---
title: "പേരാവൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്ത രോഗബാധ വ്യാപിക്കുന്നതായി റിപ്പോർട്ട് "
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/360728/peravoor"
published_at: "2026-05-21T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0e8e659638d_1000084972.jpg"
keywords: []
---

# പേരാവൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്ത രോഗബാധ വ്യാപിക്കുന്നതായി റിപ്പോർട്ട് 

> **Lead Summary:** പേരാവൂർ: പേരാവൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്ത രോഗബാധ വ്യാപിക്കുന്നതായി ആരോഗ്യ വകുപ്പിന്റെ കണക്ക് വ്യക്തമാക്കുന്നു. 2026 ജനുവരി മുതൽ മേയ് വരെ പഞ്ചായത്തിലെ വിവിധ വാർഡുകളിലായി ആകെ 29 വൈറൽ ഹെപ്പറ്റൈറ്റിസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

## Article Content

പേരാവൂർ: പേരാവൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്ത രോഗബാധ വ്യാപിക്കുന്നതായി ആരോഗ്യ വകുപ്പിന്റെ കണക്ക് വ്യക്തമാക്കുന്നു. 2026 ജനുവരി മുതൽ മേയ് വരെ പഞ്ചായത്തിലെ വിവിധ വാർഡുകളിലായി ആകെ 29 വൈറൽ ഹെപ്പറ്റൈറ്റിസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വാർഡ് 2- കരിയാലാണ് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടെ മാത്രം 14 കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തുതു. മുരിങ്ങോടിയിലെ ഹാഷിം പാണൻ പൊറോൻ (37) ആണ് മരിച്ചത്,

ജനുവരിയിൽ വാർഡ് 14,15 എന്നിവിടങ്ങളിലായി രണ്ട് കേസുകളാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ഫെബ്രുവരിയിൽ വാർഡ് 8-ൽ ഒരു കേസ് കണ്ടെത്തി. മാർച്ചിൽ രോഗബാധ വർധിച്ച് അഞ്ച് കേസുകളായി. ഇതിൽ നാല് കേസുകൾ വാർഡ് 7-ലും ഒരു കേസ് വാർഡ് 5-ലുമായിരുന്നു.

ഏപ്രിലിൽ രോഗവ്യാപനം രൂക്ഷമായി. മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെ ഗ്രാമപഞ്ചായത്ത് ആരോഗ്യവകുപ്പിൻ്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.

കിണറുകൾ ക്ലോറിനേഷൻ ചെയ്യുന്നതിനൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെയും മറ്റ് ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെയും ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ വീടുകളിൽ എത്തി ബോധവൽക്കരണം നടത്തുന്നുണ്ട്.

ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്ന നിർദ്ദേശങ്ങൾ എല്ലാ വിഭാഗം ആളുകളും പാലിക്കണമെന്നും എല്ലാവരുടെയും വീടുകളും പരിസരങ്ങളും ശുചീകരിക്കണമെന്നും പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിഷ ബാലകൃഷ്‌ണൻ പറഞ്ഞു.

പ്രതിരോധ പ്രവർത്തനങ്ങൾക്ക് പേരാവൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യവിഭാഗം ഹെൽത്ത് ഇൻസ്പെക്ടർ പി കെ ശ്രീജിത്ത്, ജെ.എച്ച്.ഐ രേഷ്‌മ,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിഷ ബാലകൃഷ്ണൻ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുരേഷ് ചാലേറത്ത്, കെ.പി അബ്‌ദുൽ റഷീദ്, കെ. അംബുജാക്ഷൻ, ഷീബ ഗോപിനാഥ്,കെ.ജെ. ജോയിക്കുട്ടി, സ്മ‌ിത, ആശവർക്കർ രജിത തുടങ്ങിയവർ നേതൃത്വം നൽകി.

കുടിവെള്ള മലിനീകരണവും ശുചിത്വ പ്രശ്‌നങ്ങളും രോഗവ്യാപനത്തിന് കാരണമാകാമെന്ന ആശങ്ക ഉയരുന്നുണ്ട്. തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കണമെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും ആരോഗ്യ പ്രവർത്തകർ നിർദേശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/360728/peravoor)