---
title: "കരിനിയമങ്ങൾ ഉപയോഗിച്ച് കശ്മീരിൽ നേതാക്കളെ വേട്ടയാടുന്നു -തരിഗാമി"
english_title: "Tarigami"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36465/Tarigami"
published_at: "2022-04-08T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624fd8950cd76_IMG-20220408-WA0244.jpg"
keywords: []
---

# കരിനിയമങ്ങൾ ഉപയോഗിച്ച് കശ്മീരിൽ നേതാക്കളെ വേട്ടയാടുന്നു -തരിഗാമി

> **Lead Summary:**  ഇ.ഡി., എൻ.ഐ.എ തുടങ്ങിയ ഏജൻസികളെ ഉപയോഗിച്ച് കശ്മീരിലെ രാഷ്ട്രീയനേതാക്കളെ കേന്ദ്രസർക്കാർ വേട്ടയാടുന്നുവെന്ന് സി.പി.എം. ജമ്മുകശ്മീർ സംസ്ഥാന സെക്രട്ടറി മുഹമ്മദ് യൂസഫ് തരിഗാമി.

## Article Content

 ഇ.ഡി., എൻ.ഐ.എ തുടങ്ങിയ ഏജൻസികളെ ഉപയോഗിച്ച് കശ്മീരിലെ രാഷ്ട്രീയനേതാക്കളെ കേന്ദ്രസർക്കാർ വേട്ടയാടുന്നുവെന്ന് സി.പി.എം. ജമ്മുകശ്മീർ സംസ്ഥാന സെക്രട്ടറി മുഹമ്മദ് യൂസഫ് തരിഗാമി.

ഒമർ അബ്ദുല്ലയെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചോദ്യംചെയ്യാൻ വിളിപ്പിച്ചതു സംബന്ധിച്ച് കണ്ണൂരിൽ സി.പി.എം. പാർട്ടി കോൺഗ്രസിനിടെ പ്രതികരിക്കുകയായിരുന്നു തരിഗാമി.

അനുച്ഛേദം 370 റദ്ദാക്കിയശേഷം കശ്മീരിൽ സമാധാനം വന്നുവെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്. എന്നാൽ, ജനങ്ങളുമായി ബന്ധമുള്ള നേതാക്കളെ തിരഞ്ഞുപിടിച്ച് അപമാനിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.

വൻ നിക്ഷേപം വരുമെന്നും തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പറഞ്ഞെങ്കിലും നടപ്പായില്ല. കശ്മീരിപണ്ഡിറ്റുകൾ നേരിട്ടത് കൊടിയപീഡനമായിരുന്നു. എന്നാൽ, 2014 മുതൽ കേന്ദ്രത്തിൽ അധികാരത്തിലുള്ള എൻ.ഡി.എ. സർക്കാർ ഇവർക്കുവേണ്ടി ഒന്നുംചെയ്തില്ല.

അവരെ തിരിച്ചുകൊണ്ടുവരാനോ ആശ്വാസനടപടികൾ സ്വീകരിക്കാനോ ശ്രമിച്ചില്ല. പകരം അവരുടെ കണ്ണീര്, തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വിൽപ്പനച്ചരക്കാക്കാനാണ് ശ്രമിച്ചത്. ഇത് കശ്മീരിൽ ജനങ്ങൾ തമ്മിലുള്ള അകലം വർധിപ്പിക്കാനേ പ്രയോജനപ്പെടൂ –തരിഗാമി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36465/Tarigami)