---
title: "കണ്ണൂര്‍ നഗരത്തില്‍ വൈദ്യുതിയെത്തിക്കാനുള്ള   എക്സ്പ്രസ് ഫീഡര്‍ ചാര്‍ജ് ചെയ്തു"
english_title: "Electricity"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35307/electricity"
published_at: "2022-04-02T07:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6247acd720fd8_images (4).jpeg"
keywords: []
---

# കണ്ണൂര്‍ നഗരത്തില്‍ വൈദ്യുതിയെത്തിക്കാനുള്ള   എക്സ്പ്രസ് ഫീഡര്‍ ചാര്‍ജ് ചെയ്തു

> **Lead Summary:** **കണ്ണൂര്‍: ** സ്റ്റേഡിയം പരിസരത്തേക്ക് കൂടുതല്‍ വൈദ്യുതി നേരിട്ട് എത്തിക്കാന്‍ സഹായിക്കുന്ന സ്റ്റേഡിയം എക്സ്പ്രസ് ഫീഡര്‍ സംവിധാനം കെ എസ് ഇ ബി വിജയകരമായി ചാര്‍ജ് ചെയ്തു.

## Article Content

**കണ്ണൂര്‍: ** സ്റ്റേഡിയം പരിസരത്തേക്ക് കൂടുതല്‍ വൈദ്യുതി നേരിട്ട് എത്തിക്കാന്‍ സഹായിക്കുന്ന സ്റ്റേഡിയം എക്സ്പ്രസ് ഫീഡര്‍ സംവിധാനം കെ എസ് ഇ ബി വിജയകരമായി ചാര്‍ജ് ചെയ്തു.

കണ്ണൂര്‍ കോടതി, കോര്‍പറേഷന്‍, ജില്ലാ മൃഗാശുപത്രി, ജില്ലാ കലക്ടറുടേയും പൊലീസ് മേധാവിയുടേയും ക്യാമ്പ് ഓഫീസുകള്‍, സ്റ്റേഡിയം കോംപ്ലക്സിലെ സ്ഥാപനങ്ങള്‍, അഡ്വക്കേറ്റ് ഓഫീസുകള്‍ എന്നിവിടങ്ങളിലേക്ക് തടസ്സമില്ലാതെ വൈദ്യുതിയെത്തിക്കാന്‍ സഹായകമാണ് ഈ സംവിധാനം. പൊലീസ് മൈതാനിയില്‍ നടക്കുന്ന കേരള സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള 'എന്റെ കേരളം എക്സ്ബിഷനും' സ്റ്റേഡിയം ഫീഡറില്‍ നിന്നുള്ള വൈദ്യുതി നല്‍കും. ഡീസല്‍ ജനറേറ്ററിന്റെ ഉപയോഗം ഇത് വഴി കുറക്കാന്‍ സാധിക്കും.

ചൂട് കൂടിയതോടെ ആവശ്യമായ അധിക വൈദ്യുതി നിലവിലുള്ള ലൈനുകള്‍ക്ക് താങ്ങാനാവാത്തതിനാല്‍ വ്യാപകമായ വൈദ്യുതി തടസ്സങ്ങള്‍ ശ്രദ്ധയില്‍പെട്ടതോടെയാണ് പുതിയ സംവിധാനം ഒരുക്കിയത്. കെട്ടിടങ്ങളില്‍ എയര്‍ കണ്ടീഷനറുകള്‍ വ്യാപകമായതിനാലാണ് അധിക വൈദ്യുതി ഉപയോഗം വന്നത്.

ഉത്സവ കാലമാകുന്നതോടെ നഗരത്തില്‍ വൈദ്യുതി ഉപയോഗം ഇനിയും വര്‍ധിക്കും. കെഎസ്ഇബി ജീവനക്കാരും കരാര്‍ ജീവനക്കാരും സംഘങ്ങളായി തിരിഞ്ഞ് വിവിധ സ്ഥലങ്ങളില്‍ ഒരേ സമയം പ്രവൃത്തി നടത്തിയാണ് ഒരാഴ്ച നീണ്ട ജോലി പൂര്‍ത്തിയാക്കിയത്. കോടതി, കോര്‍പറേഷന്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് പ്രവൃത്തി സമയം വൈദ്യുതി മുടക്കം കുറക്കാന്‍ പ്രധാന ലൈനുകള്‍ ഓഫാക്കി നടത്തുന്ന പ്രവൃത്തികള്‍ രാവിലെ തന്നെ ചെയ്ത് തീര്‍ത്തു. മുപ്പതിനടുത്ത് ജീവനക്കാരെ പ്രവൃത്തിയുടെ ഭാഗമാക്കിയതിലൂടെ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. അസിസ്റ്റന്റ് എഞ്ചിനീയര്‍ സി ജഗദീശന്‍, സബ് എഞ്ചിനീയര്‍മാരായ കെ സുരേഷ് ബാബു, പി വി സതീഷ് ബാബു, കരാറുകാരന്‍ അബ്ദുള്‍ മജീദ് എന്നിവര്‍ പ്രവൃത്തിക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35307/electricity)