---
title: "മാർ ജോസഫ് പാംപ്ലാനിയുടെ സ്ഥാനാരോഹണം ഏപ്രിൽ 20 ന് ; ഒരുക്കങ്ങൾ പുരോഗമിക്കുന്നു."
english_title: "Mar Joseph Pamplani ascension on April 20; Preparations are in progress."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36939/mar-joseph-pamplani-ascension-on-april-20-preparations-are-in-progress"
published_at: "2022-04-11T07:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62538d430d2b5_InShot_20220411_073646239.jpg"
keywords: []
---

# മാർ ജോസഫ് പാംപ്ലാനിയുടെ സ്ഥാനാരോഹണം ഏപ്രിൽ 20 ന് ; ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

> **Lead Summary:** **തലശ്ശേരി** : തലശ്ശേരി അതിരൂപതയുടെ നിയുക്ത മെത്രാപ്പോലീത്ത മാർ ജോസഫ് പാംപ്ലാനിയുടെ സ്ഥാനാരോഹണവും വിരമിക്കുന്ന മാർ ജോർജ് ഞരളക്കാട്ടിന്റെ യാത്രയയപ്പും 20-ന് നടക്കും. 

## Article Content

**തലശ്ശേരി** : തലശ്ശേരി അതിരൂപതയുടെ നിയുക്ത മെത്രാപ്പോലീത്ത മാർ ജോസഫ് പാംപ്ലാനിയുടെ സ്ഥാനാരോഹണവും വിരമിക്കുന്ന മാർ ജോർജ് ഞരളക്കാട്ടിന്റെ യാത്രയയപ്പും 20-ന് നടക്കും. 

തലശ്ശേരി സെയ്ന്റ് ജോസഫ്സ് കത്തീഡ്രലിൽ രാവിലെ ഒൻപതിന് ആരംഭിക്കുന്ന സ്ഥാനാരോഹണ കർമങ്ങൾക്ക് സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും.

ആർച്ച് ബിഷപ്പുമാരായ മാർ ജോർജ് ഞരളക്കാട്ട്, മാർ ജോർജ് വലിയമറ്റം എന്നിവർ സഹകാർമികരാകും. സിറോ മലങ്കര സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ വചനസന്ദേശം നൽകും. പൊതുസമ്മേളനം ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ പ്രസിഡന്റ് കർദിനാൾ ഡോ. ഓസ്വാൾ‍‍ഡ് ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്യും

 

ഇന്ത്യയിയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ലെയോപോൾദോ ജിറേല്ലി മുഖ്യാതിഥിയാകും. കേന്ദ്രമന്ത്രി വി. മുരളീധരൻ, മന്ത്രിമാരായ എം.വി. ഗോവിന്ദൻ, റോഷി അഗസ്റ്റിൻ, കൊച്ചി രൂപതാധ്യക്ഷൻ ഡോ. ജോസഫ് കരിയിൽ, ബൽത്തങ്ങാടി രൂപതാധ്യക്ഷൻ മാർ ലോറൻസ് മുക്കുഴി, എം.പി.മാരായ കെ. സുധാകരൻ, ജോൺ ബ്രിട്ടാസ്, കെ. മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ, പി.സന്തോഷ്‌കുമാർ, സിറോ മലബാർ, മലങ്കര, ലത്തീൻ സഭകളിൽനിന്നുള്ള ആർച്ച് ബിഷപ്പുമാർ, ബിഷപ്പുമാർ തുടങ്ങിയവർ ചടങ്ങിൽ വിശിഷ്ടാതിഥികളായിരിക്കും.

കണ്ണൂർ, കാസർകോട് ജില്ലകളിലെ 250 പള്ളികളെ പ്രതിനിധാനംചെയ്ത്‌ 5000 പേർ പങ്കെടുക്കും. മോൺ അലക്സ് താരാമംഗലം ചെയർമാനും, മോൺ ജോസഫ് ഒറ്റപ്ലാക്കൽ ജനറൽ കൺവീനറും പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ കൺവീനറുമായുള്ള സംഘാടകസമിതി സ്ഥാനാരോഹണ ചടങ്ങുകൾക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36939/mar-joseph-pamplani-ascension-on-april-20-preparations-are-in-progress)