---
title: "മണ്ണിലെ മനുഷ്യരെല്ലാം ഒന്നാണെന്ന്   ഓർമ്മിപ്പിച്ച് 'മരത്തൻ'"
english_title: "That all human beings in the soil are one 'Marathan' as a reminder"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37151/that-all-human-beings-in-the-soil-are-one-marathan-as-a-reminder"
published_at: "2022-04-12T07:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6254d7191a179_IMG_20220412_070334.jpg"
keywords: []
---

# മണ്ണിലെ മനുഷ്യരെല്ലാം ഒന്നാണെന്ന്   ഓർമ്മിപ്പിച്ച് 'മരത്തൻ'

> **Lead Summary:** **കണ്ണൂർ :**മണ്ണിലെ മനുഷ്യരെല്ലാം ഒന്നാണെന്നും എല്ലാ മനുഷ്യന്റെയും ചോര ഒന്നാണെന്നുമുള്ള ഓർമ്മപ്പെടുത്തലുമായി കെ പി എ സിയുടെ 'മരത്തൻ-1892' നാടകം കണ്ണൂരിൽ നിറഞ്ഞ സദസ്സിൽ അരങ്ങേറി. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ പോലീസ് മൈതാനിയിലെ 'എന്റെ കേരളം' അരങ്ങിലാണ് 'മരത്തൻ' അരങ്ങേറിയത്. കണ്ണൂരിലെ നാടക പ്രേമികൾ ആവേശത്തോടെയാണ് നാടകം സ്വീകരിച്ചത്.

## Article Content

**കണ്ണൂർ :**മണ്ണിലെ മനുഷ്യരെല്ലാം ഒന്നാണെന്നും എല്ലാ മനുഷ്യന്റെയും ചോര ഒന്നാണെന്നുമുള്ള ഓർമ്മപ്പെടുത്തലുമായി കെ പി എ സിയുടെ 'മരത്തൻ-1892' നാടകം കണ്ണൂരിൽ നിറഞ്ഞ സദസ്സിൽ അരങ്ങേറി. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ പോലീസ് മൈതാനിയിലെ 'എന്റെ കേരളം' അരങ്ങിലാണ് 'മരത്തൻ' അരങ്ങേറിയത്. കണ്ണൂരിലെ നാടക പ്രേമികൾ ആവേശത്തോടെയാണ് നാടകം സ്വീകരിച്ചത്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ പോത്തേരി കുഞ്ഞമ്പു രചിച്ച 'സരസ്വതീവിജയം' എന്ന നോവലിനാണ് കെപിഎസി രംഗഭാഷ്യം ഒരുക്കിയത്. ജനിപ്പിന്റെ വേദന മറക്കാൻ തൊണ്ട പൊട്ടി പാടിയ പാട്ടിന്റെ പേരിൽ ജൻമിത്തം ചളിയിൽ ചവിട്ടിത്താഴ്ത്തിയ ദളിതന്റെ ഉയർത്തെഴുന്നേൽപിന്റെ കഥയാണ് 'മരത്തൻ'. മരത്തന്റെ കൊലപാതകത്തിൻമേൽ ബ്രിട്ടീഷ് കോടതിയുടെ അന്വേഷണത്തിനൊടുവിൽ ജൻമിയായ കുബേരൻ നമ്പൂതിരിയുടെ കുടുംബം തകരുന്നു. ജൻമി നാടുവിട്ട് ആസേതു ഹിമാചലം അലഞ്ഞ് ഒടുവിൽ മനുഷ്യനായി തിരിച്ചെത്തുന്നു. വിചാരണയ്‌ക്കൊടുവിൽ അയാളെ ജഡ്ജി വെറുതെ വിടുന്നു. ജഡ്ജി കാത്തുസൂക്ഷിച്ച സത്യം പുറത്തുവിടുന്നു. മരത്തൻ കൊല്ലപ്പെട്ടിട്ടില്ലെന്നും ചളിയിൽനിന്ന് ഉയിർത്തെഴുന്നേറ്റ മരത്തനാണ് ജഡ്ജിയായ യേശുദാസനെന്ന താനെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഒടുവിൽ മനുസ്മൃതിയും വേദവും അനാചാരങ്ങളും അധികാരഹുങ്കും അരങ്ങുവാണ തന്റെ ഇല്ലം ജാതിരഹിതമായ വീടായി മാറിയതായി കുബേരൻ തന്റെ ജാതി വാൽ മുറിച്ചുകളഞ്ഞ് പ്രഖ്യാപിക്കുന്നു.

127 വർഷം മുമ്പ് പിറന്ന നോവലിനെ ചെറിയ കൂട്ടിച്ചേർക്കലോടെയാണ് പുതിയകാലത്ത് അവതരിപ്പിച്ചത്. സുഭദ്ര അന്തർജനം, മരത്തൻ, കുബേരൻ നമ്പൂതിരി, ഭവശർമൻ, യജ്ഞൻ തുടങ്ങിയവരാണ് കഥാപാത്രങ്ങൾ.

സുരേഷ്ബാബു ശ്രീസ്ഥ രചന നിർവ്വഹിച്ച നാടകത്തിന്റെ സംവിധായകൻ മനോജ് നാരായണനാണ്. നാടൻപാട്ടിനും ചങ്ങമ്പുഴയുടെ കവിതയ്ക്കും എം കെ അർജുനൻ മാഷാണ് സംഗീതം പകർന്നത്. കല്ലറ ഗോപനും അപർണ രാജീവുമാണ് ഗായകർ. കെ കലേഷ്, ദേവൻ കൃഷ്ണ, കെ കെ വിനോദ്, ജയരാജ് ഞാറ്റുവയൽ, റിജേഷ് തളിയിൽ, ശെൽവി, അജീഷ്, അനിതാശെൽവി, ജയ പി താനം, അജിത കൃഷ്ണൻ തുടങ്ങിയവരാണ് അഭിനേതാക്കൾ. ആർടിസ്റ്റ് സുജാതനാണ് രംഗപടം. ബിജുലാൽ ദീപനിയന്ത്രണവും രമേശ് കണ്ടല്ലൂർ വേഷവിധാനവും നിർവഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37151/that-all-human-beings-in-the-soil-are-one-marathan-as-a-reminder)