---
title: "വിയറ്റ്‌നാം ബോട്ടപകടം : മരിച്ച മലയാളികള്‍ ഉള്‍പ്പടെയുള്ളവരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും"
english_title: "Kollam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/371947/kollam"
published_at: "2026-07-12T08:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a52ff6cd9a0f_1000170354.jpg"
keywords: []
---

# വിയറ്റ്‌നാം ബോട്ടപകടം : മരിച്ച മലയാളികള്‍ ഉള്‍പ്പടെയുള്ളവരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും

> **Lead Summary:** കൊല്ലം: വിയറ്റ്‌നാം ബോട്ടപകടത്തില്‍ മരിച്ച മലയാളികള്‍ ഉള്‍പ്പടെയുള്ളവരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും. മരിച്ച 15 ഇന്ത്യക്കാരുടെയും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വിയറ്റ്‌നാമില്‍ പൂര്‍ത്തിയായി. മൃതദേഹങ്ങള്‍ വിവിധ വിമാനങ്ങളില്‍ സ്വന്തം നാടുകളിലേക്ക് എത്തിക്കാനാണ് നീക്കം. കൊല്ലം സ്വദേശികളായ എസി തോമസും ഭാര്യ ലൊവേനിയുമാണ് അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട മലയാളികള്‍.

## Article Content

കൊല്ലം: വിയറ്റ്‌നാം ബോട്ടപകടത്തില്‍ മരിച്ച മലയാളികള്‍ ഉള്‍പ്പടെയുള്ളവരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും. മരിച്ച 15 ഇന്ത്യക്കാരുടെയും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വിയറ്റ്‌നാമില്‍ പൂര്‍ത്തിയായി. മൃതദേഹങ്ങള്‍ വിവിധ വിമാനങ്ങളില്‍ സ്വന്തം നാടുകളിലേക്ക് എത്തിക്കാനാണ് നീക്കം. കൊല്ലം സ്വദേശികളായ എസി തോമസും ഭാര്യ ലൊവേനിയുമാണ് അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട മലയാളികള്‍.

32 വിനോദസഞ്ചാരികളും നാല് ജീവനക്കാരുമാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇതില്‍ 21 പേരെ രക്ഷപ്പെടുത്തി. മരിച്ച 15 പേരില്‍ മൂന്ന് പേര്‍ ആന്ധ്രാപ്രദേശില്‍ നിന്നുള്ളവരും 10 പേര്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരുമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വിയറ്റ്‌നാമിലെ ഫൂക്വോക്കിന് സമീപമാണ് ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്. ഹോണ്‍ മേയ് റൂട്ട് എന്‍ഗോയ് ദ്വീപില്‍ നിന്നും ആന്‍ തോയ് തുറമുഖത്തേക്ക് യാത്ര തിരിച്ച ബോട്ടാണ് മറിഞ്ഞത്. യാത്ര തിരിച്ച് 400 മീറ്റര്‍ പിന്നട്ടതോടെയായിരുന്നു അപകടം. കടല്‍ പ്രക്ഷുബ്ദമായതും ശക്തമായ കാറ്റും അപകടത്തിന് കാരണമായെന്നാണ് വിവരം. ബോട്ട് തലകീഴായി മറിഞ്ഞു. സമീപത്തുണ്ടായിരുന്ന ബോട്ടുകളാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തെത്തിയത്. പിന്നാലെ അതിര്‍ത്തി രക്ഷാസേനയും നാവിക സേനയും കോസ്റ്റ് ഗാര്‍ഡും അടക്കം രക്ഷാപ്രവര്‍ത്തനത്തിനായെത്തി.

ജൂലൈ ഏഴിനാണ് തോമസും ലൊവേനിയും വിയറ്റ്‌നാമിലേക്ക് യാത്ര പോയത്. ബസിനസുമായി ബന്ധപ്പെട്ട് ലഭിച്ച ടൂര്‍ പാക്കേജിലാണ് ഇവര്‍ യാത്ര ചെയ്തതെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ അപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ നേര്‍ന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/371947/kollam)