---
title: "കണ്ണൂരിൽ നടന്ന റെഡ് ഫ്ലാഗ് ഡേ റെക്കോഡിലേക്ക്‌ "
english_title: "Red Flag Day "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35395/red-flag-day"
published_at: "2022-04-02T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62480a65e0a1a_Picsart_22-04-02_14-03-07-071.jpg"
keywords: []
---

# കണ്ണൂരിൽ നടന്ന റെഡ് ഫ്ലാഗ് ഡേ റെക്കോഡിലേക്ക്‌ 

> **Lead Summary:** കണ്ണൂരിൽ നടന്ന റെഡ് ഫ്ലാഗ് ഡേ’ റെക്കോഡിലേക്ക്‌ സി.പി.എം. പാർട്ടി കോൺഗ്രസിന്റെ ഭാഗമായി 23 കിലോമീറ്റർ ദൂരത്തിൽ തുടർച്ചയായി ചെങ്കൊടികളുമായി അണിനിരന്ന ‘റെഡ് ഫ്ലാഗ് ഡേ’ യു.ആർ.എഫ്‌. റെക്കോഡിലേക്ക്.

## Article Content

കണ്ണൂരിൽ നടന്ന റെഡ് ഫ്ലാഗ് ഡേ’ റെക്കോഡിലേക്ക്‌ സി.പി.എം. പാർട്ടി കോൺഗ്രസിന്റെ ഭാഗമായി 23 കിലോമീറ്റർ ദൂരത്തിൽ തുടർച്ചയായി ചെങ്കൊടികളുമായി അണിനിരന്ന ‘റെഡ് ഫ്ലാഗ് ഡേ’ യു.ആർ.എഫ്‌. റെക്കോഡിലേക്ക്.

പരിപാടി രേഖപ്പെടുത്താനെത്തിയ യൂണിവേഴ്സൽ റെക്കോഡ് ഫോറം (യു.ആർ.എഫ്.) പ്രതിനിധികൾ ഇക്കാര്യം സ്ഥിരീകരിച്ചു. യു.ആർ.എഫ്‌. വേൾഡ്‌ റെക്കോഡിനുവേണ്ടി സുനിൽ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഫ്ലാഗ്‌ ഡേ പരിശോധിക്കുകയും ചിത്രീകരിക്കുകയും ചെയ്തത്.

തലശ്ശേരി ജവാഹർ ഘട്ടിൽനിന്ന്‌ കണ്ണൂർ ഗാന്ധിസർക്കിളിലെ എ.കെ.ജി. സ്ക്വയർവരെ 23 കിലോമീറ്റർ നീളത്തിൽ ദേശീയപാതയോരത്ത് തുടർച്ചയായി ചെങ്കൊടി ഉയർത്തിപ്പിടിച്ചാണ്‌ ഫ്ലാഗ്‌ ഡേ ആചരിച്ചത്.

15 മീറ്റർ നീളത്തിലുള്ള ചെമ്പതാകകൾ തുന്നിച്ചേർത്താണ് പാർട്ടി നേതാക്കളും പ്രവർത്തകരും ഇടതടവില്ലാതെ ഇത്രയും ദൂരത്തിൽ ചേർത്തുപിടിച്ചത്. വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ചുമുതൽ 5.15 വരെയായിരുന്നു പരിപാടി.

ജവാഹർഘട്ടിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഫ്ലാഗ്‌ ഡേ പ്രഖ്യാപനം നടത്തി. എ.കെ.ജി. സ്ക്വയറിൽ കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ.പി.ജയരാജൻ, എം.വി.ഗോവിന്ദൻ തുടങ്ങിയവർ അവസാന കണ്ണികളായി.

കരിവെള്ളൂർ രക്തസാക്ഷിസ്മാരകം മുതൽ മാഹി പൂഴിത്തലയിൽ പ്രത്യേകം ഒരുക്കിയ ചെറുകല്ലായി രക്തസാക്ഷി കവാടംവരെ ഇടവിട്ട് 53 പ്രധാന കേന്ദ്രങ്ങളിൽ 150 മീറ്റർ വീതം നീളമുള്ള ചെങ്കൊടിയേന്തിയും പ്രവർത്തകർ അണിനിരന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35395/red-flag-day)