---
title: "ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിനെ കെമിക്കൽ ഇമ്മോബിലൈസേഷൻ ചെയ്ത് പിടികൂടി"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/358647/kannur"
published_at: "2026-05-11T08:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0147cde08e3_1000068889.jpg"
keywords: []
---

# ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിനെ കെമിക്കൽ ഇമ്മോബിലൈസേഷൻ ചെയ്ത് പിടികൂടി

> **Lead Summary:** കണ്ണൂർ: തലശ്ശേരി എരഞ്ഞോളി ഉൾപ്പെടെയുള്ള ജനവാസ മേഖലകളിൽ ഇറങ്ങിയ കാട്ടുപോത്തിനെ വനംവകുപ്പിന്റെ വിദഗ്ധ സംഘം വിജയകരമായി മയക്കുവെടി വെച്ച് പിടികൂടി. കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ S വൈശാഖ് IFS നിർദ്ദേശ പ്രകാരം ,കൊട്ടിയൂർ റെയ്ഞ്ച് ഓഫീസർ നിതിൻ രാജ് ടി.-യുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയ കാട്ടുപോത്തിനെ വയനാട് തോൽപ്പെട്ടി വന്യജീവി സങ്കേതത്തിലെത്തിച്ച് വനത്തിനുള്ളിൽ തുറന്നുവിട്ടു.

## Article Content

കണ്ണൂർ: തലശ്ശേരി എരഞ്ഞോളി ഉൾപ്പെടെയുള്ള ജനവാസ മേഖലകളിൽ ഇറങ്ങിയ കാട്ടുപോത്തിനെ വനംവകുപ്പിന്റെ വിദഗ്ധ സംഘം വിജയകരമായി മയക്കുവെടി വെച്ച് പിടികൂടി. കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ S വൈശാഖ് IFS നിർദ്ദേശ പ്രകാരം ,കൊട്ടിയൂർ റെയ്ഞ്ച് ഓഫീസർ നിതിൻ രാജ് ടി.-യുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയ കാട്ടുപോത്തിനെ വയനാട് തോൽപ്പെട്ടി വന്യജീവി സങ്കേതത്തിലെത്തിച്ച് വനത്തിനുള്ളിൽ തുറന്നുവിട്ടു.

കഴിഞ്ഞ രണ്ട് ദിവസങ്ങളായി കൂത്തുപറമ്പ്, പാനുണ്ട ഭാഗങ്ങളിൽ കാട്ടുപോത്തിന്റെ സാന്നിധ്യം വനംവകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷിച്ചു വരികയായിരുന്നു. മേയ് 7-ന് കതിരൂർ പാനുണ്ട ഭാഗത്ത് കണ്ടെത്തിയ കാട്ടുപോത്ത് പിന്നീട് വടക്കുമ്പാട് തോട്ടുമ്മൽ ഭാഗത്തെ സ്വകാര്യ ഭൂമിയിലെത്തുകയും ചെയ്തു. വനപ്രദേശത്തുനിന്നും ഏകദേശം 13.5 കിലോമീറ്റർ അകലെയുള്ള ജനസാന്ദ്രതയേറിയ മേഖലയായതിനാൽ കാട്ടുപോത്തിനെ സ്വാഭാവികമായി തുരത്തിയോടിക്കുന്നത് പ്രായോഗികമായിരുന്നില്ല. നാട്ടുകാരുടെ കടുത്ത ആശങ്ക കണക്കിലെടുത്ത് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ പ്രത്യേക അനുമതിയോടെയാണ് മയക്കുവെടി വെക്കാനുള്ള നടപടികൾ സ്വീകരിച്ചത്.

(09/05/2026) രാവിലെ തലശ്ശേരി എരഞ്ഞോളിയിലെ തലശ്ശേരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് കോളേജിന്റെ പുറക് വശത്തായി കാട്ടുപോത്തിനെ കണ്ടെത്തുകയും (ലൊക്കേറ്റ് ചെയ്യുകയും) തുടർന്ന് ദൗത്യം ആരംഭിക്കുകയും ചെയ്തു. ഡോ. ഇല്യാസ് റാവുത്തറുടെ നേതൃത്വത്തിലുള്ള മൂന്നംഗ ഡോക്ടർ സംഘമാണ് കാട്ടുപോത്തിനെ മയക്കുവെടി വെച്ചത്.

കൊട്ടിയൂർ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ടി. നിതിൻ രാജ്, കണ്ണൂർ ആർ.ആർ.ടി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ഷൈനി കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ പ്രമോദ് കുമാർ, സി.കെ. മഹേഷ് , സുനിൽകുമാർ എന്നിവരും കൊട്ടിയൂർ റെയ്ഞ്ച് സ്റ്റാഫും ദൗത്യത്തിൽ സജീവമായി പങ്കെടുത്തു. തലശ്ശേരി ടൗൺ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും നാട്ടുകാരും ദൗത്യസംഘത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകി.

പിടികൂടിയ കാട്ടുപോത്തിനെ പ്രത്യേക വാഹനത്തിൽ വയനാട് തോൽപ്പെട്ടി വന്യജീവി സങ്കേതത്തിൽ എത്തിച്ച് ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഉൾവനത്തിൽ തുറന്നുവിട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/358647/kannur)