---
title: "'ഒന്നിക്കണം'- ആവശ്യവുമായി വീണ്ടും സി.പി.ഐ"
english_title: "Must be together"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36297/must-be-together"
published_at: "2022-04-07T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624e9125d479f_Picsart_22-04-07_12-51-52-523.jpg"
keywords: []
---

# 'ഒന്നിക്കണം'- ആവശ്യവുമായി വീണ്ടും സി.പി.ഐ

> **Lead Summary:**  കമ്യൂണിസ്റ്റ് ഏകീകരണം എന്ന ആശയം വീണ്ടും മുന്നോട്ടുവെച്ച് സി.പി.ഐ. കമ്യൂണിസ്റ്റ് ഏകീകരണ ആവശ്യം രണ്ടു ദശാബ്ദമായി സി.പി.ഐ ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്.

## Article Content

 കമ്യൂണിസ്റ്റ് ഏകീകരണം എന്ന ആശയം വീണ്ടും മുന്നോട്ടുവെച്ച് സി.പി.ഐ. കമ്യൂണിസ്റ്റ് ഏകീകരണ ആവശ്യം രണ്ടു ദശാബ്ദമായി സി.പി.ഐ ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്.

സി.പി.എം. എപ്പോഴും ഇതു നിരാകരിക്കാറുണ്ടെങ്കിലും സി. പി.ഐ ഈ ലക്ഷ്യവുമായി മുന്നോട്ടുപോവുകയാണ്. സി.പി.എം. പാർട്ടി കോൺഗ്രസ് ഉദ്ഘാടനവേദിയിലും സി.പി. ഐ. ഈ ആവശ്യം മുന്നോട്ടുവെച്ചു.അഭിവാദ്യപ്രസംഗം നടത്തുമ്പോൾ സി.പി.ഐ ജനറൽ സെക്രട്ടറി ഡി.

രാജയാണ് ഈ ആവശ്യം വീണ്ടും സി.പി.എമ്മിനു മുന്നിൽവെച്ചത്. ആർ.എസ്.എസിന്റെ ഫാസിസ്റ്റ് നീക്കങ്ങൾ ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ എടുത്തുകാട്ടി, കമ്യൂണിസ്റ്റ് ഏകീകരണം അനിവാര്യമായിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് രാജ പറഞ്ഞു.

ഒരു നൂറ്റാണ്ടത്തെ പാരമ്പര്യം ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കുണ്ട്. രാജ്യത്തെ രാഷ്ട്രീയ അജൻഡ പാകപ്പെടുത്തുന്നതിൽ നിർണായകസ്ഥാനമാണ് കമ്യൂണിസ്റ്റ് പാർട്ടികൾക്കുള്ളത്.

ഇപ്പോൾ ഈ പാർട്ടികളുടെയെല്ലാം ഏകീകരണം അനിവാര്യമായിരിക്കുകയാണ്. ഞങ്ങൾ ഇക്കാര്യം തുടർച്ചയായി പറയുന്നുണ്ട്. തത്ത്വാധിഷ്ഠിത അടിസ്ഥാനത്തിലാണെങ്കിലും അത്തരമൊരു മുന്നേറ്റം ഇപ്പോൾ ആവശ്യമാണെന്നും രാജ പറഞ്ഞു.

രാജ്യത്തെ ഏറ്റവും അപകടകരമായ ആശയം കമ്യൂണിസമാണെന്ന് അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പറയുകയുണ്ടായി. അതു ശരിയാണ്. ആർ.എസ്.എസിന് കമ്യൂണിസ്റ്റുകൾ എന്നും അപകടകാരികളായിരിക്കും.

വർഗീയ അജൻഡയെയും ദേശീയ സ്വത്ത് കൊള്ളയടിക്കുന്നതിനെയും പൗരാവകാശങ്ങൾ ഹനിക്കുന്നതിനെയും എതിർക്കുന്ന കമ്യൂണിസ്റ്റുകൾ എന്നും ആർ.എസ്.എസിന് അപകടകാരികളായിരിക്കും. -രാജ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36297/must-be-together)