---
title: "വയനാടിന്റെ യാത്രാദുരിതത്തിന് പരിഹാരം: ബദൽ പാതകൾ ഉടൻ വേണമെന്ന് കെ.സി.വൈ.എം"
english_title: "KCYM Mananthavady Urges Govt to Implement Wayanad Bypass Roads Urgently"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/372052/kcym-mananthavady-urges-govt-to-implement-wayanad-bypass-roads-urgently"
published_at: "2026-07-13T06:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a543f6acd4cb_1000171588.jpg"
keywords: []
---

# വയനാടിന്റെ യാത്രാദുരിതത്തിന് പരിഹാരം: ബദൽ പാതകൾ ഉടൻ വേണമെന്ന് കെ.സി.വൈ.എം

> **Lead Summary:** മാനന്തവാടി: കടുത്ത യാത്രാദുരിതം നേരിടുന്ന വയനാട് ജില്ലയ്ക്ക് അടിയന്തര ആശ്വാസം നൽകാൻ രണ്ട് ബദൽ പാതകൾ ഉടൻ നടപ്പിലാക്കണമെന്ന് കെ.സി.വൈ.എം. മാനന്തവാടി രൂപത സെനറ്റ് സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

മാനന്തവാടി: കടുത്ത യാത്രാദുരിതം നേരിടുന്ന വയനാട് ജില്ലയ്ക്ക് അടിയന്തര ആശ്വാസം നൽകാൻ രണ്ട് ബദൽ പാതകൾ ഉടൻ നടപ്പിലാക്കണമെന്ന് കെ.സി.വൈ.എം. മാനന്തവാടി രൂപത സെനറ്റ് സമ്മേളനം ആവശ്യപ്പെട്ടു.

പൂഴിത്തോട്-പടിഞ്ഞാറത്തറ, തലപ്പുഴ-അമ്പായത്തോട് ബദൽ പാതകളാണ് അടിയന്തരമായി യാഥാർത്ഥ്യമാക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് അഭ്യർത്ഥിച്ചത്. ദ്വാരക കോർപ്പറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന രൂപതയുടെ 32-ാമത് അർദ്ധവാർഷിക സെനറ്റ് സമ്മേളനത്തിലാണ് ഈ നിർണായക പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാന സിൻഡിക്കേറ്റ് അംഗം വിമൽ കൊച്ചുപുരയ്ക്കൽ ആണ് പ്രമേയം അവതരിപ്പിച്ചത്.

നിർമ്മാണം നീണ്ടുകിടക്കുന്ന ചുരം റോഡുകളും അടച്ചിടലും കാരണം വയനാട്ടുകാർ കടുത്ത യാത്രാക്ലേശം അനുഭവിക്കുകയാണ്. രോഗികൾ, വിദ്യാർത്ഥികൾ, വ്യാപാരികൾ എന്നിവരെല്ലാം പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിലാണ് ബദൽ പാതകൾക്ക് സമ്മേളനം ഊന്നൽ നൽകിയത്.

സമ്മേളനം മുൻ രൂപത ഡയറക്ടറും കോർപ്പറേറ്റ് അസോസിയേറ്റ് മാനേജരുമായ ഫാ. റോബിൻ പടിഞ്ഞാറയിൽ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് നിഖിൽ ചൂടിയാങ്കൽ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. സാന്റോ അമ്പലത്തറ ആമുഖപ്രഭാഷണം നടത്തി.

ചടങ്ങിൽ സമുദായ ശക്തീകരണ വർഷത്തിലെ തിരക്കഥാ മത്സര വിജയികൾക്കും ലഹരി വിരുദ്ധ 'റെഡ് റിബൺ' ക്യാമ്പയിനിലും പരിസ്ഥിതി സംരക്ഷണത്തിനായി നടത്തിയ 'ഗ്രീൻ ഫ്യൂച്ചർ' വാരാചരണത്തിലും മികച്ച പ്രവർത്തനം കാഴ്ചവെച്ച യൂണിറ്റുകൾക്കും മേഖലകൾക്കും ഉപഹാരങ്ങൾ വിതരണം ചെയ്തു. ജനറൽ സെക്രട്ടറി റോബിൻ ബിജു വടക്കേക്കര സ്വാഗതവും സെക്രട്ടറി ദിവ്യ പാട്ടശ്ശേരിയിൽ നന്ദിയും പറഞ്ഞു.

 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/372052/kcym-mananthavady-urges-govt-to-implement-wayanad-bypass-roads-urgently)