---
title: "പരീക്ഷാ ഹാളിൽ മൊബൈൽ ഉപയോഗിച്ച് കോപ്പിയടി; KSEB ജീവനക്കാരൻ അറസ്റ്റിൽ, ഉത്തരം അയച്ച അധ്യാപകൻ ഒളിവിൽ"
english_title: "KGCE Exam Cheating Case: KSEB Employee Arrested in Kannur, Teacher Who Sent Answers Absconding"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/372509/kannur-kgce-exam-cheating-kseb-employee-arrested-teacher-absconding"
published_at: "2026-07-15T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a573c24be828_1000220908.jpg"
keywords: ["Exam Cheating", "Mobile Copying", "KSEB Employee", "WhatsApp Group", "Teacher Absconding"]
---

# പരീക്ഷാ ഹാളിൽ മൊബൈൽ ഉപയോഗിച്ച് കോപ്പിയടി; KSEB ജീവനക്കാരൻ അറസ്റ്റിൽ, ഉത്തരം അയച്ച അധ്യാപകൻ ഒളിവിൽ

> **Lead Summary:** **കണ്ണൂർ: **പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ച കേസിൽ കാസർകോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ. കെഎസ്ഇബി താൽക്കാലിക ജീവനക്കാരനായ ജനാർദനയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

## Article Content

**കണ്ണൂർ: **പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ച കേസിൽ കാസർകോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ. കെഎസ്ഇബി താൽക്കാലിക ജീവനക്കാരനായ ജനാർദനയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കാസർകോട് പൈവളിഗെ കുരുടപ്പദവ് സദൻഗയ ഹൗസിലെ എസ്. ജനാർദന (36) ആണ് അറസ്റ്റിലായത്. ഈ മാസം ഒന്നിന് മട്ടന്നൂർ പോളിടെക്നിക് കോളജിൽ നടന്ന കേരള ഗവ. സർട്ടിഫിക്കറ്റ് എക്സാമിനേഷൻ (KGCE) എഴുതുന്നതിനിടെയാണ് കോപ്പിയടി പിടിക്കപ്പെട്ടത്.കെഎസ്ഇബിയിൽ ജനാർദന്റെ നിയമനം സ്ഥിരമാകണമെങ്കിൽ ഈ പരീക്ഷ പാസാകേണ്ടതുണ്ടായിരുന്നു. ഇതിനായി കണ്ണൂർ മോഡേൺ ഐടിഐയിൽ നടന്ന പരീക്ഷാ ക്ലാസിൽ ഇയാൾ പങ്കെടുത്തിരുന്നു.

അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. കണ്ണൂർ മോഡേൺ ഐടിഐയിലെ അധ്യാപകനായ വടകര സ്വദേശി സുരേഷ് ബാബുവാണ് വാട്സ്ആപ്പ് വഴി ജനാർദന് ഉത്തരങ്ങൾ അയച്ചുകൊടുത്തതെന്ന് പൊലീസ് കണ്ടെത്തി. സുരേഷ് ബാബു തന്നെ അഡ്മിനായുള്ള ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് ഉത്തരങ്ങൾ വിതരണം ചെയ്തിരുന്നത്.

സംഭവത്തിന് പിന്നാലെ സുരേഷ് ബാബു ഒളിവിൽ പോയി.ജനാർദനയെ കൂടാതെ 21 പേർ കൂടി ഈ പരീക്ഷാകേന്ദ്രത്തിൽ പരീക്ഷ എഴുതിയിട്ടുണ്ട്. ഇവർക്കും ഇതേ രീതിയിൽ ഉത്തരങ്ങൾ ലഭിച്ചിട്ടുണ്ടോ എന്ന സംശയത്തിലാണ് പൊലീസ്. ഇവരെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.കൂത്തുപറമ്പ് എസിപി സി.ബി. ടോമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജനാർദനയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സുരേഷ് ബാബുവിനായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/372509/kannur-kgce-exam-cheating-kseb-employee-arrested-teacher-absconding)