---
title: "മാസപ്പടി കേസ്: നിർണായകമായ 134 രേഖകൾ തേടി ഇഡി കോടതിയിൽ"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/364634/thiruvananthapuram"
published_at: "2026-06-08T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a26583182052_1000113650.jpg"
keywords: []
---

# മാസപ്പടി കേസ്: നിർണായകമായ 134 രേഖകൾ തേടി ഇഡി കോടതിയിൽ

> **Lead Summary:** കൊച്ചി: സി എം ആര്‍ എൽ - എക്സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ തൈക്കണ്ടിക്കെതിരായി എസ് എഫ് ഐ ഒ കണ്ടെത്തിയ തെളിവുകൾ ആവശ്യപ്പെട്ടുള്ള എൻഫോഴ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ അപേക്ഷ കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകൾ നൽകുന്ന കാര്യത്തിൽ എസ് എഫ് ഐ ഒ നിലപാട് നേരത്തെ പി എം എൽ എ കോടതി ചോദിച്ചിരുന്നു.

## Article Content

കൊച്ചി: സി എം ആര്‍ എൽ - എക്സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ തൈക്കണ്ടിക്കെതിരായി എസ് എഫ് ഐ ഒ കണ്ടെത്തിയ തെളിവുകൾ ആവശ്യപ്പെട്ടുള്ള എൻഫോഴ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ അപേക്ഷ കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകൾ നൽകുന്ന കാര്യത്തിൽ എസ് എഫ് ഐ ഒ നിലപാട് നേരത്തെ പി എം എൽ എ കോടതി ചോദിച്ചിരുന്നു.

എസ് എഫ് ഐ ഒ കസ്റ്റഡിയിലെടുത്ത 134 രേഖകൾ വേണമെന്നാണ് ഇ ഡിയുടെ ആവശ്യം. കരിമണൽ കമ്പനിയുമായി വീണയും എക്സാലോജിക്കുമുണ്ടാക്കിയ കരാർ പകർപ്പും, വീണയുമായി നടത്തിയ സാമ്പത്തിക ഇടപാട് രേഖകളും ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. വീണയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിന് മുമ്പ് പരമാവധി തെളിവുകൾ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി എന്നാണ് സൂചന.

മാസപ്പടി കേസിലെ കള്ളപ്പണ ഇടപാടിൽ വീണയെ പൂട്ടാൻ ലക്ഷ്യമിട്ടുള്ള നീക്കമാണ് ഇഡി നടത്തുന്നത്. എസ് എഫ് ഐ ഒ നേരത്തെ കസ്റ്റഡിയിലെടുത്ത പ്രധാന തെളിവുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് വേണമെന്നാണ് ആവശ്യം. ഇ ഡി അസിസ്റ്റന്‍റ് ഡയറക്ടർ അരുൺ കുമാർ ചാരി ആണ് പി എം എൽ എ കോടതിയെ സമീപിച്ചിരിക്കുന്നത്. ആവശ്യപ്പെട്ട തെളിവുകളെല്ലാം സി എം ആർ എല്ലും വീണയുമായി നടത്തിയ ഇടപാടുകളെക്കുറിച്ചുള്ള രേഖകളാണ്.

2016 ഡിസംബർ 30 ന് സി എം ആർ എല്ലുമായി വീണ ഉണ്ടാക്കിയ കരാറിന്‍റെ പകർപ്പ്, 2017 മാർച്ച് രണ്ടിന് എക്സാലോജിക്കും കരിമണൽ കമ്പനിയുമായി ഉണ്ടാക്കിയ കരാർ, എക്സാലോജിക് നൽകിയ സേവനങ്ങളുടെ വിശദാംശങ്ങൾ, എംപവർ ഇന്ത്യ ക്യാപിറ്റൽ കമ്പനിയുടെ ലോൺ വിശദാംശങ്ങൾ, വീണയുമായി കമ്പനി നടത്തിയ ലോൺ ഇടപാട് രേഖകൾ അടക്കം മുഴുവൻ സാമ്പത്തിക ഇടപാട് രേകകളും ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ എക്സാലോജിക്കിലെ ജീവനക്കാരുടേതടക്കമുള്ള മൊഴികളുടെ പകർപ്പും വേണമെന്നാണ് ആവശ്യം.

ഇ ഡി ആവശ്യപ്പെട്ട തെളിവുകൾ കൈമാറുന്നതിൽ എസ് എഫ് ഐ ഒ യുടെ നിലപാട് കോടതി തേടിയിട്ടുണ്ട്. വീണയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിന് മുമ്പ് തെളിവുകളെല്ലാം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്നാണ് സൂചന. കേസിൽ നടപടികളെല്ലാം വേഗത്തിലാക്കാനാണ് കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന യോഗത്തിൽ തീരുമാനമായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/364634/thiruvananthapuram)