---
title: "ബിഹു നൃത്തത്തെ നെഞ്ചിലേറ്റി കണ്ണൂര്‍"
english_title: "Kannur embraces Bihu dance"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36235/kannur-embraces-bihu-dance"
published_at: "2022-04-07T07:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624e400aa34db_IMG_20220407_070509.jpg"
keywords: []
---

# ബിഹു നൃത്തത്തെ നെഞ്ചിലേറ്റി കണ്ണൂര്‍

> **Lead Summary:** **കണ്ണൂർ :**അസമിന്റെ സാംസ്‌കാരിക അടയാളമായ ബിഹു നൃത്തം നെഞ്ചിലേറ്റി കണ്ണൂരുകാര്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് അസം ജുംക കലാകേന്ദ്രയുടെ നേതൃത്വത്തില്‍ ബിഹു നൃത്തം അവതരിപ്പിച്ചത്.

## Article Content

**കണ്ണൂർ :**അസമിന്റെ സാംസ്‌കാരിക അടയാളമായ ബിഹു നൃത്തം നെഞ്ചിലേറ്റി കണ്ണൂരുകാര്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് അസം ജുംക കലാകേന്ദ്രയുടെ നേതൃത്വത്തില്‍ ബിഹു നൃത്തം അവതരിപ്പിച്ചത്.

അസമിലെ നാടോടി നൃത്ത രൂപമാണ് ബിഹു. കാര്‍ഷിക വൃത്തിയും വംശീയ സൗഹൃദവും ഈട്ടിയുറപ്പിക്കലാണ് ഈ കലാരൂപത്തിന്റെ ലക്ഷ്യം.

പ്രകൃതിയെയും പ്രണയത്തെയും കുറിച്ചുള്ള ഗാനങ്ങളാണ് ഇതില്‍ കൂടുതലായും ഉപയോഗിക്കുന്നത്. വര്‍ഷത്തില്‍ മൂന്ന് ബിഹുവാണ് അസമില്‍ ആഘോഷിക്കുന്നത്. ഒക്ടോബര്‍ മാസത്തില്‍ കാതി ബിഹുവും ജനുവരിയില്‍ മാഗ് ബിഹുവും ഏപ്രിലില്‍ രൊംഗാളി ബിഹുവും ആഘോഷിക്കുന്നു. രൊംഗാളി ബിഹു എന്നാല്‍ ആനന്ദത്തിന്റെ ഉത്സവമെന്നും ബൊഗാളി ബിഹു ഭക്ഷണത്തിന്റെ ഉത്സവമെന്നും കൊംഗാളി ബിഹു എന്നാല്‍ പാവങ്ങളുടെ ഉത്സവം എന്നുമാണ് അര്‍ത്ഥം. രൊംഗാളി ബിഹു വിതയക്കാനുള്ള സമയം വന്നെന്ന് ഓര്‍മപ്പെടുത്തുമ്പോള്‍ ഞാറ് പറിച്ചുനടാന്‍ കാലമായെന്ന് ഓര്‍മിപ്പിച്ചാണ് കൊംഗാളി ബിഹു എത്തുക. ഇരട്ട തലയുടെ ധോള്‍, കൊമ്പ്, പുല്ലാങ്കുഴല്‍, തുടങ്ങിയ സംഗീതോപകരണങ്ങളാണ് ബിഹുവിന് ഉപയോഗിക്കുന്നത്

കണ്ണൂരുകാര്‍ക്ക് പരിചിതമല്ലാത്ത കലാരൂപത്തെ നേരിട്ടറിയാന്‍ നൂറു കണക്കിന് ആളുകളാണ് പോലീസ് മൈതാനത്ത് എത്തിയത്. വേറിട്ട ചുവടുകളിലൂടെ ബിഹുവിന്റെ അന്തസത്ത ആസാമീസ് ഭാഷ അറിയാത്തവരുടെ ഹൃദയത്തില്‍ പോലും പതിഞ്ഞു. പവന്‍ സൈക്കിയല്‍, പാര്‍ത്ഥ സൈക്കിയ, പ്രഞ്ചല്‍, ഉദ്ധിപ്‌തോ നാരായണ്‍ ദാസ്, ചയാനിക ദുഡ്ഡ, ഋതുപർണ ബോറ, പ്രാങ്കന കശ്യപ് തുടങ്ങിയ കലാകാരന്‍മാരാണ് ബിഹു അവതരിപ്പിച്ചത്. ഇതോടൊപ്പം ഷൈന്‍ വെങ്കിടങ്ങ് ആന്റ് ഷീവോക്‌സ് ടീം അവതരിപ്പിച്ച ഗാനമേളയും കാണികള്‍ക്ക് മികച്ച അനുഭവമായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36235/kannur-embraces-bihu-dance)