---
title: "വിഷുവിനെ വരവേൽക്കാനൊരുങ്ങി കണിക്കൊന്നകൾ പൂത്തുലഞ്ഞു"
english_title: "The buds bloomed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37049/the-buds-bloomed"
published_at: "2022-04-11T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6254004c4ad2e_Picsart_22-04-11_15-47-10-582.jpg"
keywords: []
---

# വിഷുവിനെ വരവേൽക്കാനൊരുങ്ങി കണിക്കൊന്നകൾ പൂത്തുലഞ്ഞു

> **Lead Summary:** വിഷുവിനെ വരവേൽക്കാനൊരുങ്ങി കണിക്കൊന്നകൾ പൂത്തുലഞ്ഞു. വിഷുവിന് ഒരാഴ്ച്ച മാത്രം അവശേഷിക്കെ സ്വർണ്ണവർണ്ണമണിഞ്ഞിരിക്കയാണ് നാടും, നഗരവും.

## Article Content

വിഷുവിനെ വരവേൽക്കാനൊരുങ്ങി കണിക്കൊന്നകൾ പൂത്തുലഞ്ഞു. വിഷുവിന് ഒരാഴ്ച്ച മാത്രം അവശേഷിക്കെ സ്വർണ്ണവർണ്ണമണിഞ്ഞിരിക്കയാണ് നാടും, നഗരവും.

വിഷുക്കണികണ്ടുണർന്ന് പുതുവർഷത്തെ വരവേൽക്കുന്ന മലയാളിക്ക് ഒഴിച്ചുകൂടാനാവാത്തതാണ് കണിക്കൊന്ന.

പഴവർഗ്ഗങ്ങളും, പച്ചക്കറികളും, ധാന്യങ്ങളും, നാണയവും,സ്വർണ്ണവും ഉൾപ്പെടെയുള്ള കണിവസ്തുക്കളിലെ പ്രഥമ സ്ഥാനമാണ് കൊന്നപ്പൂവിനുള്ളത്. അതുകൊണ്ടുതന്നെ മലയാളികളുടെ മനസ്സിലും, വീടുകളിലും വലിയ സ്ഥാനവും കൊന്നപ്പൂവിനുണ്ട്.

സാമൂഹ്യ വനവത്ക്കരണത്തിൻ്റെ ഭാഗമായി വനം വകുപ്പും, കൃഷി വകുപ്പുമെല്ലാം യഥേഷ്ടം കൊന്ന തൈകൾ വിതരണം ചെയ്തതിലൂടെ ഇപ്പോൾ കൊന്നപ്പൂക്കൾ പൊതുസ്ഥലങ്ങളിലും വ്യാപകമാണ്.

അതോടൊപ്പം വീടുകളിലും, ക്വാർട്ടേഴ്സുകളിലുമെല്ലാം വ്യാപകമായി കൊന്നമരങ്ങൾ നട്ടുപിടിപ്പിക്കുന്നുമുണ്ട്. പൂത്തുലഞ്ഞ് നിൽക്കുന്ന കണിക്കൊന്നകൾക്ക് മുൻപിൽ നിന്ന് ഫോട്ടോ ഷൂട്ട് ചെയ്യുന്നവരും നിരവധിയാണ്.

കൂത്തുപറമ്പ് പോലീസ് ക്വാർട്ടേഴ്സിലെ കണിക്കൊന്നക്ക് മുൻപിൽ നിരവധി കുടുംബങ്ങളാണ് ഫോട്ടോ ഷൂട്ടിനെത്തുന്നത്. അനുദിനം ഭൂമി വരണ്ടുണങ്ങുമ്പോഴാണ് മനസ്സിന് കുളിരേകിക്കൊണ്ട് കൊന്നമരം പൂത്തുനിൽക്കുന്നത്.

പാതയോരങ്ങളിലും മറ്റും പൂത്തുനിൽക്കുന്ന കണിക്കൊന്നകൾ മലയാളികളുടെ സ്വകാര്യ അഹങ്കാരം കൂടിയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37049/the-buds-bloomed)