---
title: "വിഷു വീട്ടുപടിക്കൽ എത്തിയതോടെ സജീവമായി പടക്ക വിപണിയും"
english_title: "With the arrival of Vishu on the doorstep, there will be an active firecracker market"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37162/with-the-arrival-of-vishu-on-the-doorstep-there-will-be-an-active-firecracker-market"
published_at: "2022-04-12T07:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6254e354a3c3d_IMG_20220412_075413.jpg"
keywords: []
---

# വിഷു വീട്ടുപടിക്കൽ എത്തിയതോടെ സജീവമായി പടക്ക വിപണിയും

> **Lead Summary:** **കണ്ണൂർ : **വിഷു വീട്ടുപടിക്കൽ എത്തിയതോടെ സജീവമായി പടക്ക വിപണിയും. കോവിഡ് ഭീതി കുറയുകയും ആൾക്കൂട്ടനിയന്ത്രണങ്ങൾ പിൻവലിക്കുകയും ചെയ്തതോടെ ഇത്തവണ വിഷു പൊടിപൂരമാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ. നിറങ്ങൾ വാരിവിതറുന്ന പടക്കങ്ങൾക്കാണ് ഇപ്പോൾ ഏറെ പ്രിയം.

## Article Content

**കണ്ണൂർ : **വിഷു വീട്ടുപടിക്കൽ എത്തിയതോടെ സജീവമായി പടക്ക വിപണിയും. കോവിഡ് ഭീതി കുറയുകയും ആൾക്കൂട്ടനിയന്ത്രണങ്ങൾ പിൻവലിക്കുകയും ചെയ്തതോടെ ഇത്തവണ വിഷു പൊടിപൂരമാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ. നിറങ്ങൾ വാരിവിതറുന്ന പടക്കങ്ങൾക്കാണ് ഇപ്പോൾ ഏറെ പ്രിയം.

എങ്കിലും, കാതടപ്പിക്കുന്ന ശബ്ദത്തോടെ പൊട്ടുന്ന പടക്കങ്ങളുടെ പ്രതാപം കുറഞ്ഞിട്ടുമില്ല. മുകളിലേക്ക് ഉയർന്ന് കറങ്ങി പൊട്ടിച്ചിതറുന്ന ‘ഹെലികോപ്റ്റർ’ പടക്കമാണ് ഇത്തവണ വിഷുവിന് താരം.

250 രൂപയ്ക്ക് മുകളിലാണ് വില. നിലത്തുവെച്ച് കത്തിച്ചാൽ മയിലിനെപോലെ എല്ലാവശത്തേക്കും നിറങ്ങൾ വിരിയുമെന്നതാണ് പീക്കോക്ക് പടക്കത്തിന്റെ പ്രത്യേകത. ഇവകൂടാതെ, കത്തിയശേഷം പൊട്ടുന്ന പൂക്കുറ്റിയും നിറംമാറുന്ന നിലചക്രങ്ങളുമെല്ലാം പടക്കക്കടകളിൽ വില്പനയ്ക്കായി നിരന്നിട്ടുണ്ട്. റോക്കറ്റ് രണ്ട് സൗണ്ട്, മൂന്ന് സൗണ്ട് പടക്കങ്ങളാണ് വിപണിയിലെ പുതുതാരങ്ങൾ. സ്പൈസ് റെഡ്, ബ്ലാസ്റ്റ്, ബാറ്റ്മാൻ, ഡാർക്ക് ഫാന്റസി തുടങ്ങിയ പേരുകളിൽ പുതുമയാർന്ന പടക്കങ്ങളും വിഷുവിന് പൊട്ടാൻ തയ്യാറാണ്.

അപകടരഹിതമായ ഹരിത പടക്കങ്ങളാണ് ഇത്തവണ വിപണിയിലേറെയും. പത്തുരൂപ മുതൽ 10,000 രൂപയുടെ പടക്കങ്ങൾവരെ വിപണിയിലുണ്ട്. നിലച്ചക്രങ്ങളുടെയും കമ്പിത്തിരികളുടെയും വില തുടങ്ങുന്നത് പത്തുരൂപയിലാണ്. പച്ചയും ചുവപ്പും നിറങ്ങൾ വിതറുന്ന നിലച്ചക്രങ്ങൾക്ക് 150 രൂപയാകും. നൂറുരൂപയിൽ തുടങ്ങുന്ന മാലപ്പടക്കങ്ങൾക്കും 50 രൂപയിൽ തുടങ്ങുന്ന പൂത്തിരിക്കുമെല്ലാം ആവശ്യക്കാരേറെയാണ്. നിർമാണസാമഗ്രികളുടെ ദൗർലഭ്യം പടക്കവിപണിക്ക്‌ ക്ഷീണമാകുന്നുണ്ടെങ്കിലും ഇത്തവണ വിഷു കളറാകുമെന്നാണ് കച്ചവടക്കാർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37162/with-the-arrival-of-vishu-on-the-doorstep-there-will-be-an-active-firecracker-market)