---
title: "നെന്മാറ ഇരട്ടക്കൊല കേസ്: പ്രതി ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച, പരമാവധി ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ"
english_title: "Nemmara Double Murder Case Verdict Against Chenthamara on Monday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/372759/nemmara-double-murder-case-chenthamara-verdict-monday"
published_at: "2026-07-16T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a58a467e0391_1000221161.jpg"
keywords: ["Nemmara Murder Case", "Chenthamara", "Palakkad Court", "Double Murder", "Kerala Crime"]
---

# നെന്മാറ ഇരട്ടക്കൊല കേസ്: പ്രതി ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച, പരമാവധി ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ

> **Lead Summary:** **പാലക്കാട്: **നെന്മാറ പോത്തുണ്ടിയിൽ 2025 ജനുവരി 27ന് നടന്ന ഇരട്ടക്കൊല കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച പ്രസ്താവിക്കും. പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് വിധി പറയുക.

## Article Content

**പാലക്കാട്: **നെന്മാറ പോത്തുണ്ടിയിൽ 2025 ജനുവരി 27ന് നടന്ന ഇരട്ടക്കൊല കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച പ്രസ്താവിക്കും. പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് വിധി പറയുക.

വിധി പറയുന്ന സമയത്ത് മിറ്റിഗേഷൻ റിപ്പോർട്ട് പരിഗണിക്കരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ആദ്യം കൊലപാതകം നടത്തിയ ശേഷം പ്രതിയെ തിരുത്താൻ സംവിധാനം തയാറായില്ല. പ്രതിക്ക് അനുകൂലമായ രീതിയിൽ തയാറാക്കിയ മിറ്റിഗേഷൻ റിപ്പോർട്ട് അംഗീകരിക്കാനാകില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ടു.

ജയിലിൽ ജോലി ചെയ്ത് കിട്ടുന്ന പണം കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്ക് നൽകാമെന്ന പ്രതിയുടെ വാദവും പ്രോസിക്യൂഷൻ നിരസിച്ചു.

2025 ജനുവരി 27നാണ് പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം സമീപത്തെ മലയിലേക്ക് കടന്ന പ്രതിയെ തണ്ടർബോൾട്ടിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ ജനുവരി 29ന് രാത്രിയാണ് പിടികൂടിയത്.

2026 ഫെബ്രുവരി 23നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. 81 സാക്ഷികളിൽ 46 പേരുടെ മൊഴികൾ കോടതി പ്രതിക്ക് വായിച്ചുകേൾപ്പിച്ചു. എല്ലാ ആരോപണങ്ങളും ചെന്താമര നിഷേധിച്ചു. കഴിഞ്ഞയാഴ്ചയോടെ കോടതി അന്തിമ വാദങ്ങൾ പൂർത്തിയാക്കിയിരുന്നു.

2025 ഒക്ടോബർ 18ന് സജിത വധക്കേസിൽ ചെന്താമരയ്ക്ക് ഇതേ കോടതി ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/372759/nemmara-double-murder-case-chenthamara-verdict-monday)