---
title: " പതിനേഴുകാരിയെ ക്രൂരപീഡനത്തിനിരയാക്കിയ കേസില്‍ കുട്ടിയുടെ മുത്തശ്ശിക്കും അമ്മയ്ക്കും പങ്കെന്ന് പൊലീസ്"
english_title: "Police say the child's grandmother and mother were involved in the case of the brutal abuse of a 17-year-old girl"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37071/police-say-the-childs-grandmother-and-mother-were-involved-in-the-case-of-the-brutal-abuse-of-a-17-year-old-girl"
published_at: "2022-04-11T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625414845bbd8_images (17).jpeg"
keywords: []
---

#  പതിനേഴുകാരിയെ ക്രൂരപീഡനത്തിനിരയാക്കിയ കേസില്‍ കുട്ടിയുടെ മുത്തശ്ശിക്കും അമ്മയ്ക്കും പങ്കെന്ന് പൊലീസ്

> **Lead Summary:** **തൊടുപുഴ**: പതിനേഴുകാരിയെ ഒന്നര വര്‍ഷത്തോളം തുടര്‍ച്ചയായി ക്രൂരപീഡനത്തിനിരയാക്കിയ കേസില്‍ കുട്ടിയുടെ മുത്തശ്ശിക്കും അമ്മയ്ക്കും പങ്കെന്ന് പൊലീസ്.

## Article Content

**തൊടുപുഴ**: പതിനേഴുകാരിയെ ഒന്നര വര്‍ഷത്തോളം തുടര്‍ച്ചയായി ക്രൂരപീഡനത്തിനിരയാക്കിയ കേസില്‍ കുട്ടിയുടെ മുത്തശ്ശിക്കും അമ്മയ്ക്കും പങ്കെന്ന് പൊലീസ്.

പീഡനം നടന്നത് ഇരുവരുടെയും ഒത്താശയോടെയാണെന്ന് കണ്ടെത്തല്‍.

ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ശിശുക്ഷേമ സമിതി പൊലീസിന് നിര്‍ദേശം നല്‍കി. നേരത്തെ 2020ല്‍ കുട്ടിയുടെ ബാലവിവാഹം നടത്തിയിരുന്നു. ഈ സംഭവത്തില്‍ കുട്ടിയുടെ അമ്മയ്ക്കെതിരെ കേസെടുത്തിരുന്നു.

ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് ഒരു ഇടനിലക്കാരനാണ് ദരിദ്ര കുടുംബാംഗമായ പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ചവച്ചത്. ഇരയായ പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയാണ്. കേസില്‍ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇടനിലക്കാരന്‍ കുമാരംമംഗലം മംഗലത്ത് വീട്ടില്‍ രഘു (ബേബി- 51), കെ.എസ്.ഇ.ബി. ജീവനക്കാരന്‍ കല്ലൂര്‍ക്കാട് വെള്ളാരംകല്ല് സ്വദേശി വാളമ്ബിള്ളില്‍ സജീവ് (55), കോട്ടയം രാമപുരം കുറിഞ്ഞി മണിയാടുംപാറ സ്വദേശി കൊട്ടൂര്‍ തങ്കച്ചന്‍ (56), ഇടവെട്ടി വലിയജാരം പോക്കളത്ത് വീട്ടില്‍ ബിനു (43), പടിഞ്ഞാറേ കോടിക്കുളം പാറപ്പുഴ പിണക്കാട്ടു വീട്ടില്‍ തോമസ് ചാക്കോ (27), മലപ്പുറം പെരുന്തല്‍മണ്ണ മാളിയേക്കല്‍ വീട്ടില്‍ ജോണ്‍സണ്‍ (50) എന്നിവരെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവരുള്‍പ്പെടെ പതിനഞ്ചോളം പേര്‍ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. 15 വയസ് മുതലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിക്ക് അച്ഛനില്ല. അമ്മ സുഖമില്ലാതെ കിടക്കുകയായിരുന്നു. ഈ അവസരം മുതലെടുത്ത് ബ്രോക്കറായ രഘു ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് 2020 അവസാനത്തോടെ പെണ്‍കുട്ടിയെ സമീപിക്കുകയായിരുന്നു.

ഇയാളെ വിശ്വസിച്ചാണ് പെണ്‍കുട്ടി രഘുവിനൊപ്പം തങ്കച്ചനെ പരിചയപ്പെടാനെത്തിയത്. ഇയാളാണ് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. തുടര്‍ന്ന് വന്‍ തുക വാങ്ങി പെണ്‍കുട്ടിയെ പലരുടെയും അടുത്ത് എത്തിക്കുകയായിരുന്നു. രണ്ട് മാസം മുമ്ബ് വരെ പീഡനം തുടര്‍ന്നു.

വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയും തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ബാക്കിയുള്ള പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

പോക്‌സോ ചുമത്തി പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തൊടുപുഴ ഡിവൈ.എസ്.പി. ജീന്‍പോളിന്റെ നേതൃത്വത്തില്‍ സി.ഐ വി.സി. വിഷ്ണുകുമാര്‍, എസ്.ഐമാരായ കൃഷ്ണന്‍ നായര്‍, ഹരിദാസ്, എ.എസ്.ഐമാരായ ഷംസുദ്ദീന്‍, നജീബ്, നിസാര്‍, ഉഷാദേവി, എസ്.സി.പി.ഒ. ബിന്ദു, സി.പി.ഒ നീതു എന്നിവരാണ് അന്വേഷണം നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37071/police-say-the-childs-grandmother-and-mother-were-involved-in-the-case-of-the-brutal-abuse-of-a-17-year-old-girl)