---
title: "നിതിൻരാജിന്റെ  മരണം:  ലോൺ ആപ്പ് നടത്തിപ്പുകാർ പിടിയിൽ "
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/353963/kannur"
published_at: "2026-04-18T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e3092d1ab15_Screenshot_20260418_095911_WhatsAppBusiness.jpg"
keywords: []
---

# നിതിൻരാജിന്റെ  മരണം:  ലോൺ ആപ്പ് നടത്തിപ്പുകാർ പിടിയിൽ 

> **Lead Summary:** > കണ്ണൂർ: അഞ്ചരക്കണ്ടിയിലെ ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് ഭീഷണി മുഴക്കിയ "ഇൻസ്റ്റന്റ് ഫണ്ട്സ്" എന്ന ലോൺ ആപ്പ് നടത്തിപ്പുകാരായ പ്രധാന പ്രതികളെ നോയിഡയിൽ വച്ച് അതിസാഹസികമായി കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് പിടികൂടി. ഉത്തർപ്രദേശ് ഖാസിയാബാദ് സ്വദേശിയായ ഋഷികേഷ് തിവാരി, ഉത്തർപ്രദേശ് സ്വദേശിയായ പ്രശാന്ത് ഖേവൽ, ഹരിയാന ഫരിദാബാദ് സ്വദേശിയായ പ്രകാശ് ജയ് എന്നിവരാണ് പിടിയിലായത്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് പി. ഐപിഎസ്-ന്റെ നിർദ്ദേശപ്രകാരം കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ്.ഐ. മിഥുൻ എസ്.വിയുടെ നേതൃത്വത്തിൽ സി.പി.ഒമാരായ സുനിൽ കെ., ദിജിൻ രാജ് പി.കെ. എന്നിവരാണ് നോയിഡയിൽ വച്ച് പ്രതികളെ പിടികൂടിയത്.

## Article Content

> കണ്ണൂർ: അഞ്ചരക്കണ്ടിയിലെ ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് ഭീഷണി മുഴക്കിയ "ഇൻസ്റ്റന്റ് ഫണ്ട്സ്" എന്ന ലോൺ ആപ്പ് നടത്തിപ്പുകാരായ പ്രധാന പ്രതികളെ നോയിഡയിൽ വച്ച് അതിസാഹസികമായി കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് പിടികൂടി. ഉത്തർപ്രദേശ് ഖാസിയാബാദ് സ്വദേശിയായ ഋഷികേഷ് തിവാരി, ഉത്തർപ്രദേശ് സ്വദേശിയായ പ്രശാന്ത് ഖേവൽ, ഹരിയാന ഫരിദാബാദ് സ്വദേശിയായ പ്രകാശ് ജയ് എന്നിവരാണ് പിടിയിലായത്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് പി. ഐപിഎസ്-ന്റെ നിർദ്ദേശപ്രകാരം കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ്.ഐ. മിഥുൻ എസ്.വിയുടെ നേതൃത്വത്തിൽ സി.പി.ഒമാരായ സുനിൽ കെ., ദിജിൻ രാജ് പി.കെ. എന്നിവരാണ് നോയിഡയിൽ വച്ച് പ്രതികളെ പിടികൂടിയത്.

വിദ്യാർത്ഥിയുടെ അധ്യാപിക നൽകിയ പരാതിയിലാണ് നടപടി ഉണ്ടായത്. വിദ്യാർത്ഥി ലോൺ ആപ്പ് വഴി കടമെടുക്കുകയും തിരിച്ചടക്കാത്തതിനെ തുടർന്ന് റഫറൻസ് എന്ന രീതിയിൽ നൽകിയിരുന്ന ടീച്ചറുടെ ഫോൺ നമ്പറിലേക്ക് നിരന്തരം കോളുകളും മെസ്സേജുകളും വരികയുമായിരുന്നു. പണം അടച്ചില്ലെങ്കിൽ നിരന്തരം ശല്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ഇവർ ഒരു മണിക്കൂറിൽ തന്നെ നിരവധി കോളുകൾ അധ്യാപികയ്ക്ക് ചെയ്തിരുന്നു. ഓരോ നമ്പർ ബ്ലോക്ക് ചെയ്താലും മറ്റു നമ്പറുകളിൽ നിന്നും ശല്യം തുടർന്നു. പ്രതികൾ കോൺടാക്ട് ചെയ്ത നമ്പറുകൾ എല്ലാം സ്വിച്ച് ഓഫ് ആയെങ്കിലും സജീവമായ ഒരു നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ നോയിഡയിലുണ്ടെന്ന് മനസ്സിലാക്കി പോലീസ് അങ്ങോട്ട് തിരിക്കുകയായിരുന്നു.

വലിയ നഗരമായതിനാൽ പ്രതികളെ കണ്ടെത്തുന്നത് പ്രയാസകരമായെങ്കിലും കേരള പോലീസിന്റെ മികവാർന്ന അന്വേഷണത്തിൽ പ്രതികൾ നിയന്ത്രിച്ചിരുന്ന സ്ഥാപനം കണ്ടെത്താൻ സാധിച്ചു. ഒരു ഐടി പാർക്കിന് സമാനമായാണ് അവിടെ 40 ഓളം ജീവനക്കാർ ജോലി ചെയ്തിരുന്നത്. ലോൺ ആപ്പുകൾ പ്രമോട്ട് ചെയ്യുന്നതും പണം നൽകുന്നതും തിരിച്ചടവിനായി വേണ്ട കാര്യങ്ങൾ ചെയ്യുന്നതും ഇവിടെ നിന്നായിരുന്നു. നോയിഡ പോലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ പ്രതികൾ ആളുകളെ വിളിക്കാൻ ഫോണിന് പകരം സിം ബോക്സുകളാണ് ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തി. ഒരേസമയം 30 സിം കാർഡുകൾ വരെ ഉപയോഗിക്കാൻ സാധിക്കുന്നവയായിരുന്നു ഇവ. സ്ഥാപനം നടത്തിപ്പുമായി ബന്ധപ്പെട്ട പ്രധാന പ്രതികളെ പിടികൂടിയ പോലീസ് സിം ബോക്സുകളും സിം കാർഡുകളും കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/353963/kannur)