോളുകൾ വിദ്യാർത്ഥികൾക്ക് വന്നിരുന്നുവെന്ന് ഫോൺ പരിശോധിച്ചതിലൂടെ പോലീസിന് മനസ്സിലായി. കോളേജിലെ അദ്ധ്യാപികയുടെ നമ്പർ ലോൺ കൊടുത്ത ഏജൻസികൾക്ക് ലഭിക്കുകയും ആദ്ധ്യാപികയേയും ലോൺ ഏജൻസി വിളിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. പത്താം തീയതി ഈ ലോൺ ഏജൻസിയിൽ നിന്ന് അദ്ധ്യാപികയ്ക്ക് നിരന്തരമായ കോളുകൾ വന്നിരുന്നുവെന്നും സൈബർ അന്വേഷണത്തിലൂടെ മനസ്സിലായെന്നും പോലീസ് പറഞ്ഞു.

ലോൺ എടുക്കുമ്പോൾ ലോൺ ഏജൻസി സ്വമേധയ കോൺടാക്റ്റ് അക്‌സസ് ചെയ്‌തതാവാനും സാധ്യതയുണ്ടെന്ന് സിറ്റി പോലീസ് കമ്മിഷണർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽ നിതിൻ രാജിനെ വിളിച്ച് ചോദ്യംചെയ്ത‌തായും റിപ്പോർട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/353069/kannur)