---
title: "ബൈരക്കുപ്പ പാലത്തിന് ജീവന്‍ വയ്ക്കുന്നു; വയനാട്ടുകാര്‍ക്കും മൈസൂരു യാത്രക്കാര്‍ക്കും ആശ്വാസം"
english_title: "Wayanad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/366437/wayanad"
published_at: "2026-06-17T05:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ബൈരക്കുപ്പ പാലത്തിന് ജീവന്‍ വയ്ക്കുന്നു; വയനാട്ടുകാര്‍ക്കും മൈസൂരു യാത്രക്കാര്‍ക്കും ആശ്വാസം

> **Lead Summary:** വയനാട് : തറക്കല്ലിട്ടത് 1994ല്‍, കാത്തിരിപ്പ് 32 വര്‍ഷം. ഒടുവില്‍ ബൈരക്കുപ്പ പാലത്തിന് ജീവന്‍ വയ്ക്കുന്നു; വയനാട്ടുകാര്‍ക്കും മൈസൂരു യാത്രക്കാര്‍ക്കും വലിയ ആശ്വാസം

## Article Content

വയനാട് : തറക്കല്ലിട്ടത് 1994ല്‍, കാത്തിരിപ്പ് 32 വര്‍ഷം. ഒടുവില്‍ ബൈരക്കുപ്പ പാലത്തിന് ജീവന്‍ വയ്ക്കുന്നു; വയനാട്ടുകാര്‍ക്കും മൈസൂരു യാത്രക്കാര്‍ക്കും വലിയ ആശ്വാസം

കേരള-കര്‍ണാടക അതിര്‍ത്തികളെ ബന്ധിപ്പിക്കുന്നതും പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്നതുമായ ബൈരക്കുപ്പ പാലത്തിന്റെ നിര്‍മാണ നടപടികള്‍ വേഗത്തിലാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍. കബനി നദിക്ക് കുറുകെയുള്ള ഈ അന്തര്‍സംസ്ഥാന പാലത്തിന്റെ നിര്‍മാണം സംബന്ധിച്ച കാര്യങ്ങള്‍ ഉടന്‍ തന്നെ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് വയ്ക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ അറിയിച്ചു. ബെംഗളൂരുവില്‍ കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീറുമായി നടത്തിയ ചര്‍ച്ചയിലാണ് കര്‍ണാടക മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വയനാട് ജില്ലയിലെ പെരിക്കല്ലൂരിനെയും കര്‍ണാടകയിലെ ബൈരക്കുപ്പയെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഈ പാലം. 1994 സെപ്റ്റംബര്‍ 22ന് അന്നത്തെ കേരള, കര്‍ണാടക മുഖ്യമന്ത്രിമാരായിരുന്ന കെ. കരുണാകരനും വീരപ്പ മൊയ്‌ലിയും ചേര്‍ന്നാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. പിന്നീട് 2002ല്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ തത്വത്തിലുള്ള അംഗീകാരവും ഇതിന് ലഭിച്ചു.

പദ്ധതിയുടെ ഭാഗമായി കേരള അതിര്‍ത്തിയിലെ അപ്രോച്ച് റോഡിന്റെ നിര്‍മാണം നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. എന്നാല്‍ കര്‍ണാടക ഭാഗത്തെ ഭൂമി ഏറ്റെടുക്കലും പാരിസ്ഥിതിക അനുമതികളും വൈകിയതാണ് പദ്ധതി നീണ്ടുപോകാന്‍ കാരണമായത്. ഈ തടസ്സങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി പി.കെ ബഷീര്‍ കര്‍ണാടകയ്ക്ക് കത്ത് നല്‍കിയിരുന്നു. കൂടാതെ വയനാട് എം.പി പ്രിയങ്ക ഗാന്ധിയും വിഷയത്തില്‍ ഇടപെട്ട് ഇരു സര്‍ക്കാരുകള്‍ക്കും കത്തയച്ചിരുന്നു.

പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ ബെംഗളൂരുവിനും സുല്‍ത്താന്‍ ബത്തേരിക്കും ഇടയിലുള്ള യാത്രാദൂരം ഏകദേശം 40 കിലോമീറ്ററോളം കുറയും. ഇത് യാത്രാസമയത്തില്‍ വലിയ ലാഭമുണ്ടാക്കും. നിലവില്‍ ദേശീയപാത 766ല്‍ ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള രാത്രികാല യാത്രാ നിരോധനം കാരണം യാത്രക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഇതൊരു മികച്ച ബദല്‍ പാതയായി മാറും. പുല്‍പ്പള്ളി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് മൈസൂരു, ബെംഗളൂരു നഗരങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ ഈ വഴി സാധിക്കും.

കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ക്ക് വയനാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ മികച്ച ആശുപത്രികളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വിമാനത്താവളങ്ങളിലേക്കും വേഗത്തില്‍ എത്താന്‍ ഈ പാലം സഹായിക്കുമെന്ന് മന്ത്രി പി.കെ ബഷീര്‍ ചൂണ്ടിക്കാട്ടി. മേഖലയിലെ ടൂറിസം, കാര്‍ഷിക, വാണിജ്യ രംഗങ്ങളിലും ഇത് വലിയ കുതിച്ചുചാട്ടമുണ്ടാക്കും. കര്‍ണാടക ഭാഗത്തെ അപ്രോച്ച് റോഡിനായി ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/366437/wayanad)