---
title: "ജനഹൃദയങ്ങളിൽ ഒളിമങ്ങാത്ത നേതാവിന്റെ സ്‌മരണയ്ക്കായി നായനാർ അക്കാദമിയിൽ മ്യൂസിയം തുറന്നു"
english_title: "Museum at Nayanar Academy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35887/museum-at-nayanar-academy"
published_at: "2022-04-05T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624bdc9a73e27_Picsart_22-04-05_11-35-22-134.jpg"
keywords: []
---

# ജനഹൃദയങ്ങളിൽ ഒളിമങ്ങാത്ത നേതാവിന്റെ സ്‌മരണയ്ക്കായി നായനാർ അക്കാദമിയിൽ മ്യൂസിയം തുറന്നു

> **Lead Summary:** ജനഹൃദയങ്ങളിൽ ഒളിമങ്ങാത്ത നേതാവിന്റെ സ്‌മരണയ്ക്കായി നായനാർ അക്കാദമിയിൽ മ്യൂസിയം തുറന്നു. നായനാരുടെ സമരജീവിതവും പാർടിയുടെ പോരാട്ടവഴികളും അവതരിപ്പിക്കുകയാണ്‌ ഇവിടെ. മുഖ്യമന്ത്രി പിണറായി വിജയൻ മ്യൂസിയം ഉദ്ഘാടനം ചെയ്തു.

## Article Content

ജനഹൃദയങ്ങളിൽ ഒളിമങ്ങാത്ത നേതാവിന്റെ സ്‌മരണയ്ക്കായി നായനാർ അക്കാദമിയിൽ മ്യൂസിയം തുറന്നു. നായനാരുടെ സമരജീവിതവും പാർടിയുടെ പോരാട്ടവഴികളും അവതരിപ്പിക്കുകയാണ്‌ ഇവിടെ. മുഖ്യമന്ത്രി പിണറായി വിജയൻ മ്യൂസിയം ഉദ്ഘാടനം ചെയ്തു.

രാഷ്‌ട്രീയശത്രുക്കളുടെ മനസ്സിലുൾപ്പെടെ പ്രത്യേക സ്ഥാനം നേടിയ നേതാവാണ്‌ നായനാരെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ഏവരുടെയും സ്നേഹാദരം ഏറ്റുവാങ്ങിയ ആ ഘട്ടംമാത്രമല്ല, ത്യാഗവും പോരാട്ടവും യാതനയും നിറഞ്ഞ ഘട്ടങ്ങളും ആ ജീവിതത്തിലുണ്ട്‌.

പാർടിയുടെ ചരിത്രംകൂടിയാണ്‌ അവ. ഇതെല്ലാം കൃത്യമായി മനസ്സിലാക്കാൻ കഴിയുംവിധമാണ്‌ മ്യൂസിയം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും ഇ കെ നായനാർ ട്രസ്റ്റ്‌ ചെയർമാൻകൂടിയായ മുഖ്യമന്ത്രി പറഞ്ഞു.

പാർടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അധ്യക്ഷനായി. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ചിത്രീകരണങ്ങളും അവതരണങ്ങളും സമ്പന്നമാക്കിയ മ്യൂസിയം അക്കാദമിയുടെ ഒന്നാംഘട്ടമാണ്‌.

കമ്യൂണിസ്റ്റ്‌ പാർടിയുടെ വളർച്ചയിൽ കേരളത്തിന്റെ സംഭാവന ഇന്ത്യയിലെ കമ്യൂണിസ്‌റ്റുകാർക്ക്‌ ആഴത്തിൽ മനസ്സിലാക്കാൻ കഴിയുംവിധത്തിൽ അക്കാദമിയെ മാറ്റും. റഫറൻസിനും പഠനത്തിനുമുള്ള സൗകര്യം ഇവിടെ ഒരുക്കും.സിപിഐ എം പാർടി കോൺഗ്രസിനുമുന്നോടിയായാണ്‌ മ്യൂസിയം തുറന്നത്‌.

ഇന്ത്യയിൽത്തന്നെ ആദ്യമാണ്‌ ഇത്തരത്തിലൊരു മ്യൂസിയം. നായനാരുടെ സഹധർമിണി ശാരദ ടീച്ചർ, മക്കളായ സുധ, ഉഷ, കൃഷ്ണകുമാർ, വിനോദ്‌കുമാർ, മരുമകൻ കെ സി രവീന്ദ്രൻ എന്നിവരും ഉദ്ഘാടന ചടങ്ങിനെത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35887/museum-at-nayanar-academy)