---
title: "വന്ദേമാതരത്തിന് ദേശീയഗാനത്തിന് തുല്യമായ പദവി; അംഗീകാരം നൽകി മന്ത്രിസഭ"
english_title: "Delhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/357907/delhi"
published_at: "2026-05-07T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc430bd0417_1000062048.jpg"
keywords: []
---

# വന്ദേമാതരത്തിന് ദേശീയഗാനത്തിന് തുല്യമായ പദവി; അംഗീകാരം നൽകി മന്ത്രിസഭ

> **Lead Summary:** ഡൽഹി: ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരത്തിന് ദേശീയഗാനമായ ജനഗണമനയ്ക്ക് തുല്യമായ പദവി നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭയാണ് അംഗീകാരം നൽകിയത്.

## Article Content

ഡൽഹി: ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരത്തിന് ദേശീയഗാനമായ ജനഗണമനയ്ക്ക് തുല്യമായ പദവി നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭയാണ് അംഗീകാരം നൽകിയത്.

ബങ്കിം ചന്ദ്ര ചതോപാധ്യായ രചിച്ച വന്ദേമാതരം ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലും സാംസ്കാരിക ചരിത്രത്തിലും ഒരു പ്രത്യേക സ്ഥാനമാണ് വഹിക്കുന്നത്. വന്ദേമാതരം 150-ാം വാർഷികം ആഘോഷിക്കുന്ന സമയത്താണ് മന്ത്രിസഭയുടെ നിർണായക തീരുമാനം.

വന്ദേമാതരത്തെ അപമാനിക്കുന്നവർക്കോ അത് ആലപിക്കുന്നത് തടസപ്പെടുത്തുന്നവർക്കോ ഇനി മുതൽ തടവുശിക്ഷയും പിഴയും ഉൾപ്പെടെയുള്ള കർശന നടപടികൾ നേരിടേണ്ടി വരും. വന്ദേമാതരം ആലപിക്കുന്നതിനിടയിൽ അനാദരവ് കാണിക്കുന്നതോ തടസപ്പെടുത്തുന്നതോ ആയ ഏതൊരു പ്രവൃത്തിയും കുറ്റകരമായി കണക്കാക്കും.

നിലവിൽ, ദേശീയ പതാകയെയോ, ഭരണഘടനയെയോ, ദേശീയഗാനത്തെയോ അപമാനിക്കുന്ന കേസുകളിൽ തടവ്, പിഴ, അല്ലെങ്കിൽ രണ്ടും ഉൾപ്പെടെയുള്ള ശിക്ഷകൾ നൽകാൻ നിയമം വ്യവസ്ഥ ചെയ്യുന്നു. നിർദിഷ്ട ഭേദഗതി ഈ വ്യവസ്ഥകൾ വന്ദേമാതരത്തിനും ബാധകമാകും.

നിലവിലുള്ള നിയമങ്ങൾ പ്രകാരം, ദേശീയഗാനം ആലപിക്കുന്നത് മനഃപൂർവ്വം തടയുകയോ തടസപ്പെടുത്തുകയോ ചെയ്യുന്ന ഏതൊരു വ്യക്തിക്കും 3 വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ നേരിടേണ്ടിവരും. ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങൾക്ക് കുറഞ്ഞത് ഒരു വർഷം തടവ് ശിക്ഷ ലഭിക്കും. ഭേദഗതി പ്രാബല്യത്തിൽ വരുന്നതോടെ ഈ വ്യവസ്ഥകൾ ദേശീയഗാനത്തിനും ബാധകമാകുമെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/357907/delhi)