---
title: "ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്‌; പേരാവൂർ സ്വദേശിക്ക് 54 ലക്ഷം രൂപ നഷ്‌ടമായി"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/360991/peravoor"
published_at: "2026-05-22T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1002234c688_1000086767.jpg"
keywords: []
---

# ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്‌; പേരാവൂർ സ്വദേശിക്ക് 54 ലക്ഷം രൂപ നഷ്‌ടമായി

> **Lead Summary:** തളിപ്പറമ്പ് : ഓൺലൈൻ ട്രേഡിങ്ങിലൂടെ വൻ ലാഭം വാഗ്ദാനം ചെയ്ത് പേരാവൂർ സ്വദേശിക്ക് 54 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു. പേരാവൂർ പെരുന്തോടിയിലെ പലേരി വീട്ടിൽ പി. ഗിരീഷിന്റെ പരാതിയിൽ കണ്ണൂർ റൂറൽ ജില്ലാ സൈബർ ക്രൈം പോലീസ് നാല് പേർക്കെതിരെ കേസെടുത്തു. രവികുമാർ, പാർവതി, ഇസ്രായേലി കമ്പനിയായ ഇടോറോ, ലോകനാഥൻ എന്നിവരുടെ പേരിലാണ് കേസ്.

## Article Content

തളിപ്പറമ്പ് : ഓൺലൈൻ ട്രേഡിങ്ങിലൂടെ വൻ ലാഭം വാഗ്ദാനം ചെയ്ത് പേരാവൂർ സ്വദേശിക്ക് 54 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു. പേരാവൂർ പെരുന്തോടിയിലെ പലേരി വീട്ടിൽ പി. ഗിരീഷിന്റെ പരാതിയിൽ കണ്ണൂർ റൂറൽ ജില്ലാ സൈബർ ക്രൈം പോലീസ് നാല് പേർക്കെതിരെ കേസെടുത്തു. രവികുമാർ, പാർവതി, ഇസ്രായേലി കമ്പനിയായ ഇടോറോ, ലോകനാഥൻ എന്നിവരുടെ പേരിലാണ് കേസ്.

ഓൺലൈൻ ട്രേഡിങ്ങിലൂടെ വൻ ലാഭം ഉണ്ടാക്കിത്തരാം എന്ന് പ്രലോഭിപ്പിച്ച് പ്രതിയായ രവികുമാർ വാട്‌സ്‌ആപ്പ് കോൾ വഴി ഗിരീഷിനെ വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് മറ്റ് മൂന്ന് പ്രതികളുമായി ഒത്തുചേർന്ന് പണം തട്ടിയെടുത്തു. 2026 ഫെബ്രുവരി 26 മുതൽ മാർച്ച് 30 വരെയുള്ള തീയതികളിൽ 18 തവണകളായി ആകെ 53,83,427 രൂപയാണ് ഗിരീഷ് പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചു നൽകിയത്.

ഗിരീഷിന്റെ സൗത്ത് ഇന്ത്യൻ ബാങ്ക്, എസ്.ബി.ഐ അക്കൗണ്ടുകളിൽ നിന്നും സുഹൃത്ത് പ്രമോദിന്റെ എസ്.ബി.ഐ അക്കൗണ്ടിൽ നിന്നുമാണ് പണം അയച്ചത്. റൂറൽ സൈബർ ക്രൈം പോലീസ് ഇൻസ്‌പെക്ടർ കെ.ജി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/360991/peravoor)