---
title: "പുഴകളും തോടുകളും തടസമില്ലാതെ മാലിന്യമില്ലാതെ ഒഴുകട്ടെ"
english_title: "Rivers and streams"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35968/rivers-and-streams"
published_at: "2022-04-05T17:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624c2ed7229d8_Picsart_22-04-05_17-27-44-942.jpg"
keywords: []
---

# പുഴകളും തോടുകളും തടസമില്ലാതെ മാലിന്യമില്ലാതെ ഒഴുകട്ടെ

> **Lead Summary:** പുഴകളും തോടുകളും തടസമില്ലാതെ മാലിന്യമില്ലാതെ ഒഴുകട്ടെ. നീരൊഴുക്കുകൾ സംരക്ഷിക്കുക, മാലിന്യ രഹിതമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ചെറുപുഴ പഞ്ചായത്തിലെ മുളപ്ര തോട് ശുചീകരണ പ്രവൃത്തിയുമായി വിദ്യാർത്ഥികൾ രംഗത്തിറങ്ങിയപ്പോൾ നാടിൻ്റെ സ്വത്തായ തോട് ശുദ്ധമായി.

## Article Content

പുഴകളും തോടുകളും തടസമില്ലാതെ മാലിന്യമില്ലാതെ ഒഴുകട്ടെ. നീരൊഴുക്കുകൾ സംരക്ഷിക്കുക, മാലിന്യ രഹിതമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ചെറുപുഴ പഞ്ചായത്തിലെ മുളപ്ര തോട് ശുചീകരണ പ്രവൃത്തിയുമായി വിദ്യാർത്ഥികൾ രംഗത്തിറങ്ങിയപ്പോൾ നാടിൻ്റെ സ്വത്തായ തോട് ശുദ്ധമായി.

തിരുമേനി ഗവ.ഹയർ സെക്കൻ്ററി സ്‌കൂൾ എൻഎസ്എസ് വിദ്യാർഥികളും അധ്യാപകരും ഹരിത കർമ്മ സേനാംഗങ്ങളും ചേർന്നാണ് മുളപ്ര തോട് ശുചീകരിച്ചത്. മുളപ്ര ചെക്ക്ഡാമിലും സമീപത്തും അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിക്കുകയായിരുന്നു.

നൂറു കണക്കിനാളുകൾ കുളിക്കുന്നതിനും ജലസേചനത്തിനും മറ്റും ഉപയോഗിക്കുന്ന മുളപ്ര തോടിൻ്റെ ശുചീകരണ പ്രവൃത്തി ഏവർക്കും മാതൃകയായി. ഉദ്ഘാടന യോഗത്തിൽ പിടിഎ പ്രസിഡൻ്റ് റോയിസ് കുര്യൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തഗം മിനി മാത്യു ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തംഗം കെ.എം. ഷാജി, പ്രോഗ്രാം ഓഫീസർ ഹെനി എസ് ഹെർബർട്ട്, ഹരിത കർമ്മ സേനാംഗങ്ങളായ സുമ ഗോപൻ, ഷിജി അനീഷ്, വി.ബി. സിന്ധു, എൻഎസ്എസ് ലീഡർ എബിൻ അനോജ്, ജിബി മോൾ, അലീന റോയിസ് എന്നിവർ പ്രസംഗിച്ചു. ഗ്ലൗസ് ഉൾപ്പെടെ സുരക്ഷാ മുൻകരുതലുകൾ എടുത്താണ് വിദ്യാർഥികൾ ശുചീകരണ പ്രവൃത്തി നടത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35968/rivers-and-streams)