---
title: "കണ്ണൂരിൽ പകർച്ചവ്യാധി പ്രതിരോധ പരിശോധന; 1299 സ്ഥാപനങ്ങൾ പരിശോധിച്ചു, 20 എണ്ണത്തിന് നോട്ടീസ്"
english_title: "Kannur Health Dept Inspects 1299 Institutions, Issues Notices to 20 for Health Violations"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/372573/kannur-health-inspection-1299-institutions-notice-20"
published_at: "2026-07-15T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5774db8b812_1000220987.jpg"
keywords: ["Kannur Health Department", "Disease Prevention", "Food Safety", "Public Health"]
---

# കണ്ണൂരിൽ പകർച്ചവ്യാധി പ്രതിരോധ പരിശോധന; 1299 സ്ഥാപനങ്ങൾ പരിശോധിച്ചു, 20 എണ്ണത്തിന് നോട്ടീസ്

> **Lead Summary:** **കണ്ണൂർ: **ജില്ലയിൽ ഭക്ഷ്യ-ജലജന്യ പകർച്ചവ്യാധികൾ തടയുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ 20 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദേശപ്രകാരം ജില്ലാ ആരോഗ്യ വകുപ്പിന്റെ പ്രത്യേക സ്ക്വാഡാണ് പരിശോധന നടത്തിയത്.

## Article Content

**കണ്ണൂർ: **ജില്ലയിൽ ഭക്ഷ്യ-ജലജന്യ പകർച്ചവ്യാധികൾ തടയുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ 20 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദേശപ്രകാരം ജില്ലാ ആരോഗ്യ വകുപ്പിന്റെ പ്രത്യേക സ്ക്വാഡാണ് പരിശോധന നടത്തിയത്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, ഹോസ്റ്റലുകൾ ഉൾപ്പെടെ 1299 സ്ഥാപനങ്ങളിലാണ് പരിശോധന പൂർത്തിയാക്കിയത്.637 വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 527 അങ്കണവാടികളിലും അനാഥ മന്ദിരങ്ങൾ, വൃദ്ധസദനങ്ങൾ, മദ്രസകൾ, ഹോസ്റ്റലുകൾ എന്നിവ ഉൾപ്പെടെ 135 സ്ഥാപനങ്ങളിലും ഭക്ഷ്യ ശുചിത്വമാണ് പ്രധാനമായും പരിശോധിച്ചത്.

പൊതുജനാരോഗ്യ നിയമപ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാത്ത 20 സ്ഥാപനങ്ങൾക്കാണ് നോട്ടീസ് നൽകിയത്. പുകവലി നിരോധിത ബോർഡുകൾ സ്ഥാപിക്കാത്ത സ്ഥാപനങ്ങൾക്ക് കോട്ട്പ ആക്ട് പ്രകാരം പിഴയും ഈടാക്കി.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ രൂപീകരിച്ച സ്പെഷ്യൽ സ്ക്വാഡ്, ലോക്കൽ പബ്ലിക് ഹെൽത്ത് ഓഫീസർ, ഹെൽത്ത് സൂപ്പർവൈസർ, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്.

തുടർന്നുള്ള ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/372573/kannur-health-inspection-1299-institutions-notice-20)