---
title: "കണ്ണൂർ കാർ അപകടം: ചികിത്സയിലായിരുന്ന 21കാരനും മരിച്ചു; മരണം അഞ്ചായി"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/371982/kannur"
published_at: "2026-07-12T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a53394b42fac_1000170681.jpg"
keywords: []
---

# കണ്ണൂർ കാർ അപകടം: ചികിത്സയിലായിരുന്ന 21കാരനും മരിച്ചു; മരണം അഞ്ചായി

> **Lead Summary:** കണ്ണൂർ: കണ്ണൂർ ചാലോട് കാര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചാമത്തെയാളും മരിച്ചു. തൃശ്ശൂര്‍ തിരുവമ്പാടി സ്വദേശി ആദിത്യ കൃഷ്ണദീപ് ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

## Article Content

കണ്ണൂർ: കണ്ണൂർ ചാലോട് കാര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചാമത്തെയാളും മരിച്ചു. തൃശ്ശൂര്‍ തിരുവമ്പാടി സ്വദേശി ആദിത്യ കൃഷ്ണദീപ് ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

തൃശ്ശൂര്‍ പൂങ്കുന്നം അസ്സറ്റ് പ്ലാറ്റിന ഫ്‌ലാറ്റില്‍ താമസിക്കുന്ന നാവികസേന ഉദ്യോഗസ്ഥന്‍ എ പി പ്രദീപിന്റെയും ഹണിയുടെയും മകനാണ് ആദിത്യ കൃഷ്ണദീപ്. വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ബെംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന സംഘം സഞ്ചരിച്ച കാര്‍ മരത്തിലിടിച്ചാണ് അപകടമുണ്ടായത്.

വാഹനാപകടത്തില്‍ ഇന്നലെ നാല് മരണം സ്ഥിരീകരിച്ചിരുന്നു. രണ്ട് മലയാളികളും രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളുമാണ് അപകടത്തിൽ മരിച്ചത്. അഞ്ച് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഒരാള്‍ അപകടസ്ഥലത്ത് വെച്ചും മൂന്ന് പേര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.

കൂടാളിയില്‍ അര്‍ദ്ധരാത്രിയോടെയായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട കാര്‍ മരത്തില്‍ ഇടിക്കുകയായിരുന്നു. മരത്തില്‍ ഇടിച്ച് തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് ഫയര്‍ഫോഴ്സ് ഉള്ളില്‍ ഉള്ളവരെ പുറത്തെടുത്തത്. പരം ഛേദ്രി, ഹര്‍ഷ്, റിസ്വാന്‍, ഷാന്‍ എന്നിവരാണ് മരിച്ച മറ്റ് വ്യക്തികൾ.

ബെംഗളൂരുവിലെ ബിഎംഎസ് കോളേജിൽ നിന്ന് പാസ് ഔട്ടായ ഇവർ ബംഗളുരുവിൽ ജോലി ചെയ്യുകയായിരുന്നു. പഠനകാലം മുതൽ അടുത്ത സുഹൃത്തുക്കളായിരുന്നു ഇവർ. അടുത്ത ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അലവില്‍ സ്വദേശിയായ ഷാന്‍ തന്റെ കൂട്ടുകാരുമൊത്ത് നാട്ടിലേക്ക് വരികയായിരുന്നു അപകടം. ബെംഗളൂരുവില്‍ നിന്ന് വൈകീട്ട് പുറപ്പെട്ട സംഘം വീട്ടിലെത്താന്‍ അര മണിക്കൂര്‍ മാത്രം ശേഷിക്കെയാണ് അപകടമുണ്ടായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/371982/kannur)